മുക്കം: ലോകപരിസ്ഥിതി ദിനത്തില്‍ ഔഷധ സസ്യങ്ങള്‍ നട്ടും ഔഷധ ഫാക്ടറിയിലേക്ക് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചും കക്കാട് ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ആരോഗ്യ-പരിസ്ഥിതി ബോധം വളര്‍ത്തുന്നതിനായി മുക്കം താഴെക്കോട് വില്ലേജിലെ കച്ചേരി ഹെര്‍മാസ് യൂനാനി ഹെര്‍ബല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയിലേക്കായിരുന്നു ഫീല്‍ഡ് ട്രിപ്പ്.
നമ്മുടെ ചുറ്റുമുള്ള വിവിധ സസ്യങ്ങളുടെ കായും പൂവും വേരും കമ്പുമെല്ലാം ഉപയോഗിച്ച് നിര്‍മിച്ച വിവിധ യൂനാനി മരുന്നുകളും ഗുളികകളും ലേഹ്യവുമെല്ലാം അവിടെ ഉണ്ടായിരുന്നു. ഇവ ശാസ്ത്രീയമായി ഉണ്ടാക്കുന്ന വിവിധ ഘട്ടങ്ങളും അവയുടെ ലാബ് പരിശോധന മുതല്‍ പാക്കിംഗ് വരെയുള്ള വിവിധ പ്രോസസിംഗ് രീതികളുമെല്ലാം കമ്പനി അധികൃതര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു.
മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളുമായി ബന്ധപ്പെട്ട രോഗത്തിനുള്ള ചികിത്സ, പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളിലൂടെ പാര്‍ശ്വഫലങ്ങളിലാതെ എങ്ങനെ ചികിത്സ നടത്താം, രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ആവശ്യമായത്, ജീവിതശൈലി വൈകല്യങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ആവശ്യമായ മരുന്നുകളാണ് ഇവിടെ ശാസ്ത്രീയമായി തയ്യാറാക്കുന്നത്. സ്ഥാപനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ റഷാദ് കെ.ടി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
യു.എല്‍.സി.സി സഹകരണത്തോടെ ഔഷധ സസ്യങ്ങളും നട്ടു. സ്‌കൂള്‍ എച്ച്.എം ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി വൈസ് ചെയര്‍മാന്‍ മുനീര്‍ പാറമ്മല്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.പി ഷഹനാസ് ബീഗം, സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ്, അധ്യാപകരായ ഷാക്കിര്‍ പാലിയില്‍, ജി ഷംസുദ്ദീന്‍, അബ്ദുറഹീം നെല്ലിക്കാപറമ്പ്, യു.എല്‍.സി.സി സൈറ്റ് സൂപ്പര്‍വൈസര്‍ സില്‍ജോ ദേവസ്യ, ലിജീഷ് സി.കെ, റനില്‍ ടി.കെ, അരുണ്‍ തുടങ്ങിയവര്‍ നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
