കുടുംബ സംവിധാനം തകര്‍ക്കുന്നതിനെതിരെ ജാഗ്രത വേണം: വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

കുടുംബ സംവിധാനം തകര്‍ക്കുന്നതിനെതിരെ ജാഗ്രത വേണം: വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

കോഴിക്കോട്: ധാര്‍മ്മിക, സദാചാര മൂല്യങ്ങള്‍ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവര്‍ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി കടപ്പുറത്ത് സംഘടിപ്പിച്ച ജില്ലാ ഫാമിലി കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.’വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിലാണ് ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

വസ്ത്ര ധാരണത്തിലടക്കം മതപരമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെ ശബ്ദിക്കുന്നവര്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങളെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷം വരുന്ന മത വിശ്വാസികള്‍ക്കു മേല്‍ മതവിരുദ്ധ ആശയങ്ങള്‍ പാഠ്യപദ്ധതി വഴി കുതന്ത്രത്തിലൂടെ ഒളിച്ചു കടത്താനുള്ള ചിലരുടെ ശ്രമങ്ങളെ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിടണം.

ലിവിംഗ് റ്റുഗതര്‍ എന്ന അധാര്‍മിക ജീവിത രീതിക്കെതിരേ ബഹു.കേരള ഹൈക്കോടതിയുടെ നിരീക്ഷണം ആശാവഹമാണ്. ഈ ജീവിതരീതിക്കെതിരെ സമൂഹം കടുത്ത ജാഗ്രത പുലര്‍ത്തണം.

പുരോഗമന ചിന്തയുടെ മറവില്‍ സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം ധാര്‍മ്മിക മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

നിയമ നിര്‍മ്മാണത്തിലുടെ മാത്രം സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നടപ്പില്‍ വരുത്തുക സാധ്യമല്ല. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും കുടുംബ സംവിധാനത്തില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്നും, ഈ സമീപനത്തില്‍ വര്‍ത്തമാന സമൂഹം വരുത്തിയ മാറ്റങ്ങളാണ് കുടുംബ ശൈഥില്യങ്ങള്‍ക്ക് കാരണമായിത്തീരുന്നതെന്നും കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.

കുടുംബ ബന്ധങ്ങളുടെ പവിത്രത വീണ്ടെടുക്കാനും, പുതു തലമുറയില്‍ പൗരബോധം വളര്‍ത്തിയെടുക്കാനും മഹല്ല് തലങ്ങളില്‍ പ്രത്യേക ബോധവല്‍ക്കരണം ശക്തമാക്കണമെന്നും ജില്ലാ ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.

ഭരണാധികാരികള്‍ തന്നെ നിരന്തരം വര്‍ഗ്ഗീയത പറയുന്നത് ദുരുപതിഷ്ഠിതമാണ്. കുടുംബങ്ങളില്‍ കുടുംബ നാഥരെ പോലെ രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പ് വരുത്തേണ്ടവരാണ് ഭരണാധികാരികളെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

പ്രമുഖ വിശൂദ്ധ ക്വുര്‍ആന്‍ വിവര്‍ത്തകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കുഞ്ഞി മുഹമ്മദ് പറപ്പൂര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് വി.ടി. ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി., അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ., ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ എന്നിവര്‍ അതിഥികളായി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ കെ സജ്ജാദ്, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എ.എം. ജംസീര്‍, വിസ്ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി സുഹൈല്‍ കല്ലായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേരള പി.എസ്.സി. മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സംഘടന പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിന്‍ സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധീന്‍ സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, റഷീദ് കുട്ടമ്പൂര്‍, ശിഹാബ് എടക്കര, സഫുവാന്‍ ബറാമി അല്‍ ഹിക്മി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി അബ്ദു റസാഖ് അത്തോളി സ്വാഗതവും ജോയിന്റ് സെക്രട്ടറി അഷ്‌റഫ് കല്ലായി നന്ദിയും പറഞ്ഞു.

 

 

കുടുംബ സംവിധാനം തകര്‍ക്കുന്നതിനെതിരെ ജാഗ്രത വേണം:
വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

 

Share

Leave a Reply

Your email address will not be published. Required fields are marked *