ബെംഗളൂരു: ലൈംഗിക പീഡനത്തിനും അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ചതിനും കുടുങ്ങിയ ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കി പ്രത്യേക അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി സംഘം ശനിയാഴ്ച പ്രജ്വലിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ രാജ്യം വിട്ട പ്രജ്വലിനെ കണ്ടെത്താന്‍ മറ്റു രാജ്യങ്ങളുടെ സഹായം തേടി കര്‍ണാടക സര്‍ക്കാര്‍ സി.ബി.ഐയേയും സമീപിച്ചു.
ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ നിര്‍ദേശ പ്രകാരം എസ്.ഐ.ടി ആദ്യം രണ്ടുപേര്‍ക്കുമെതിരേ ഒരു ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇപ്പോള്‍ രാജ്യം വിട്ട പ്രജ്വലിന് പുറമെ എച്ച്.ഡി രേവണ്ണയും രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകുന്നേരം വരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും സമയമുണ്ടെന്ന് പരമേശ്വര ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു.
പീഡനദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മുന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകന്‍ കൂടിയായ പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് പോയെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിന് ഇരയായ സത്രീകള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
പ്രജ്വലിനെതിരെ വീണ്ടും ലുക്കൗട്ട് നോട്ടീസ്