ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ പോളിങ്ങിന് കേരളത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് തിരിച്ചു.ഇന്നലെ പരസ്യ പ്രചാരണം കഴിഞ്ഞതോടെ സംസ്ഥാനത്തെ എല്ലാ സ്ഥാനാര്‍ഥികളും നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ്.സംസ്ഥാനത്ത് ആകെ 25,358 ബൂത്തുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാരാണുള്ളത്. അതില്‍ 6,49,833 പേര് പുതിയ വോട്ടര്‍മാരാണ്.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാര്‍ഥികളുമുണ്ട്.
വോട്ടവകാശമുള്ള എല്ലാവരും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ വോട്ട് ചെയ്യുന്ന രീതിയും തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരിച്ചു. വോട്ട് ചെയ്ത ശേഷം വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും ബാക്കി ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിച്ചിട്ടുണ്ട്. ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.