ജീവിതത്തില്‍ നമ്മള് എന്നും വിദ്യാര്‍ത്ഥിയായിരിക്കും. ജനനം മുതല്‍ മരണം വരെ നമ്മള് പഠിച്ചു കൊണ്ടേയിരിക്കുന്നു. അറിവിന്റെ സ്വഭാവം തന്നെ അങ്ങനെയാണ്. അറിവു നേടുന്തോറും അറിവു ബാക്കിയായി മാറുന്നു. പ്രകൃതിയേപ്പോലും നമുക്ക് പൂര്‍ണ്ണമായി പഠിക്കാനാവുന്നില്ല. അത്യാഹിതങ്ങള്‍ അനുഭവങ്ങള്‍ വന്നു ചേരുമ്പോള്‍ അത് പുതിയ അറിവായി ഭവിക്കുന്നു. ജീവിതം നല്കുന്ന ഒരോ പാഠവും നമ്മുക്ക് പുതിയ അറിവാണ് നല്‍കുക. ഒരുവന് അന്വഷിക്കേണ്ടതായ ചോദ്യങ്ങള്‍ ജീവിതത്തിലുണ്ട്. പ്രഥമത്തില് ഞാന്‍ ആരാണ്? അതു കണ്ടെത്താന്‍ പലരും മടിക്കാറുണ്ട്. മനുഷ്യന്റെ ജന്മവും ജന്മം കൊണ്ടുള്ള ഉദ്ദേശവും നാം അറിഞ്ഞാലെ ഞാന്‍ ആരെന്ന ചോദ്യത്തിനുത്തരമാകൂ. പലരും തയ്യാറാകാത്ത ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തുക ഒരുവന്റെ കര്‍ത്തവ്യമത്രെ. ആദ്യം അവനവനെ അറിയുക. അതിനു ശേഷം അപരനെ അറിയുക. പഞ്ചഭുതങ്ങളാല്‍ നിര്‍മ്മിതമായ മനുഷ്യ ശരീരത്തില്‍ ജ്വലിച്ചു നില്ക്കുന്ന ആത്മാവുണ്ട്. ശരീരത്തേയും ആത്മാവിനേയും അറിയുന്നവന് ദൈവത്തേ അറിയും. ദൈവം നല്കിയ ജീവനും ശരീരവും ഈശ്വര സേവക്കുള്ളതാണ്. ഈശ്വരന്റെ സ്വത്തായ ഈ ഭുമി പ്രപഞ്ചം മനുഷ്യന് കവര്‍ന്നെടുക്കുകയാണ്. അന്യന്റെ മുതല്‍ കവരുക തെറ്റല്ലേ. ഈശ്വരന്റെ വകകള്‍ കയ്യടക്കി ഈശ്വര ചിന്തയില്ലാതിരിക്കുക ഏറെ അപരാധമല്ലേ. ആരു ചിന്തിക്കുന്നു. ഒടുങ്ങുന്ന ആയുസ്സിനെപ്പോലും ചിന്തിക്കുന്നില്ല. അറിവിന്റെ പ്രമാദത്തില്‍ ചിലര്‍ എല്ലാം തികഞ്ഞുവെന്ന അഹങ്കാരവും മറ്റു ചിലര്‍ തിന്നും കുടിച്ചും മദിച്ചും രമിച്ചും കഴിയുന്നു. മരണം പടിവാതില്ക്കല് വന്നു കയറുമ്പോഴായിരിക്കും പലരും ബോധവാന്മാരാകുന്നത്. അടുത്ത ചോദ്യം എങ്ങനെ ജീവിക്കണം എന്നതാണ്. ഈ ചോദ്യത്തിനു തൃപ്തിയായിട്ട് ഒരു ഉത്തരം കിട്ടില്ല. കാരണം ആര്‍ക്കും അറിയില്ലായെന്നതാണ് പരമാര്‍ത്ഥം. നമ്മുടെ ജീവിതം ധന്യതയില്‍ കൊണ്ടുവരണമെങ്കില്‍ ആദ്യം പ്രകൃതിയെ അറിയണം. പ്രകൃതി നിയമങ്ങള്‍ക്കനുസരണം ജീവിക്കാന്‍ ശ്രമിക്കണം. നമ്മടെ കര്‍മ്മങ്ങളെ ചിട്ടപ്പെടുത്തുവാനുള്ള മനസ്സിന് നിയന്ത്രണം വേണം. നല്ലതും ചീത്തയുമായ പ്രവൃത്തികളെ തിരിച്ചറിഞ്ഞിരിക്കണം. നിര്‍ബന്ധമായും നമ്മുടെ ചിന്തയും പ്രവൃത്തിയും അപരനു ദോഷം ഭവിക്കരുത്. ഇത്രയുമെങ്കിലും ചെയ്യാനായാല്‍ സദ്ഗുണങ്ങളുടെ വിളനിലമായി മനുഷ്യന് മാറും. അവിടെ അവന് ഈശ്വരനെ അറിയാന്‍ കഴിയുന്നു. ഈശ്വരസാക്ഷാത്കാരമാണ് മനുഷ്യ ജീവിതമെന്നും മനസ്സിലാക്കാനാകുന്നു. ഈ നിലവാരത്തില്‍ എത്തുന്നവന് സ്വയം അറിയും ഇനിയും ഒട്ടേറെ അറിവുകള്‍ ജീവിതത്തില്‍ ബാക്കിയാണെന്നും വാര്‍ദ്ധക്യത്തില്‍ പോലും വിദ്യാര്‍ത്ഥിയാണെന്നും ഉള്ള ബോധം മനസ്സിന്റെ നിര്മ്മലതയ്ക്കും മനുഷ്യത്വത്തിനും മാറ്റുകൂട്ടും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന് നായര്‍
Mob. 9867 24 2601
ഇന്നത്തെ ചിന്താവിഷയം
പഠിക്കണം ഇല്ലെങ്കില്‍ പതിയ്ക്കണം