ലോക് സഭാ സ്ഥാനാര്‍ത്ഥികളും, ബിജെപി നോതാക്കളുമായ അനില്‍ ആന്റണിക്കും ശോഭ സുരേന്ദനും പണം കൈമാറിയെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഇതു സംബന്ധിച്ചുള്ള ചിത്രങ്ങളും ഫോണ്‍ നമ്പറുകളും നന്ദകുമാര്‍ പുറത്തുവിട്ടു. തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാന്റിംഗ് കൗണ്‍സിലില്‍ നിയമിക്കാനാണ് 25 ലക്ഷം രൂപ അനില്‍ തന്റെ കയ്യില്‍ നിന്ന് വാങ്ങിയെന്നാണ് നന്ദകുമാറിന്റെ ആരോപണം. പി.ജെ കുര്യന് സാക്ഷിയാണെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. അനില്‍ ആന്റണിക്ക് ഇതിനൊക്കെ കൂട്ടു നില്‍ക്കുന്നത് ആന്‍ഡ്രൂസ് ആന്റണിയാണെന്നും കാലാകാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇപ്പോള്‍ ഇവര്‍ എന്‍ഡിഎയ്ക്കൊപ്പമാണെങ്കില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ സംഘം അവര്‍ക്കൊപ്പം പോകുമെന്നും നന്ദകുമാര്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയാണെന്നും പണം കടമായി ആവശ്യപ്പെട്ടാണ് ശോഭ സുരേന്ദ്രന് തന്നെ സമീപിച്ചത്. എന്നാല്‍, പണം കടമായി കൊടുക്കാന്‍ താന്‍ ബാങ്കല്ലെന്ന് അറിയിച്ചപ്പോള്‍ തൃശൂരിലെ ശോഭയുടെ പേരിലുള്ള വസ്തു തനിക്ക് നല്‍കാമെന്നു പറഞ്ഞു അതിന്റെ രേഖകളെല്ലാം കൈമാറി.അതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് പത്തു ലക്ഷം നല്‍കിയതെന്നും നന്ദകുമാര്‍. ഇതിന്റെ രസീതും നന്ദകുമാര്‍ പുറത്തുവിട്ടു. എന്നാല്‍, ഈ വസ്തു കാണാന്‍ പോയപ്പോഴാണ് ഇതേവസ്തു നല്‍കാമെന്ന് പറഞ്ഞ് മറ്റു രണ്ടുപേരില്‍ നിന്ന് ശോഭ പണം കൈപ്പറ്റിയത് അറിയാന്‍ സാധിച്ചത്. അതിനാല്‍ വസ്തു ഇടപാട് നടന്നില്ല. പിന്നീട് പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരിച്ചു നല്‍കിയില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു.
26ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി തെളിവുകള്‍ പുറത്ത് വിടും. തനിക്കെതിരെ കേസ് വന്നാല്‍ പണമിടപാടിന് ഇടനില നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന് സാക്ഷിയാവുമെന്നും നന്ദകുമാര്‍ പറഞ്ഞു.
എന്നാല്‍ നന്ദകുമാറിന്റെ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് അനില്‍ ആന്റണി ആരോപിച്ചു. നന്ദകുമാറിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി
അനില്‍ ആന്റണി 25 ലക്ഷവും, ശോഭ സുരേന്ദ്രന്
10 ലക്ഷവും വാങ്ങിയെന്ന് ദല്ലാള്‍ നന്ദകുമാര്‍