കോഴിക്കോട്: മോദിയേക്കാള്‍ പിണറായി വിജയനാണ് ബിജെപിയുടെ താര പ്രചാരകനെന്ന് കെപിസിസി പ്രസിഡണ്ട് എം.എം.ഹസ്സന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ ബിമന്‍ ബസുവും, തൃപുരയില്‍ മണിക് സര്‍ക്കാരും ഇന്ത്യാ മുന്നണിക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പിണറായി രാഹുല്‍ ഗാന്ധിയേയും, കോണ്‍ഗ്രസിനെയുമാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. മോദിക്കെതിരെയോ, മോദി ഭരണത്തിന്റെ കൊള്ളരുതായ്മകളെക്കുറിച്ചോ പിണറായി മിണ്ടുന്നില്ല. സിപിഎം-ബിജെപി അന്തര്‍ധാരയുള്ളതിനാലാണ്, മോദി കേരളത്തില്‍ ബിജെപി രണ്ടക്ക വിജയം അവകാശപ്പെടുന്നത്. സി.പി.എം മത്സരിക്കാത്ത, ഘടക കക്ഷി മത്സരിക്കുന്ന രണ്ട് സീറ്റുകളില്‍ ഈ അന്തര്‍ധാരയുണ്ട്. ഇത് ഏതാണെന്ന് കണ്ടെത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും, എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ ഇക്കാര്യം തിരിച്ചറിയുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയോട് പിണറായി എടുക്കുന്ന സമീപനം കൊണ്ടാണ് ലാവ്‌ലിന്‍ കേസും, വീണ വിജയന്റെ പേരിലുള്ള കേസും അനന്തമായി നീണ്ട് പോകുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറയുന്നത്. 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ 50 രൂപയായിരുന്ന പെട്രോള്‍ വില ഇന്ന് 110 രൂപയിലധികമാണ്. ഇത്തരം പ്രഖ്യാപനങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ കളിയാക്കുകയാണ് മോദി ചെയ്യുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളുടെ പിച്ച ചട്ടിയില്‍ കൈയിട്ട് വാരുകയാണ്. അധികാരത്തില്‍ വരുന്നതിന് മുന്‍പ് മുഴുവന്‍ കള്ളപ്പണവും പിടിക്കും, രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ എക്കൗണ്ടിലേക്കും 15 ലക്ഷം രൂപ വീതം എത്തിക്കും എന്നൊക്കെയായിരുന്നു മോദി നല്‍കിയ വാഗ്ദാനങ്ങള്‍. കേവലം 15 രൂപയെങ്കിലും ജനങ്ങള്‍ക്ക് കിട്ടിയോ എന്നദ്ദേഹം ചോദിച്ചു.
യുവജന ക്ഷേമത്തെപ്പറ്റിയാണ് മറ്റൊരു പരാമര്‍ശം. രാജ്യത്ത് 40 ലക്ഷം തസ്തികകളില്‍ ഒഴിവുണ്ടായിട്ട് എല്ലാ മേഖലയിലും കരാര്‍ നിയമനം നടത്തുകയാണ്. കര്‍ഷക ക്ഷേമം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ
മോദിയുടെ ഭരണത്തില്‍ ഏതെങ്കിലും ഉല്‍പ്പന്നത്തിന് താങ്ങുവില നിശ്ചയിച്ചോ? സമരം ചെയ്ത കര്‍ഷകരെ വെടിവെച്ച് കൊല്ലുകയും ജയിലിലടക്കുകയുമാണ് ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ നീലഗിരിയില്‍ ഫ്‌ളയിങ് സ്‌ക്വാഡ് പരിശോധിച്ചതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററും, കേന്ദ്ര മന്ത്രിമാരുടെയും, ബിജെപി നേതാക്കളുടെയും ഹെലികോപ്റ്ററുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കുന്നില്ല. ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പോലും മോദി സര്‍ക്കാര്‍ ഇടപെടുകയാണെന്ന് എം.എം.ഹസ്സന്‍ ആരോപിച്ചു. കെ.സുരേന്ദ്രന്‍,ഹെലികോപ്റ്ററില്‍ കള്ളപ്പണം കൊണ്ട് പോയ ഓര്‍മ്മയോടെയാണോ രാഹുലിന്റെ ഹെലികോപ്റ്റര്‍ പരിശോധിച്ചതെന്നദ്ദേഹം പരിഹസിച്ചു. കരുവന്നൂര്‍ സഹകരണ തട്ടിപ്പിലും സ്വര്‍ണ്ണക്കടത്തിലും പ്രധാനമന്ത്രി എന്ത് നടപടിയെടുത്തു. ഇതെല്ലാം കാണിക്കുന്നത് സിപിഎം-ബിജെപി അന്തര്‍ധാരയുണ്ടെന്നാണ്.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.കെ.പ്രവീണ്‍കുമാര്‍, കെ.സി.അബു, അഡ്വ.കെ.ജയന്ത്, അഡ്വ.പി.എം.നിയാസ്, എന്‍.സുബ്രഹ്‌മണ്യന്‍ കെ.ബാലനാരായണന്‍, അഡ്വ.എം.രാജന്‍ എന്നിവര്‍ സംബന്ധിച്ചു.