വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായി. വി.എസിന് ഹാജരാകാന്‍ സാധിക്കാത്ത അവസ്ഥ ആയതിനാലാണ് മകന്‍ ഹാജരായത്. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് അരുണ്‍കുമാറെത്തിയത്. വി.എസിന് ഹാജരാകാന്‍ സാധിക്കാത്ത ആരോഗ്യ സ്ഥിതിയാണെന്നും അരുണ്‍ കോടതിയെ ബോധിപ്പിച്ചു.
വെള്ളാപ്പള്ളിക്കെതിരായ അഞ്ചു കേസുകള്‍ അവസാനിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് എതിരഭിപ്രായമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി അറിയിക്കണമെന്ന് കോടതി വി.എസിനോട് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മകന്‍ കോടതിയില്‍ ഹാജരായത്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ വി.എസ് നിലപാട് അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ തീരുമാനം അറിയിക്കുകയുള്ളൂവെന്നും അരുണ്‍ പറഞ്ഞു. വി.എസ് അതിനുളള ആരോഗ്യ സ്ഥിതിയിലല്ലെന്നും അരുണ്‍ വ്യക്തമാക്കി.
എസ്എന്‍ഡിപി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി എസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു.