അലഹബാദ്: ഗ്യാന്‍വാപി മസ്ജിദിലെ നിലവറയില്‍ ഹൈന്ദവര്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരായ ഹരജി നിരസിച്ച് അലഹബാദ് ഹൈക്കോടതി. ഹര്‍ജികളില്‍ ഭേദഗതിവരുത്താന്‍ മസ്ജിദ് കമ്മിറ്റിക്ക് ഫെബ്രുവരി ആറുവരെ ഹൈക്കോടതി സമയം അനുവദിച്ചു. കേസ് ഹൈക്കോടതി ആറിന് വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്.
പള്ളിയിരിക്കുന്ന മേഖലയില്‍ ക്രമസമാധാനം പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രം നല്‍കിയാണ് മസ്ജിദ് കമ്മറ്റിയുടെ ആവശ്യം ജസ്റ്റിസ് രോഹിത് രഞ്ജന്‍ അദര്‍വാള്‍ തള്ളിയത്.
ജില്ലാ മജിസ്ട്രേറ്റിനെ റിസീവറായി നിയമിച്ച ജനുവരി 17-ലെ ഉത്തരവിനെയാണ് ആദ്യം മസ്ജിദ് കമ്മിറ്റി ചോദ്യംചെയ്യേണ്ടതെന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് പറഞ്ഞു. ഇതിന് ശേഷമാണ് മസ്ജിദ് സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് ആരാധന നടത്താന്‍ അനുമതി നല്‍കിയത്.
മസ്ജിദ് കമ്മിറ്റി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി ഉടന്‍ കേള്‍ക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് അലഹാബാദ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.