കാലിഫോര്‍ണിയ: ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചു. കീബോര്‍ഡിലോ കീപാഡിലോ ടൈപ് ചെയ്യാതെ മനുഷ്യന് മനസില്‍ ചിന്തിക്കുന്നതെല്ലാം കംപ്യൂട്ടറും മൊബൈല്‍ ഫോണിലൂടെയും പകര്‍ത്തിയെടുക്കാന്‍ കഴിയുന്നതാണ് പരീക്ഷണം.
ബ്രെയിന്‍-ചിപ്പ് സ്വീകരിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നതായും പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയമാണെന്നും ഇലോണ്‍ മസ്ക് അറിയിച്ചു.
മൃഗങ്ങളിലെ പരീക്ഷണത്തിനു ശേഷം കഴിഞ്ഞവര്‍ഷം മേയിലാണ് മനുഷ്യരില്‍ ചിപ് പരീക്ഷിക്കാന്‍ ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്കിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്‍കിയത്. റോബട്ടിക് സര്‍ജറിയിലൂടെ തലച്ചോറില്‍ സ്ഥാപിക്കുന്ന ചിപ്, നാഡീവ്യൂഹവുമായി ബന്ധപ്പെടുന്നു.
തലച്ചോറില്‍നിന്നുള്ള ന്യൂറോണ്‍ സിഗ്നലുകള്‍ ചിപ് പിടിച്ചെടുത്ത് വയര്‍ലെസായി തൊട്ടടുത്തുള്ള കംപ്യൂട്ടറിലെയോ മൊബൈലിലെയോ ആപ്പിലെത്തുന്നതാണ് പരീക്ഷണം. മുടിനാരിഴയേക്കാള്‍ നേര്‍ത്ത 64 ചെറുനാരുകളാണ് ചിപ്പിലുള്ളത്. ഇതിലെ 1024 ഇലക്ട്രോഡുകളാണ് വിവരങ്ങള്‍ ഒപ്പിയെടുക്കുന്നത്. വയര്‍ലെസായി ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്.
ബ്രെയിന്‍ ഇംപ്ലാന്റിനായുള്ള ക്ലിനിക്കല്‍ ട്രയലില്‍ കഴുത്തിലെ ക്ഷതം അല്ലെങ്കില്‍ അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ് കാരണം തളര്‍വാതം ബാധിച്ച രോഗികളും ഉള്‍പ്പെടാം. അല്‍ഹൈമേഴ്സ്, പാര്ക്കിന്സണ് രോഗികള്‍ക്കും ചിപ്പ് ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം. മനുഷ്യന്റെ തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ശതകോടീശ്വരനായ മസ്ക് 2016-ല്‍ സ്ഥാപിച്ച ന്യൂറോ ടെക്നോളജി കമ്പനിയാണ് ന്യൂറാലിങ്ക്. ബ്രെയിന്‍ ചിപ്പ് കുരങ്ങന്മാരില് പരീക്ഷണം നടത്തിയതുമായി ബന്ധപ്പെട്ട് ന്യൂറാലിങ്കിനെതിരെ യു.എസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്തുവന്നിരുന്നു.
ചിപ്പുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകര്‍ കുരങ്ങുകളെ അങ്ങേയറ്റം പീഡിപ്പിക്കുന്നതായി സംഘടന പറഞ്ഞിരുന്നു.