പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്; പലയിടത്തും സംഘര്‍ഷം

പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്; പലയിടത്തും സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. വിവിധ ജില്ലകളില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. 12 മണിക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ആരംഭിച്ചത്.

എറണാകുളത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ബാരിക്കേഡ് വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ അത് മറികടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കയ്യൂക്ക് കാണിക്കേണ്ടത് പ്രതിഷേധക്കാരോടല്ല മറിച്ച് ഡിവൈഎഫ്ഐ ക്രിമിനലുകളോടാണെന്ന് ഷിയാസ് വിമര്‍ശിച്ചു. പൊലീസുകാര്‍ക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണ്. ശമ്പളം നല്‍കുന്നത് സിപിഐഎം അല്ല. എല്ലാ കാലത്തും സിപിഐഎം സംരക്ഷണം കിട്ടില്ലെന്ന് പൊലീസുകാര്‍ ഓര്‍ത്താല്‍ നന്നാവുമെന്നും ഷിയാസ് പറഞ്ഞു.

മലപ്പുറം വണ്ടൂരില്‍ പൊലീസും പ്രവര്‍ത്തകരും ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ പൊലീസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരളത്തില്‍ നവകേരള സദസല്ല മറിച്ച് ഗുണ്ടാരാജ് ആണ് നടക്കുന്നതെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. അടിയും തൊഴിയും കൊണ്ട് നില്‍ക്കാനാകില്ല, ആക്രമണം കാണിച്ച പൊലീസുകാരുടെ വീടിന് മുന്നിലായിരിക്കും ഇനി സമരമെന്നും കെ പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി കയ്യാങ്കളിയുണ്ടായി. സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നാദാപുരം സിഐയുടെ നേതൃത്വത്തില്‍ തടഞ്ഞപ്പോഴാണ് സംഘര്‍ഷര്‍ഷവസ്ഥ ഉണ്ടായത്.

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലും നേരിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തു. പ്രതിഷേധം പൊലീസുകാര്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്; പലയിടത്തും സംഘര്‍ഷം

Share

Leave a Reply

Your email address will not be published. Required fields are marked *