സിംഗിള്‍ ചാര്‍ജില്‍ 410 കിലോമീറ്ററോ? വുലിംഗ് ബിങ്കുവോ വരുമോ?..

സിംഗിള്‍ ചാര്‍ജില്‍ 410 കിലോമീറ്ററോ? വുലിംഗ് ബിങ്കുവോ വരുമോ?..

വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ ട്രെന്‍ഡിംഗ് ആയെങ്കിലും ആഗോള തലത്തിലേതു പോലെ തെരഞ്ഞെടുക്കാന്‍ ഒരുപാട് ഓപ്ഷനുകളൊന്നുമില്ലെന്നത് ശരിക്കും നിരാശപ്പെടുത്തുന്ന കാര്യമാണ്. ആഗോള വാഹന ഭീമന്‍മാരെല്ലാം വമ്പന്‍ മോഡലുകളെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാനുള്ള വലിയ പദ്ധതികളെല്ലാം അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ആഗോള വിപണിയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന ഇലക്ട്രിക് കാറുകളിലെ അടുത്ത പ്രമുഖനാണ് BYD സീഗള്‍. ചൈനയിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ബ്രാന്‍ഡ് അടുത്ത വര്‍ഷത്തോടെ ഇത് നമ്മുടെ നിരത്തുകളിലേക്കും എത്തിക്കും.

വുലിംഗ് ബിങ്കുവോ ഇന്ത്യയിലേക്കും എത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ രസകരമാവും. എംജി കോമെറ്റിനേക്കാള്‍ പ്രായോഗികമായ ഇലക്ട്രിക് കാറായതിനാലാണ് ഈയൊരു അഭിപ്രായം വന്നിരിക്കുന്നത്. പക്ഷേ ഇവിടെയെത്തുമ്പോള്‍ എംജി ബ്രാന്‍ഡിന് കീഴിലായിരിക്കും പുറത്തിറക്കുക.
ടാറ്റയും മഹീന്ദ്രയും പോലുള്ള തദ്ദേശീയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഈ വിഭാഗത്തില്‍ കൂടുതല്‍ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതും ഇതിനുള്ള തെളിവാണ്. ഹ്യുണ്ടായി, കിയ, BYD, എംജി തുടങ്ങിയ മറ്റ് ബ്രാന്‍ഡുകള്‍ പുതിയതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് വാഹനങ്ങളുമായി കളംനിറയാനാണ് ശ്രമിക്കുന്നത്. ഇവിടെ ബജറ്റ് ഫ്രണ്ട്‌ലി ഇവികളാണ് കൂടുതല്‍ ക്ലിക്കാവാന്‍ സാധ്യതയേറെയുള്ളത്.

നിലവില്‍ 3-ഡോര്‍ കോമെറ്റ് ഇവിയുടെ സമീപകാല ലോഞ്ചിലൂടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മുഖ്യധാരാ ഇലക്ട്രിക് കാര്‍ പട്ടം സ്വന്തമാക്കാനും എംജി മോട്ടോര്‍സിനായിരുന്നു. കമ്പനി ഇന്ത്യക്കായി ബിങ്കുവോ ഇവി പരിഗണിക്കുകയാണെങ്കില്‍ ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3, ടിഗോര്‍ ഇവി എന്നിവയ്ക്ക് ഇതൊരു മികച്ച എതിരാളിയാകും. കോമെറ്റിനേക്കാള്‍ കൂടുതല്‍ പ്രായോഗികമായ മോഡല്‍ എന്ന നിലയില്‍ ആളുകള്‍ക്ക് കൂടുതല്‍ അടുക്കാനും കഴിയും.

ഇന്തോനേഷ്യയില്‍ വുലിംഗ് ബിങ്കുവോ ഇവിക്ക് 19 ലക്ഷം രൂപയോളമാണ് വില വരുന്നത്. കോമെറ്റിനെ പോലെ കൂടുതല്‍ പ്രാദേശികവത്ക്കരിച്ചാല്‍ നല്ലൊരു വിലയ്ക്ക് വണ്ടിയെ ഇവിടെയും പരിഗണിക്കാനാവുന്നതാണ്. ഇതിന് 3,950 mm നീളവും 1,708 mm വീതിയും 1,580 mm ഉയരവും 2,560 mm വീല്‍ബേസും ഉണ്ട്. വരാനിരിക്കുന്ന BYD സീഗലിനേക്കാള്‍ വലുതാണ് ഈ ഇവിയെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഡിസൈനിലേക്ക് വന്നാല്‍ ഇന്തോനേഷ്യയില്‍ മൗസ് ഗ്രീന്‍, ഗാലക്‌സി ബ്ലൂ, മില്‍ക്ക് ടീ എന്നീ കളര്‍ ഓപ്ഷനുകളിലാണ് മോഡല്‍ സ്വന്തമാക്കാനാവുന്നത്. ഹെഡ്ലൈറ്റുകളിലും ടെയില്‍ ലൈറ്റുകളിലും തആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍ സിഗ്‌നേച്ചര്‍, സ്ലീക്ക് പ്രൊജക്ടര്‍ ഹെഡ്ലൈറ്റ്, വളഞ്ഞതും മിനിമല്‍ ഷീറ്റ് മെറ്റല്‍ ഡീറ്റൈലിംഗ്, വാട്ടര്‍ സ്പ്ലാഷ് ഡിസൈന്‍ 15 ഇഞ്ച് വീല്‍ കവറുകള്‍ എന്നിവയാണ് കാറിനെ അഴകുറ്റതാക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാല്‍ ഇന്ത്യയില്‍ പുറത്തിറക്കിയ എംജി കോമെറ്റ് ഇവിയുമായി കുറച്ച് സാമ്യങ്ങള്‍ കാണാന്‍ കഴിയും. ഒരേ ഹൗസിംഗില്‍ ഇരട്ട 10 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേകള്‍, പോഡ് കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍, ഗിയര്‍ സെലക്ട് ഡയല്‍ എന്നിവ കോമെറ്റിലേതിനു സമാനമാണ്. കീ ഫോബ് പോലും സമാനമാണെന്നതും രസകരമാണ്. ലെതറെറ്റ് ധരിച്ച ഡാഷ്ബോര്‍ഡും ക്ലാഡിംഗും സ്റ്റിച്ചിംഗും ഉള്ള വലിയ ഡോര്‍പാഡുകളും കാറിലുണ്ട്.

 

ചാര്‍ജിംഗ് അനുയോജ്യതയുള്ള രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് മോഡല്‍ വിപണിയിലെത്തുന്നത്. ആദ്യത്തേത് 31.9 kWh ശേഷിയില്‍ 41 bhp പവര്‍ നല്‍കുന്ന മോട്ടോറാണ്. ഇതിന് പൂര്‍ണ ചാര്‍ജില്‍ 333 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനും സാധിക്കും. രണ്ടാമത്തേത് 37.9 kWh ശേഷിയില്‍ 68 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന മോട്ടോറാണ്. ഇവിടെ സിംഗിള്‍ ചാര്‍ജില്‍ 410 കിലോമീറ്റര്‍ റേഞ്ചാണ് വുലിംഗ് ബിങ്കുവോ ക്ലെയിം ചെയ്തിരിക്കുന്നത്. വുലിംഗ് ബിങ്കുവോ ഇവി ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരുന്നത് എംജി മോട്ടോര്‍ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സിംഗിള്‍ ചാര്‍ജില്‍ 410 കിലോമീറ്ററോ? വുലിംഗ് ബിങ്കുവോ വരുമോ?..

Share

Leave a Reply

Your email address will not be published. Required fields are marked *