ചലച്ചിത്ര അക്കാദമി ഭരണ സമിതിയില്‍ രാജിയില്ലെന്നും സമിതിക്കകത്ത് ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍, ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് തള്ളി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്മാന് കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ തള്ളിയത്. വാര്‍ത്തകളില്‍ കഴിഞ്ഞ ദിവസംവന്ന ദൃശ്യങ്ങള്‍ അക്കാദമി ഭരണ സമിതിയുടെ സ്വാഭാവിക യോഗങ്ങളാണെന്നും, സമാന്തര യോഗമല്ലെന്നും സെക്രട്ടറി സി. അജോയും പ്രതികരിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും രഞ്ജിത്ത് വ്യക്തമാക്കി.കുക്കു പരമേശ്വരനുമായുള്ള തര്‍ക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കുക്കു പരമേശ്വരന് 1984 മുതല്‍ സുഹൃത്താണ്. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ വിപുലപ്പെടുത്തുമ്പോള്‍ കുക്കു പരമേശ്വരനെയും ഉള്‍പ്പെടുത്തും. താന്‍ രാജിവെക്കുന്ന സാഹചര്യം ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ രാജിക്കാര്യങ്ങള്‍ ഒന്നും പരിഗണനയിലില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നും സംവിധായകന് രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കിയെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വാര്‍ത്തകള്‍. ജനറല്‍ കൗണ്‍സിലിലെ പത്തുപേരാണ് സാംസ്കാരിക വകുപ്പ് മന്ത്രിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയതെന്ന് യോഗം ചേര്‍ന്ന അംഗങ്ങളും സ്ഥിരീകരിക്കുയും ചെയ്തിരുന്നു. ചെയര്മാന് നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ധിക്കാരപരമായും ഏകാധിപത്യപരവുമായതാണ് പെരുമാറ്റമെന്നുള്‍പ്പെടെ ആയിരുന്നു അംഗങ്ങളുടെ ആരോപണം.