അബുദാബി: ചൂടില്‍നിന്ന് തണുപ്പിലേക്കു മാറിയതോടെ യുഎഇയില്‍ പകര്‍ച്ചപ്പനി പിടിമുറുക്കുന്നു. പനി, ജലദോഷം, ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, ചെവി വേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ദിവസേന ഒട്ടേറെ പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി എത്തുന്നത്. കുട്ടികളിലും പ്രായമായവരിലുമാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. പകര്‍ച്ചപ്പനിക്കെതിരെ വാക്‌സീന്‍ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടു.
ശൈത്യകാലത്ത് പൊതുവെ കണ്ടുവരുന്ന രോഗമാണ് ജലദോഷപ്പനി. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് ഫ്‌ലൂ പെട്ടന്നു പിടിപെടും. ചികിത്സിച്ചു മാറ്റാവുന്നതാണ് പകര്‍ച്ചപ്പനി. കുട്ടികള്‍ക്കു രോഗം പിടിപെട്ടാല്‍ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണം. പകര്‍ച്ചപ്പനിയുള്ള കുട്ടികളെ സ്‌കൂളുകളില്‍ വിടരുതെന്നും കുട്ടികളുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കാന്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. അടച്ചിട്ട ക്ലാസ് മുറികളിലെ ശ്വസനം രോഗപ്പകര്‍ച്ച വ്യാപകമാക്കുന്നതിനാലാണ് നിയന്ത്രണം.
ശുചിത്വം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക, മാസ്‌ക് ധരിക്കുക, രോഗമുള്ളവര്‍ സ്‌കൂളിലും ഓഫിസിലും പോകാതിരിക്കുക, സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക എന്നിവ ശ്രദ്ധിച്ചാല്‍ രോഗപ്പകര്‍ച്ച തടയാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. രോഗികള്‍ തണുത്ത ഭക്ഷണം പൂര്‍ണമായും ഒഴിവാക്കണം. മതിയായ അളവില്‍ ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും കൃത്യമായി മരുന്ന് കഴിക്കുകയും വേണം.
കുട്ടികള്‍ക്ക് 6 മാസം മുതല്‍ ഫ്‌ലൂ വാക്‌സീന്‍ നല്‍കാം. മുന്‍പ് വാക്‌സീന്‍ എടുക്കാത്ത 9 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ആദ്യ വര്‍ഷം ഒരു മാസത്തെ ഇടവേളയില്‍ 2 ഡോസ് വീതം വാക്‌സീന്‍ നല്‍കണം. 9ന് മുകളിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരു ഡോസ് മതി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും ഫ്‌ലൂ വാക്‌സീന്‍ കിട്ടും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് തിരഞ്ഞെടുത്ത ഫാര്‍മസികളില്‍ നിന്ന് ലഭിക്കും.