ബെംഗളൂരു: ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ. ബിജെപിയുമായി മുന്നോട്ടുപോകാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവെഗൗഡയുടെ വാദം.
ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ത്ത കര്‍ണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം ദേവെഗൗഡ പറഞ്ഞത്. ഇടതു സര്‍ക്കാരില്‍ മന്ത്രിയായ കെ.കൃഷ്ണന്‍കുട്ടിയും ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിന് അനുമതി നല്‍കി. തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാന ഘടകങ്ങളുടെ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് ബിജെപിക്കൊപ്പം പോകാനുള്ള സാഹചര്യം ഇവര്‍ക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് അവര്‍ പിന്തുണയ്ക്കുന്നത്. പാര്‍ട്ടിയെ രക്ഷിക്കാനാണ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടുവെന്നും ദേവെഗൗഡ പറഞ്ഞു.
എന്നാല്‍, ബിജെപി സഖ്യത്തിനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ദള്‍ കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കൃഷ്ണന്‍കുട്ടിയും ഈ മാസമാദ്യം ബെംഗളൂരുവിലെത്തി ദേവെഗൗഡയെ അറിയിച്ചിരുന്നു. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി സിപിഎമ്മിനെയും എല്‍ഡിഎഫ് നേതൃത്വത്തെയും ബോധ്യപ്പെടുത്തണമെന്നും സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.