നർഗേസ് മൊഹമ്മദി മാനവികതയുടെ മഹാനക്ഷത്രം നൊബേൽ ജേതാവിന് ആയിരമായിരം അഭിനന്ദനം

മാനവികയുടെ അടിസ്ഥാനങ്ങളിലൊന്ന് സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്ല്യതയാണ്. സ്ത്രീ സമൂഹം പിന്നണിയിലാണെന്ന് നാമെല്ലാം വിലപിക്കുമ്പോഴും കാര്യത്തോടടുക്കുമ്പോൾ തത്വവും, പ്രയോഗവും വിസ്മൃതിയിലാകുന്നത് ഇപ്പോഴും അഭംഗുരം തുടരുകയാണ്. ലോകത്ത് പുരോഗമന പ്രസ്ഥാനങ്ങളാണ് സ്ത്രീ സമത്വത്തിനും, മനുഷ്യാവകാശത്തിനും വേണ്ടി എക്കാലവും പോരാടിയിട്ടുള്ളത്. സാമൂഹിക മാറ്റം എവിടെ നടന്നിട്ടുണ്ടോ അവിടങ്ങളിലെല്ലാം പിന്തിരിപ്പൻ ശക്തികളെ വെല്ലുവിളിച്ച് സാമൂഹിക മാറ്റത്തിന്റെ കൊടി ഉയർത്തിപ്പിടിച്ചവരിൽ പ്രവാചകന്മാരും, സാമൂഹിക പരിഷ്‌ക്കർത്താക്കളുമുണ്ടായിരുന്നു.
സാമൂഹിക മണ്ഡലത്തിൽ മതങ്ങളുടെ അതിപ്രസരമാണ് വനിതകളെയും, മനുഷ്യ സാഹോദര്യങ്ങളെയും പിന്നോട്ടടിപ്പിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നത്. മതങ്ങളുടെ ഉള്ളടക്കം മാനവികതയും, തുല്ല്യതയും വിഭാവനം ചെയ്യുമ്പോൾ മതങ്ങളുടെ മറവിൽ കേന്ദ്രീകരിക്കപ്പെടുന്ന പൗരോഹിത്യമാണ് ചിലയിടങ്ങളിലെല്ലാം പിന്തിരിപ്പൻ ആശയങ്ങളുടെ കോട്ടകെട്ടുന്നത്. സ്ത്രീയും, പുരുഷനും ദൈവത്തിന്റെ കണ്ണിലും, സൃഷ്ടിയിലും തുല്ല്യരായിരിക്കുമ്പോൾ പുരുഷന് മാത്രം ലഭിക്കുന്ന സ്വാതന്ത്ര്യം സ്ത്രീക്ക് നിഷേധിക്കുന്നതിലെ യുക്തിയെന്താണ്? ഒരു കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിനും വിഘാതമായി നിന്നത് പൗരോഹിത്യം തന്നെയായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക പരിഷ്‌ക്കർത്താക്കളും, പുരോഗമന പ്രസ്ഥാനങ്ങളും നടത്തിയ പടയോട്ടത്തിലൂടെ അതെല്ലാം അപ്രത്യക്ഷമാവുകയും കേരളം സ്ത്രീ വിദ്യാഭ്യാസത്തിൽ ലോകത്തിന് തന്നെ മാതൃകയുമായിരിക്കുന്നു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ഭ്രഷ്ട് കൽപ്പിക്കുക, വസ്ത്രധാരണത്തിൽ ഭരണകൂടം ഇടപെടുക എന്നീ പിന്തിരിപ്പൻ സമീപനങ്ങൾ പിന്തുടരുന്ന രാജ്യങ്ങൾ ഇന്നുമുണ്ട്. അവിടങ്ങളിലെല്ലാം പൗരാവകാശങ്ങൾക്കും, സ്വാതന്ത്ര്യത്തിനും വേണ്ടി പോരാട്ടം നടക്കുന്നുണ്ട്. അത്തരത്തിൽ ഇറാനിൽ നടക്കുന്ന പോരാട്ടത്തിലെ നായികയാണ് ഇപ്രാവശ്യത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ നർഗേസ് മൊഹമ്മദി. അവരും സഹപ്രവർത്തകരും ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടക്കുന്ന പോരാട്ടങ്ങളുടെ നായികയാണവർ. അവരിപ്പോൾ ജയിലിലാണ്. ഇറാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലമായി 1998 മുതൽ 13 തവണയാണ് അവർ അറസ്റ്റിലായത്. 2011 മുതൽ വിവിധ കുറ്റങ്ങൾ ചുമത്തി 31 വർഷത്തെ തടവാണ് ഇറാൻ ഭരണകൂടം വിധിച്ചിരിക്കുന്നത്. ഇറാൻ ഭരണ കൂടത്തിന്റെ വിധിയെന്തായാലും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി അവർ നടത്തുന്ന പോരാട്ടത്തിന് ലോകത്തിന്റെ സല്യൂട്ട് അവർക്ക് തന്നെയാണ്. പീപ്പിൾസ് റിവ്യൂവും അവരുടെ പോരാട്ടത്തെ അഭിവാദ്യം ചെയ്യുന്നു. അർദ്ധരാത്രിക്ക് സുരക്ഷിതമായി സ്വതന്ത്രമായി ഒരു സ്ത്രീക്ക് സഞ്ചരിക്കാൻ കഴിയുന്ന കാലമാണ് തന്റെ സ്വപ്‌നമെന്ന് പ്രഖ്യാപിച്ച പ്രവാചകൻ മുഹമ്മദിന്റെ ദർശനം എക്കാലവും സ്ത്രീക്ക് വസ്ത്ര ധാരണത്തിലും, തൊഴിലിടങ്ങളിലും നിയന്ത്രണം, വിദ്യാഭ്യാസമടക്കവമുള്ളവ നിഷേധിക്കുന്ന ഭരണകൂടങ്ങൾക്കുള്ള താക്കീതാണ്. നർഗേസ് മൊഹമ്മദിക്കുള്ള സമാധാനത്തിന്റെ നൊബേൽ സമ്മാനം മാനവ പുരോഗതിയിൽ പുരഷനോടൊപ്പം, അതിലും ഒരു പടി മുന്നിലോ ആണ് സ്ത്രീ സമൂഹത്തിന്റെ സംഭാവന.

നമ്മുടെ നാട്ടിലെ ശക്തമായ കുടുംബ ബന്ധങ്ങൾ പഠിക്കുമ്പോളറിയാം ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നതിൽ സ്ത്രീകളുടെ പങ്ക്. മക്കളെ വളർത്തൽ, അവരുടെ പഠനത്തിലുള്ള ശ്രദ്ധ, കുടുംബത്തിലെ ജോലി, കുടുംബത്തിന്റെ കെട്ടുറപ്പ് എന്നിത്യാദി ഘടകങ്ങളിൽ സ്ത്രീകളുടെ പങ്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഇമ്മിണി വലുതാണ്. മാനവികതയ്ക്കും സാഹോദര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ഇനിയും നമുക്ക് ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. ആ യാത്രയിലെ ലോകത്തിന്റെ മുന്നണി പോരാളിയാണ് നർഗേസ് മൊഹമ്മദി. വനിതകൾ ഉണരണം. അവരുടെ പ്രശ്‌നപരിഹാരങ്ങൾക്ക് യോജിച്ച പോരാട്ടങ്ങൾ തുടരേണ്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *