ഉമ്മന്‍ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് സഭ, ഒന്‍പതാം നിയമസഭാ സമ്മേളനത്തിന് തുടക്കം

ഉമ്മന്‍ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് സഭ, ഒന്‍പതാം നിയമസഭാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭാ സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കംപുരുഷോത്തമനും ആദരമര്‍പ്പിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ആള്‍ക്കൂട്ടത്തെ ഊര്‍ജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സ്പീക്കര്‍ അനുസ്മരിച്ചു.
പൊതു പ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ചാണ്ടി എന്നും മാതൃകയായിരുന്നു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നല്‍ നല്‍കിയിരുന്ന പൊതു പ്രവര്‍ത്തകനും നിയമസഭാ സാമാജികനും ആയിരുന്നു ഉമ്മന്‍ചാണ്ടിയെന്നും സ്പീക്കര്‍ അനുസ്മരിച്ചു. സ്പീക്കര്‍ പദവിക്ക് അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്നും സ്പീക്കര്‍ അനുസ്മരിച്ചു. കേരളാ നിയമസഭയുടെ ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്ന വ്യക്തിയാണ് അദ്ദേഹം. കൃത്യനിഷ്ഠയും നിശ്ചയദാര്‍ഡ്യവുമായിരുന്നു വക്കത്തിന്റെ സവിശേഷതയെന്നും സ്പീക്കര്‍ അനുസ്മരിച്ചു.
സ്പീക്കര്‍ അനുശോചന പ്രമേയം വായിക്കുന്ന സമയം മുഴുവന്‍ സഭാംഗങ്ങളെല്ലാം എഴുന്നേറ്റ് നിന്നു കൊണ്ട് അന്തരിച്ച നേതാക്കളോടുള്ള ആദരവ് പ്രകടിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും നിയമസഭയുടെ വിസിറ്റേഴ്‌സ് ഗാലറിയിലെത്തിയിരുന്നു.

24 വരെ നീണ്ടു നില്‍ക്കുന്ന സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ചൊവ്വാഴ്ച മുതലാണ് സഭ അതിന്റെ കൃത്യമായ നടപടിക്രമങ്ങളിലേക്ക് കടക്കുക. 53 വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയില്ലാതെ ആദ്യമായാണ് നിയമസഭ സമ്മേളിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *