ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം; ഉത്തരവിന് അടിയന്തരപ്രാബല്യം

ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം; ഉത്തരവിന് അടിയന്തരപ്രാബല്യം

ന്യൂഡല്‍ഹി: ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്. ഇതുസംബന്ധിച്ച് ഇന്നാണ് അടിയന്തരപ്രാബല്യത്തോടെ ഉത്തരവിറക്കിയത്. പ്രത്യേക ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ഇനി എച്ച്എസ്എന്‍ 8741 ന്റെ കീഴില്‍ വരുന്ന ലാപ്ടോപ്പുകള്‍ പോലെയുള്ള ഓട്ടോമാറ്റിക് ഡാറ്റ പ്രോസസ്സിങ് മെഷീനുകള്‍ പുറംരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കൂ.കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് നോട്ടിഫിക്കേഷന്‍ പുറത്തിക്കിയത്.
ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് വിപണിയിലെ പ്രമുഖ സ്ഥാപനങ്ങളായ ഡെല്‍, ഏസര്‍, സാംസങ്, എല്‍ ജി, ആപ്പിള്‍, ലെനോവോ, എച്ച്പി എന്നിവരില്‍ ഗണ്യമായ ഒരു വിഭാഗം ഇപ്പോഴും ചൈന പോലുള്ള രാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് പൂട്ടിടുകയെന്നതാണ് പുതിയ ഉത്തരവ് കൊണ്ട് ലക്ഷ്യമാക്കുന്നത്. ഐ.ടി ഹാര്‍ഡ്വെയര്‍ ഉല്‍പ്പാദനമേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരാന്‍ 200 കോടി ഡോളറിന്റെ ഇന്‍സെന്റീവ് സ്‌കീം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ കാലാവധിയും നീട്ടിനല്‍കിയിരുന്നു. അത്തരത്തില്‍ നിക്ഷേപമെത്തിച്ച് ഇലക്ട്രോണിക്‌സ് രംഗത്ത് ആഗോള വിതരണ ശൃംഖലയുടെ കേന്ദ്രമായി മാറുകയെന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2026-ഓടെ രാജ്യത്തെ ഉല്‍പ്പാദനം 300 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ കംപ്യൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഇറക്കുമതി മൂല്യം 1900 കോടി ഡോളറായിരുന്നു. രാജ്യത്തെ മൊത്തം ചരക്ക് ഇറക്കുമതിയുടെ ഏഴ് മുതല്‍ 10 ശതമാനമാണിത്. ഇന്ത്യയിലെ ഉല്‍പ്പാദനം ഊര്‍ജിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇന്‍സെന്റീവുകള്‍ നല്‍കി ഇലക്ട്രോണിക്സ് ഉള്‍പ്പെടെ രണ്ട് ഡസനിലധികം മേഖലകളിലെ പ്രദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷം 3800 കോടി ഡോളറിന്റെ മൊബൈല്‍ ഉല്‍പ്പാദനമാണ് രാജ്യത്ത് നടന്നത്. അതേസമയം ലാപ്‌ടോപ്പുകളുടെയും ടാബ്‌ലെറ്റുകളയുടെയും ഉല്‍പ്പാദനം 400 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *