കോഴിക്കോട്: ചേകന്നൂര്‍ മൗലവി ലിബറോ ഫോബിയയുടെ ഇരയാണെന്ന് ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു. സര്‍വമത സത്യവാദം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സത്യത്തിന്റെ മതത്തില്‍ വിശ്വസിക്കണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. ലിബറോ ഫോബിയ ഇസ്‌ലാം-ഹിന്ദു-ക്രിസ്ത്യന്‍ പണ്ഡിതര്‍ ഇത്തരം മനോഭാവം വച്ചു പുലര്‍ത്തുന്നവരാണ്. ഓരോരുത്തര്‍ക്കും അവരവരുടെ മതമാണ് വലുത്. മതത്തിനകത്ത് നവോത്ഥാനം ഉയര്‍ത്തുന്നവരെ ഇല്ലാതാക്കിയതിന് ഉദാഹരണമാണ് ചേകന്നൂര്‍ മൗലവിയുടെ മരണം.
ശബാനു ബീഗം കേസില്‍ സുപ്രീം കോടതി ചരിത്ര പ്രസിദ്ധമായ വിധി പുറപ്പെടുവിച്ചപ്പോള്‍ അതിനെ ചേകന്നൂര്‍ മൗലവി സ്വാഗതം ചെയ്യുകയും, ഏകസിവില്‍ കോഡിനെ പിന്തുണക്കുകയും ചെയ്തു. 1985ല്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. ഇസ്‌ലാമോഫോബിയ മുന്‍കാലത്ത് തന്നെ നിലവിലുണ്ടായിരുന്നെങ്കിലും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷമാണ് ഇത് വ്യാപകമായത്. 2022ല്‍ ഐക്യരാഷ്ട്ര സംഘടന മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയ ദിനമായി ആചരിക്കുകയാണ്. ലോകത്ത് ഇസ്‌ലാമോഫോബിയ മാത്രമല്ല ഹിന്ദുഫോബിയയും ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ ഫോബിയയും നിലവിലുണ്ട്.
പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദു ഫോബിയയുണ്ട്. ഇസ്‌ലാമിനെതിരേയുള്ള വെറുപ്പിനെയാണ് ഇസ്‌ലാമോ ഫോബിയ എന്ന് വിവക്ഷിക്കുന്നത്. പാകിസ്താനില്‍ അഹമ്മദിയ മുസ്‌ലിംകളോട് വെറുപ്പുണ്ട്. അവിടെ അവര്‍ മുഖ്യധാര മുസ്‌ലിംകളല്ല. ഇറാനില്‍ സുന്നികള്‍ക്കെതിരേ ലിബറോ ഫോബിയയുണ്ട്.
ലോകത്ത് പല മുസ്‌ലിം രാജ്യങ്ങളിലും മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷമുണ്ട്. ഇതാണ് ലിബറോ ഫോബിയ: ഈ അര്‍ത്ഥത്തില്‍ പരിശോധിക്കുമ്പോള്‍ ചേകന്നൂര്‍ മൗലവിയെ ഉന്മൂലനം ചെയ്തത് മുസ്‌ലിം സമൂഹത്തിലെ ചില ലിബറോ ഫോബിയയുടെ വക്താക്കളാണെന്ന് മനസിലാക്കാന്‍ സാധിക്കും.
ഇന്ത്യയിലെ മതനിന്ദാനിയമം ബ്രിട്ടീഷ് കാലത്തുണ്ടാക്കിയതാണ്. ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും സൗദി അറേബ്യയിലുമെല്ലാം ലിബറല്‍ മനസ്ഥിതിക്കാരോട് വെറുപ്പും വിദ്വേഷവും വച്ച് പുലര്‍ത്തുന്നവരുണ്ട്. ചേകന്നൂര്‍ മൗലവി എല്ലാ മതത്തിലും സത്യത്തിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയ വ്യക്തിത്വമായിരുന്നു.
ഹിന്ദു, ക്രിസ്ത്യന്‍, ഇസ്‌ലാമടക്കമുള്ള മതങ്ങളിലെല്ലാം സത്യത്തിന്റെ അംശമുണ്ട്. മൂല്യവ്യവസ്ഥയില്‍ മതങ്ങള്‍ ഒന്നാണെങ്കിലും അനുഷ്ഠാന മതത്തില്‍ വ്യത്യാസമുണ്ട്. സത്യം, നീതി, സാഹോദര്യം, കരുണ, സഹിഷ്ണുത ഇതെല്ലാം എല്ലാ മതങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മൂല്യവ്യവസ്ഥ എന്ന നിലയില്‍ മതത്തെ കണ്ടയാളാണ് ചേകന്നൂര്‍ മൗലവി. ബഹുസ്വരത, വൈവിധ്യം എന്ന് പറയുന്ന മതനേതൃത്വങ്ങള്‍ മതത്തിന്റെ കാര്യം വരുമ്പോള്‍ മറ്റൊരു രൂപത്തിലാണ് പെരുമാറുന്നത്. ബഹുസ്വരത എന്നാല്‍, എല്ലാ സ്വരങ്ങള്‍ക്കും തുല്ല്യത നല്‍കലാണ്.
രാജ്യത്തെ വ്യക്തിനിയമങ്ങളിലും സ്ത്രീവിരുദ്ധതയുണ്ട്. ഏക സിവില്‍ കോഡ് ബി.ജെ.പിക്ക് രാഷ്ട്രീയ ആയുധമാണെങ്കിലും ഏകസിവില്‍ കോഡ് ആവശ്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. 1937-39 ല്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ മുസ്‌ലിം വ്യക്തിനിയമം ലോകാവസാനം വരെ ഒരു മാറ്റവും വരാതെ നില്‍ക്കണമെന്ന് പറയുന്നതിലെ യുക്തിയെന്താണ്?
ഇന്ത്യന്‍ കുടുംബനിയമമാണ് പൊതു സിവില്‍ കോഡ്. അത് മതേതര ഇന്ത്യന്‍ കുടുംബനിയമമാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം വുമണ്‍സ് ലീഗിന്റെ കോണ്‍ഫറന്‍സില്‍ ബീഗം ജഹനാര ഷാനവാസ് വ്യക്തിനിയമത്തിലെ ബഹുഭാര്യത്വത്തിനെതിരേ പ്രമേയമവതരിപ്പിച്ചിരുന്നു. 1930ല്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത് ഇക്കാര്യം അവര്‍ ഉന്നയിച്ചിരുന്നു. 1964ല്‍ ബോംബെയില്‍ ഏഴ് മുസ്‌ലിം വനിതകള്‍ ഇക്കാര്യമാവശ്യപ്പെട്ട് പ്രകടനം നടത്തി. 30 വനിതകള്‍ 1966ല്‍ പൂനയില്‍ പ്രകടനം നടത്തി.
1967ല്‍ അഹമ്മദാബാദില്‍ 600ഓളം വനിതകള്‍ മുസ്‌ലിംവ്യക്തി നിയമത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. 1961ല്‍ പാകിസ്താനില്‍ മുസ്‌ലിം വ്യക്തിനിയമം പരിഷ്‌കരിച്ച് ബഹുഭാര്യത്വം കര്‍ശനമായി വിലക്കി. ലോകത്തെ 20 മുസ്‌ലിം രാജ്യങ്ങളില്‍ പരിഷ്‌കരണം നടന്നിട്ടുണ്ട്. കേരളത്തില്‍ ഈ ആവശ്യമുന്നയിച്ച് മൗലവി ചേകന്നൂര്‍, എന്‍.പി മുഹമ്മദ്, ഡോ: ബഹാവുദ്ദീന്‍, മങ്കട അബ്ദുള്‍ അസീസ്, ഡോ: ഇ.വി ഉസ്മാന്‍കോയ എന്നിവര്‍ ഇസ്‌ലാം & മോഡേജനേറ്റ് സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏക സിവില്‍ കോഡും എല്ലാ മതങ്ങളിലെയും വ്യക്തിനിയമ പരിഷ്‌കരണവും നീതിയുടെ ഏകീകരണത്തിന്റെ ഭാഗമാണ്.
ഹിന്ദുമത്തില്‍ പുരോഗമന ആശയങ്ങള്‍ പറഞ്ഞതിനാണ് കല്‍ബുര്‍ഗിയെയും നരേന്ദ്രബോല്‍ക്കറേയും ലിബറോഫോബിയയുടെ വക്താക്കള്‍ ഇല്ലാതാക്കിയത്. ചേകന്നൂര്‍ മൗലവി ഉന്നയിച്ച ആശയങ്ങള്‍ക്ക് സമകാലിക സാഹചര്യത്തില്‍ വലിയ പ്രസക്തിയുണ്ടെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വച്ച് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ: ജലീല്‍ പുറ്റേക്കാട് ‘ഖുര്‍ആനിലെ പിന്തുടര്‍ച്ചാ നിയമം നിലവിലുള്ള ശരീഅത്തിന്റെ പൊളിച്ചെഴുത്തും’ എന്ന പുസ്തകം പ്രഭാഷകന്‍ എ.പി അഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു.