കോഴിക്കോട്: പ്രഗത്ഭ സഹകാരിയും ദീര്‍ഘകാലം സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറും നാഷണല്‍ കോ-ഓപറേറ്റീവ് ബാങ്ക് അംഗവുമായിരുന്ന പി.രാഘവന് നായരുടെ സ്മരണാര്‍ത്ഥം കൊടുവള്ളി കോ-ഓപറേറ്റീവ് അര്‍ബണ്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സഹകാരി പ്രതിഭ പുരസ്കാരത്തിന് കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സഹകാരിയായ എന്‍.സുബ്രഹ്മണ്യനെ തെരഞ്ഞെടുത്തു. അഗ്രിക്കള്‍ച്ചറല്‍ കോ-ഓപറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (തിരുവനന്തപുരം) മുന്‍ ഡയറക്ടര്‍ ബി.പി പിള്ളയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സഹകരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കോഴിക്കോട് ജില്ലയിലെ മികച്ച ഒരു സഹകാരിക്കാണ് അവാര്‍ഡ് നല്‍കുന്നത്.
ദീര്‍ഘകാലം കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസാരഥ്യം വഹിക്കുകയും ബാങ്കിനെ തുടര്‍ച്ചയായി ലാഭത്തില്‍ നിലനിര്‍ത്തിക്കൊണ്ട് വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്ത സഹരണ രംഗത്തേയും മറ്റു രംഗങ്ങളിലേയും മികച്ച സംഘാടകനാണ് എന്‍.സുബ്രഹ്മണ്യനെന്നും 30ന് പി.രാഘവന് നായരുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ കൊടുവള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എ.കെ ശശീന്ദ്രന് അവാര്‍ഡ് സമര്‍പ്പണം നടത്തുന്നതാണെന്നും കൊടുവള്ളി കോ-ഓപറ്റേറ്റീവ് അര്‍ബണ്‍ സൊസൈറ്റി പ്രസിഡന്റ് പി.ആര് മഹേഷ്, വൈസ് പ്രസിഡന്റ് പി.സി ജമാല്‍, ഡയറക്ടര്‍മാരായ സി.പി അബ്ദുല്‍ റസാഖ്, പി.സി വാസു, കെ.കെ ഷരീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ വച്ച് യുവസംരംഭകനായ ഷാജി എ.കെയെ (മാനേജിങ് ഡയറക്ടര്‍, മൈജി) ആദരിക്കും. രാഘവന് നായരുടെ സ്മരണാര്‍ത്ഥം പുറത്തിറക്കുന്ന പോസ്റ്റല്‍ സ്റ്റാംപിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും.