തലശ്ശേരി : കനത്ത മഴയില്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസരത്തെ വയലില്‍ വെള്ളം പൊങ്ങിയതോടെജഗനാഥക്ഷേത്ര പറമ്പിന്റെ മുന്‍ഭാഗത്തുള്ള കൂറ്റന്‍ മതില്‍ ഇടിഞ്ഞു വീണു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മതില്‍ ഇടിഞ്ഞതോടെ ഇതിന് ചേര്‍ന്നുള്ള ഹൈമാസ്റ്റ് ലൈറ്റ് സംവിധാനവും തൊട്ടടുത്തുള്ള പോലിസ് എയ്ഡ് പോസ്റ്റ് കെട്ടിടവുംചരിഞ്ഞു. രണ്ടും അപകടാവസ്ഥയിലായതോടെ ഹൈമാസ്റ്റിന്റെ വിളക്ക് കാലില്‍ നിന്നും ലൈറ്റ് സെറ്റ് അഴിച്ചു മാറ്റി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിയ സുരക്ഷാ മതിലാണ് ഇത്തവണത്തെ മഴക്കെടുതിക്കിരയായി നിലംപൊത്തിയത്.
2017-18 വര്‍ഷം എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 4,6100 രൂപ ചിലവഴിച്ചാണ് ക്ഷേത്ര പരിസരത്ത് ലൈറ്റ് സ്ഥാപിച്ചിരുന്നത്. ഇതിന് പുറമെ പൈതൃക ടൂറിസം വകുപ്പില്‍ നിന്നും നവീകരണ പ്രവൃത്തിക്കായി ലഭിച്ച 4 കോടിയില്‍ നിന്നുള്ള വിഹിതം ഉപയോഗിച്ച് ക്ഷേത്രപറമ്പിലെ പ്രദക്ഷിണ വഴിയില്‍ മതിലിനോട് ചേര്‍ന്ന് പാകിയ കരിങ്കല്‍കെട്ടുകളും ഇളകി അമര്‍ന്നിട്ടുണ്ട്. എല്ലാം ചേര്‍ത്ത് ഏതാണ്ട് 10 ലക്ഷത്തിന്റെ നാശനഷ്ടം സംഭവിച്ചതായി ജ്ഞാനോദയ യോഗം ഭാരവാഹികള്‍ പറഞ്ഞു.
