പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് മെറ്റ. ട്വിറ്ററിനെ വെല്ലുവിളിച്ചുകൊണ്ടാണ് രൂപകല്‍പനയില്‍ സമാനമായ പുതിയ ആപ്പുമായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കമ്പനി എത്തിയിരിക്കുന്നത്.
ഒരു ‘ടെക്സ്റ്റ് ബേസ്ഡ് കോണ്‍വര്‍സേഷന്‍ ആപ്പ്’ എന്ന നിലയിലാണ് കമ്പനി ‘ത്രെഡ്‌സ്’ ആപ്പ് അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് ഇതില്‍ ലോഗിന്‍ ചെയ്യേണ്ടത്.
മനസിലുള്ള ആശയങ്ങള്‍ എഴുതാനും ചിത്രങ്ങള്‍ പങ്കുവെക്കാനും അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോള്‍ പങ്കുവെക്കാനും സാധിക്കും.
ട്വിറ്ററിനൊപ്പം, ട്വിറ്ററിന് പകരക്കാര്‍ എന്ന നിലയില്‍ രംഗപ്രവേശം ചെയ്ത ബ്ലൂ സ്‌കൈ, മാസ്റ്റഡണ്‍ പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്കും വെല്ലുവിളിയാണ് ത്രെഡ്‌സ്.
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ത്രെഡ്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നൂറിലേറെ രാജ്യങ്ങളില്‍ ആപ്പ് ലഭിക്കും.