നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത വിലക്ക്

നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത വിലക്ക്

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത വിലക്ക്. ചൊവ്വാഴ്ച ചേർന്ന സർവകലാശാല സിൻഡിക്കേറ്റാണ് നിഖിലിനെ ഡീബാർ ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ കേരള സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും നിഖിൽ തോമസിന് പഠിക്കാനാവില്ല.

കായം കുളം എംഎസ്എം കോളേജിലാണ് കലിം​ഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി നിഖിൽ തോമസ് എം കോമിന് അഡ്മിഷൻ നേടിയത്. ഈ വ്യാജ സർട്ടിഫഇക്കറ്റും. പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് രേഖകളും കോളേജ് ഐഡി കാർഡ്, ബാങ്ക് പാസ്ബുക്ക് ഉൾപ്പടെയുള്ള തെളിവുകൾ കഴിഞ്ഞദിവസം പോലീസ് പിടിച്ചെടുത്തിരുന്നു.

അതേസമയം നിഖിലിന് പ്രവേശനം നൽകിയത് സംബന്ധിച്ച് എംഎസ്എം കോളേജ് നൽകിയ വിശദീകരണത്തിലും സർവകലാശാല സിൻഡിക്കേറ്റ് അതൃപ്തി രേഖപ്പെടുത്തി. നിഖിലിന്റെ അഡ്മിഷൻ സമയത്ത് കോളേജിന്റെ ചുമതലയുണ്ടായിരുന്നവരെ വിളിച്ചുവരുത്താനും സിൻഡിക്കേറ്റ് തീരുമാനിച്ചു.

അതേസമയം ഈ രീതിയിൽ വേറെയും വ്യാജൻമാർ കടന്നുകയറിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു സെൽ രൂപീകരിക്കാനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ കേരളത്തിന് പുറത്ത് നിന്നുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് കേരള സർവകലാശാലയിൽ അഡ്മിഷൻ എടുത്തവരുടെ രേഖകൾ പരിശോധന നടത്തും.

അതേസമയം നിഖിൽ തോമസിനേയും വ്യാജ സർട്ടിഫിക്കറ്റെടുക്കാൻ സഹായിച്ച സുഹൃത്ത് അബിൻ രാജിനേയും സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയ ഓറിയോൺ എജ്യു വിങ്സ് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

മാലിദ്വീപിൽ നിന്ന് തിരികെയെത്തിയ അബിൻ രാജിനെ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടല്ലൂർ സ്വദേശിയായ അബിൻരാജ് മാലദ്വീപിൽ അധ്യാപകനായിരുന്നു. നിഖിൽ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബിൻരാജിനെയും കേസിൽ പ്രതിയാക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *