തെലുങ്കാനയ്ക്ക് 12, തമിഴ്നാടിനും കര്‍ണാടകയ്ക്കും മൂന്നുവീതം
ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതില്‍ കേരളത്തെ അവഗണിച്ച് കേന്ദ്രം. രാജ്യത്ത് ആകമാനം പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ ഒന്ന് പോലും അനുവദിച്ചില്ല. തമിഴ്നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോള്‍ തെലുങ്കാനയ്ക്ക് 12 മെഡിക്കല്‍ കോളേജുകളുമാണ് അനുവദിച്ചത്. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചതും തെലുങ്കാനയ്ക്കാണ്. അതേസമയം, വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും തഴയുകയാണ് ഉണ്ടായത്.
ആന്ധ്രാപ്രദേശില്‍ അഞ്ച്, അസമിലും ഗുജറാത്തിലും മൂന്ന്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, മഹാരാഷ്ട്രയില്‍ നാല്, മധ്യപ്രദേശില്‍ ഒന്ന്, നാഗാലാന്‍ഡില്‍ ഒന്ന്, ഒഡീഷയില്‍ രണ്ട്, രാജസ്ഥാനില്‍ അഞ്ച്, ബംഗാളില്‍ രണ്ട്, യു.പിയില്‍ ഒന്ന് എന്നിങ്ങനെയാണ് കേന്ദ്രം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ അനുവദിച്ച കോളേജുകളില്‍ 30 സര്‍ക്കാര്‍ കോളേജുകളും 20 സ്വകാര്യ കോളേജുകളുമാണ്. കേരളത്തെ വീണ്ടും മോദി സര്‍ക്കാര്‍ തഴയുകയാണെന്ന് ആരോഗ്യ വകുപ്പ് വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.