കെ.ഫോണ്‍: വിവരസാങ്കേതികവിദ്യയിലെ കേരളത്തിന്റെ കുതിച്ചുചാട്ടം

കെ.ഫോണ്‍: വിവരസാങ്കേതികവിദ്യയിലെ കേരളത്തിന്റെ കുതിച്ചുചാട്ടം

കേരളത്തിനിത് അഭിമാന മുഹൂര്‍ത്തമാണ്. നമുക്ക് സ്വന്തമായി ഒരു ഇന്റര്‍നെറ്റ് ശൃംഖല സ്വന്തമായിരിക്കുകയാണ്. കാലഘട്ടത്തിനനുയോജ്യമായ ഈ വലിയനേട്ടം കൈവരിക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കെ.ഫോണിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അഭിനന്ദിക്കുന്നു. കെ.ഫോണിന്റെ ഉദ്ഘാടന വേദിയില്‍വച്ച് മാനേജിങ് ഡയരക്ടര്‍ ഡോ.സന്തോഷ്ബാബുവിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ.ഫോണ്‍ അതിവേഗം നടപ്പിലാക്കിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയായിരുന്നുവെന്നാണ്. മറ്റൊന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവിടെയൊന്നും മുഖ്യമന്ത്രി നേരിട്ട് അവലോകന യോഗങ്ങളില്‍ പങ്കെടുക്കാറില്ലായിരുന്നെന്നും, ഇവിടെ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് എല്ലാ മാസവും അവലോകന യോഗം വിളിച്ചിരുന്നുവെന്നാണ്.

കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കീഴിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരവും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റ(ഭെല്‍)ഡിന്റെ മേല്‍നോട്ടവും കെ.ഫോണിനുണ്ട്. കൂടാതെ റെയില്‍ടെല്‍, എസ്.ആര്‍ഐ.ടി, എസ്.എസ് കേബിള്‍ എന്നിവയടങ്ങുന്ന കണ്‍സോര്‍ഷ്യം കെ.ഫോണിന് പിന്തുണ നല്‍കും. ആസൂത്രണം, നിര്‍വഹണം, നിയന്ത്രണം, സംഭരണം, മോണിറ്ററിംഗ് എന്നിവയുടെ ചുമതല ഭെല്ലിനാണ്. കെ.ഫോണ്‍ സംസ്ഥാനത്തിന് വലിയ വരുമാന സ്രോതസായി മാറും. സംസ്ഥാനത്തുടനീളം വിന്യസിച്ച ഡാര്‍ക്ക് ഫൈബര്‍ പാട്ടത്തിന് നല്‍കുന്നതിലൂടേയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിലൂടെ ലഭിക്കുന്ന സര്‍വീസ് ചാര്‍ജ്, വീടുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍, സപ്ലൈകോ ഔട്ട്ലെറ്റുകള്‍, കേരള ബാങ്ക് എന്നീ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമ്പോള്‍ നല്ല വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. ആദ്യവര്‍ഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകളാണ് നല്‍കുന്നത്. 40ലക്ഷം കണക്ഷന്‍ നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ബ്രോഡ്ബാന്‍ഡ് കണക്ഷനാണ് കെ.ഫോണ്‍.

കെ.ഫോണിന്റെ ഉദ്ഘാടന വേദിയും ശ്രദ്ധേയമായി. വയനാട്ടിലെ പന്തലാടിക്കുന്നിലെ ആദിവാസി കോളനിയിലെ വിദ്യാര്‍ഥികളും തത്സമയം ഇതിന്റെ ഭാഗഭാക്കായി. സമൂഹത്തിലെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുക എന്നതും താഴെതട്ടിലുള്ളവര്‍ക്കും വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് ജീവിതവിജയം വെട്ടിപ്പിടിക്കാനും സാധിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ സാധ്യമാകുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നെറ്റ് ഉപയോഗിക്കാന്‍ പണമില്ലാതെ വരുമ്പോള്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാനാകില്ല. എന്നാല്‍ കെ.ഫോണ്‍ വന്നതിന് ശേഷം ക്ലാസുകള്‍ നഷ്ടപ്പെടില്ലെന്നുള്ള കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജിലെ ജേണലിസം അവാസാന വര്‍ഷ വിദ്യാര്‍ഥിനി പി.സി അമൃതയുടെ വാക്കുകള്‍ സമൂഹം കേള്‍ക്കേണ്ടത് തന്നെയാണ്. കെ.ഫോണിലൂടെ സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും. കോര്‍പറേറ്റ് ശക്തികള്‍ക്കെതിരേ ജനകീയ ബദല്‍ മാതൃകയാണ് കെ.ഫോണ്‍ എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മറ്റുള്ള സര്‍വീസ് പ്രൊവൈഡര്‍മാരെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കെ.ഫോണ്‍ യാഥാര്‍ഥ്യമാകുന്നതോടു കൂടി ഡിജിറ്റല്‍ വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇത് ലോകത്തിന് തന്നെ മാതൃതയാണ്.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കെ.ഫോണ്‍ വേഗത കൂടുമെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പലതും തുടക്കത്തിലുണ്ടാകുന്ന വേഗതയൊക്കെ നഷ്ടപ്പെട്ട് നഷ്ടത്തില്‍ കൂപ്പുകുത്തി നിത്യപ്രയാണത്തിന് ഖജനാവിനെ ആശ്രയിക്കുന്ന ചിത്രവും നമ്മുടെ മുമ്പിലുണ്ട്. 40 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്. തുടക്കത്തിലുള്ള ആവേശം ഒട്ടുംചോരാതെ, കെടുകാര്യസ്ഥതയില്ലാത്ത പദ്ധതി നടപ്പിലാക്കിയാല്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ഇടപെടാന്‍ സാധിക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറും.

 

Share

Leave a Reply

Your email address will not be published. Required fields are marked *