മുക്കം: ലോക പരിസ്ഥിതി ദിനത്തില്‍ കക്കാട് ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികള്‍ കര്‍ഷകനും സിവില്‍ (ഡ്രാഫ്റ്റ്‌സ്മാന്‍) എന്‍ജിനീയറുമായ കാരശ്ശേരിയിലെ പൊയിലില്‍ അബ്ദുവിന്റെ ‘പൊയിലില്‍ അഗ്രോ ഫാമി’ലെത്തി കൃഷിയനുഭവങ്ങള്‍ അദ്ദേഹത്തില്‍നിന്നും നേരിട്ടു മനസ്സിലാക്കി. വീടിനോട് ചേര്‍ന്നുള്ള ഒന്നര ഏക്കറിലേറെ വരുന്ന സ്ഥലത്തെ 150-ലേറെ ഇനം മാവുകളെ കുറിച്ചും അതിന്റെ വിളവെടുപ്പ്, ബഡ്ഡിംഗ്, കൃഷി രീതികളെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. ഒപ്പം സ്‌കൂളില്‍ നട്ടുവളര്‍ത്താനായി ബാംഗ്ലൂരുവിലെ ഐ.എച്ച്.ആര്‍.ഡി വികസിപ്പിച്ചെടുത്ത മൂന്നുവര്‍ഷത്തിനകം കായ്ക്കുന്ന ബഗ്ളോറ എന്ന മാവിന്‍ തൈയും രുചിക്കാനായി രാസവളങ്ങള്‍ ചേര്‍ക്കാത്ത ശുദ്ധ മാമ്പഴങ്ങളും നല്‍കി. കൂടാതെ, സ്‌കൂളിലെ താല്‍പര്യമുള്ള പത്ത് കുട്ടിക്കര്‍ഷകരെ സൗജന്യമായി ബഡ്ഡിംഗ് പഠിപ്പിക്കാനും അദ്ദേഹം സന്നദ്ധതയറിയിച്ചു. കുട്ടികള്‍ക്ക് വിവിധ കൃഷികളില്‍ അവബോധമുണ്ടാക്കാന്‍ ആവശ്യമായ സഹായങ്ങളും അദ്ദേഹം ഉറപ്പുനല്‍കി.
ലോകത്താകെ ചൂട് കൂടി വരികയും നമ്മുടെ വായുവും വെള്ളവും മണ്ണും പരിസരവുമെല്ലാം കൂടുതല്‍ മലിനവുമാകുന്ന സാഹചര്യത്തില്‍ മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ രോഗികളായി തീരുകയാണ്. ആയതിനാല്‍ പ്രകൃതിയിലേക്ക് ഇറങ്ങാനും മണ്ണും മനസ്സും ചേര്‍ന്ന് കൂടുതല്‍ പച്ചപ്പ് പടര്‍ത്താനും വിഷരഹിത ജൈവകൃഷി രീതിയിലൂടെ വീട്ടിലേക്ക് ആവശ്യമായതെല്ലാം നമുക്ക് ചുറ്റും നട്ടുവളര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ പരിസ്ഥിതിയെക്കുറിച്ചും വിവിധ കൃഷിരീതികളെക്കുറിച്ചും അവബോധമുണ്ടാക്കുന്നതിനായാണ് സ്‌കൂള്‍ പരിസ്ഥിതി ദിനത്തില്‍ ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചത്. കേവലം ഒരുദിവസം വൃക്ഷത്തൈകള്‍ നടുന്നതിലും പരിസ്ഥിതി പ്രതിജ്ഞ എടുക്കുന്നതിലും മാത്രം പരിസ്ഥിതി ദിനാഘോഷം ഒതുങ്ങരുതെന്ന സന്ദേശമാണ് യാത്രയിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നത്. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്ക് കണ്ണോടിക്കാനും നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കാതെ നാടിന്റെ പച്ചപ്പും വിശുദ്ധിയും നിലനിര്‍ത്താനാവശ്യമായ സ്ഥായിയായ ഒരു പാരിസ്ഥിതിക സംസ്‌കാരം നട്ടുവളര്‍ത്താനാവശ്യമായ ബോധവല്‍ക്കരണം കൂടിയായിരുന്നു ഫീല്‍ഡ് ട്രിപ്പ്. സംശയങ്ങള്‍ ചോദിച്ചും കാര്യങ്ങള്‍ കൗതുകത്തോടെ കണ്ടനുഭവിച്ചും കുട്ടികള്‍ യാത്രയെ ആസ്വാദ്യകരമാക്കി. സ്‌കൂളിനായുള്ള ബഗ്ളോറ മാവിന്‍ തൈ ഫാം ഉടമയുടെ നാലര വയസ്സുള്ള മകള്‍ ഫാത്തിമ ബെല്‍ഹ സ്‌കൂള്‍ എച്ച്.എം ജാനീസ് ജോസഫിന് കൈമാറി. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എക്സിക്യൂട്ടീവ് അംഗം മുനീര്‍ പാറമ്മല്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഷഹനാസ് ടീച്ചര്‍, അധ്യാപകരായ കെ.ഫിറോസ് മാഷ്, ഷാക്കിര്‍ മാഷ് ചേന്ദമംഗല്ലൂര്‍, ഗീതു ടീച്ചര്‍ മുക്കം തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി


