ന്യൂഡല്‍ഹി: ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ പാസ് വേര്ഡിനേക്കാള് സുരക്ഷിതമായ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. പാസ് കീ എന്ന സംവിധാനമാണ് അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ പാസ് വേര്ഡിനേക്കാള് സുരക്ഷിതമെന്ന് ഗൂഗിള്‍ പറയുന്നത്. ഫിഷിങ് പോലുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുമെന്നും ഒടിപി പോലുള്ള സംവിധാനങ്ങളേക്കാള്‍ സുരക്ഷിതമാണ് ഇവയെന്നും ഗൂഗിള്‍ പറയുന്നു. നിലവിലുള്ള റിമെമ്പര്‍ പാസ് വേര്‍ഡ് ഓപ്ഷന് അത്ര സുരക്ഷിതമല്ലെന്നും പാസ് കീ കൂടുതല്‍ സുരക്ഷിതമാണെന്നും ഗൂഗിള്‍ പറയുന്നു.
ഫിഡോ സഖ്യത്തിന്റെ ഭാഗമായി തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് പാസ്കീ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി 2022ല്‍ തന്നെ ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും പ്രഖ്യാപിച്ചിരുന്നു. പാസ കീ ചാര്‍ത്തുക സാധ്യമല്ല. സ്ഥിരമായി ഉപയോഗിക്കുന്ന സ്വന്തം ഉപകരണങ്ങളില്‍ മാത്രമേ പാസ് കീ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുകയുളളൂ. ഭാവിയില്‍ വന്‍കിട ടെക് കമ്പനികള്‍ പാസ്വേഡ് രഹിത രീതിയിലേക്കാണ് പോകാന്‍ ഉദ്ദേശിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു.
പാസ്വേഡുകള്‍ക്ക് പകരം ഫിംഗര്‍പ്രിന്റ്, ഫെയ്സ് സ്കാന്‍, സ്ക്രീന്‍ ലോക്ക് പിന് തുടങ്ങിയവ ഉപയോഗിച്ച് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പാസ്കീ സംവിധാനത്തിലൂടെ സാധിക്കും. g.co/passkeys എന്ന ലിങ്ക് ഉപയോഗിച്ചോ ഗൂഗിള്‍ അക്കൗണ്ടിലെ സെക്യൂരിറ്റി എന്ന ഓപ്ഷന് വഴിയോ പാസ്കീ തിരഞ്ഞെടുക്കാം. ഏത് ഉപകരണത്തിലാണോ അക്കൗണ്ട് ഉപയോഗിക്കുന്നത് അതില്‍ പാസ്കീ ജനറേറ്റ് ചെയ്യാം. ഓരോ പാസ്കീയും അതത് ഉപകരണങ്ങളില്‍ സേവാകും. തുടര്‍ന്ന് അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്തതിന് ശേഷവും അതേ ഉപകരണത്തില്‍ ലോഗിന്‍ ചെയ്യാന്‍ പാസ്വേഡിന്റെ ആവശ്യമില്ല. ഫോണ്‍ അണ് ലോക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാറ്റേണ്‍/നമ്പര്‍ ലോക്ക്, ഫെയ്സ്/ഫിംഗര്‍ ഡിറ്റക്ഷന്‍ മതിയാകും.
