കോഴിക്കോട്: ചക്കരോത്തുകുളം ബിജിറോഡ് അടിപ്പാത വികസനം യാഥാര്‍ഥ്യമാക്കാന്‍ ബഹുജന കണ്വെന്ഷന് ഏഴിന് ഞായര്‍ വൈകീട്ട് നാല് മണിക്ക് സംഘടിപ്പിക്കുമെന്ന് ബിജിറോഡ് അണ്ടര്‍ പാസേജ് വികസന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.കെ രാഘവന് എം.പി, മേയര്‍ ബീന ഫിലിപ്, ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശ്, കൗണ്‍സിലര്‍മാരായ സി.പി സുലൈമാന്‍, സൗഫിയ അനീഷ്, അല്‍ഫോണ്‍സാ മത്യു, അനുരാധ തയ്യാട്ട് എന്നിവര്‍ പങ്കെടുക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് അണ്ടര്‍ പാസേജ് വികസനം സംബന്ധിച്ച് പ്രദേശവാസികളുമായി ചര്‍ച്ച നടത്തും. ഏഷ്യയിലെ ഏറ്റവും വലിയ ശ്മശാനങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തേക്ക് മൃതദേഹം വഹിച്ചുക്കൊണ്ട് ആംബുലന്‍സിന് വാരാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
മൂന്നര കിലോമീറ്റര്‍ ചുറ്റിയാണ് ബന്ധുമിത്രാദികള്ക്കടക്കം ഇവിടേക്ക് വരാനാവുന്നത്. പ്രശ്നപരിഹാരത്തിനായി ജയന്ത് ചേറോട്ട് ചെയര്‍മാനും മിഥുന് മനോഹര്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. റെയിലിന് പടിഞ്ഞാറ് ഭാഗത്തുള്ള നടക്കാവ്, ചക്കരോത്തുകുളം, വെസ്റ്റിഹില്‍, തോപ്പയില്‍ വാര്‍ഡുകളിലുള്ളവര്‍ക്ക് ഈ പാതയില്ലെങ്കില്‍ ദേശീയ പാതയിലെത്തണമെങ്കില് ദീര്‍ഘദൂരം ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്മാന് ബിജിത് കുമാര്‍, കണ്‍വീനര്‍ മിഥുന് മനോഹര്‍, മീഡിയാസെല് കോ-ഓര്‍ഡിനേറ്റര്‍ ഷിബി.എം തോമസ്, വൈസ് ചെയര്മാന് മോഹന്‍.കെ എന്നിവര്‍ പങ്കെടുത്തു.
