എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി:  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടുന്നതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഈ പദവിയിലേക്ക് പരിഗണിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍
മറ്റ് ഉദ്യോഗസ്ഥരില്ലേയെന്ന് കോടതി ചോദിച്ചു. ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ടുകൂടി മുന്‍പോട്ട് പോയ രാജ്യമാണിതെന്ന് ഓര്‍ക്കണമെന്നും കോടതി കേന്ദ്രത്തോട് പറഞ്ഞു. ഇ. ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിലാണ് കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ചോദ്യങ്ങളുന്നയിച്ചത്.

അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ സഞ്ജയ് മിശ്ര. ഇ. ഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേയെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ‘2023 ല്‍ മിശ്ര വിരമിക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എന്തു സംഭവിക്കും? ഇപ്പോള്‍ ബാഹ്യപരിധിയായി നിശ്ചയിച്ചിരിക്കുന്ന അഞ്ച് വര്‍ഷത്തെ കാലാവധി അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഒരു ഭേദഗതിയിലൂടെ നിങ്ങള്‍ അഞ്ച് വര്‍ഷത്തിനു പകരം ആറ് വര്‍ഷം അനുവദിക്കുമായിരുന്നോ?’, ജസ്റ്റിസ് ഗവായ് ചോദിച്ചു.

എന്നാല്‍ വ്യക്തിപരമായ ഒരു താല്‍പര്യവുമല്ല കാലാവധി നീട്ടുന്നതിന് പിന്നിലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഭീകരര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകന യോഗം ഉടന്‍ ചേരുകയാണ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗത്തില്‍ ഇതുവരെയുള്ള നടപടികള്‍ അവലോകനം ചെയ്യാന്‍ സഞ്‌യ് മിശ്രയുടെ സേവനം ആവശ്യമാണെന്നും തുഷാര്‍ മേത്ത അറിയിച്ചു.

എന്നാല്‍ അക്കാര്യം വിലയിരുത്താന്‍ കഴിവും അര്‍ഹതയുമുള്ള മറ്റാരുമില്ലേയെന്ന് കോടതി ചോദിച്ചു. അധികാരത്തില്‍ ഇരുന്ന ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ട രാജ്യമാണിതെന്നും, എന്നിട്ടും കാര്യങ്ങള്‍ മുന്‍പോട്ട് പോയെന്നും കേന്ദ്രത്തെ കോടതി ഓര്‍മ്മപ്പെടുത്തി. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ സഞ്ജയ് മിശ്രയെ 2018ലാണ് ഇഡി ഡയറക്ടറായി അദ്യം നിയമിക്കുന്നത്. രണ്ടായിരത്തി ഇരുപത് നവംബറില്‍ കാലാവധി കഴിയാനിരിക്കേ ഒരു വര്‍ഷത്തേക്ക് നീട്ടി. തുടര്‍ന്ന് രണ്ടായിരത്തി ഇരുപത്തിയൊന്ന് സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി.

പിന്നീട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ആക്ടില്‍ ഭേദഗതി വരുത്തി കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി ഓര്‍ഡിനന്‍സും പുറത്തിറക്കി. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡോ ജയ താക്കൂര്‍ എന്നിവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *