മീശ പിരിച്ച് മമ്മൂട്ടി, പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റ് തിയേറ്ററുകളില്‍

മീശ പിരിച്ച് മമ്മൂട്ടി, പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റ് തിയേറ്ററുകളില്‍

സ്‌പൈ ആക്ഷന്‍ ത്രില്ലെര്‍ ആയി സുരേന്ദര്‍ റെഡ്ഢി രചനയും സംവിധാനവും നിര്‍വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റിന്റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവച്ചു. ‘ഡെവിള്‍’ എന്ന ടൈറ്റിലില്‍ ദയയില്ലാത്ത രക്ഷകനായാണ് മേജര്‍ മഹാദേവന്റെ ആദ്യ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇപ്പോള്‍ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററില്‍ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള മേജര്‍ മഹാദേവനെയാണ് കാണാനാകുന്നത്. ലോകവ്യാപകമായി ഇന്ന് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ നാഗാര്‍ജുന അക്കിനേനി മമ്മൂക്കയെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ‘സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മമ്മൂട്ടി വളരെയധികം ശ്രദ്ധാലുവാണ്, അദ്ദേഹം ഏജന്റില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയപ്പോള്‍ തന്നെ ഏജന്റ് ബ്ലോക്ക്ബസ്റ്റര്‍ ആണെന്ന കാര്യം ഉറപ്പാണ്. മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം മാത്രമല്ല അതുവഴി അഖിലിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് കൂടി വഴിതെളിയിക്കുന്നു’. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. അദ്ദേഹം ഡബ്ബ് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

നേരത്തെ റിലീസ് ചെയ്ത ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രൈലര്‍, തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന ചിത്രമാണ് ഏജന്റെന്ന് ഉറപ്പ് നല്‍കുന്നു. മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖില്‍ അക്കിനേനിയുമെത്തുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് പൂര്‍ത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ‘ദി ഗോഡ്’ എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖില്‍,ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂരാണ് ആണ്. എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. ആക്ഷന്‍രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹങ്കറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *