മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് അരങ്ങൊഴിഞ്ഞു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു നടന്‍ മാമുക്കോയയുടെ വിയോഗം. ജീവിതാവസാന നിമിഷങ്ങളിലും അങ്ങേയറ്റം പ്രണയിച്ചിരുന്ന ഫുട്‌ബോള്‍ മത്സര വേദിയില്‍ വച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍വച്ച് ജീവഹാനിയുണ്ടാവുകയും ചെയ്തത്. മലയാളികളുടെ സിനിമാനുഭവത്തെ വേറിട്ട വഴിയിലൂടെ നടത്തിക്കുകയും കലര്‍പ്പില്ലാതെ ഹാസ്യം അനുഭവഭേദ്യമാക്കുകയും ചെയ്ത നടനാണ് മാമുക്കോയ. സിനിമാലോകവും മലയാളി പ്രേക്ഷകനും എക്കാലവും നെഞ്ചേറ്റുന്ന നിരവധിയായ അവിസ്മരണീയ അനുഭവങ്ങള്‍ അദ്ദേഹം വെള്ളിത്തിരയില്‍ തകര്‍ത്തഭിനയിച്ചു. ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തുന്ന അഭിനയ പാടവം കൈമുതലുണ്ടായിരുന്ന അപൂര്‍വ്വം ചില നടന്മാരില്‍ ഒരാളാണ് മാമുക്കോയ. മലബാറിന്റേയും കോഴിക്കോടിന്റേയും തനിനാടന്‍ ശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു.
ഒരു സിനിമ മുന്നോട്ട് വയ്ക്കുന്ന അനുഭവങ്ങളുടെ ആകെ തുകയില്‍ ഒഴിച്ചു കൂടാനാവത്തതാണ് ഹാസ്യം. ആ ഹാസ്യം ഇത്രയേറെ അഭിനയിച്ച് പ്രതിഫലിപ്പിച്ച നടന്‍മാരില്‍ പ്രമുഖനാണ് മാമുക്കോയ. മലയാള സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കോഴിക്കോടന്‍ നാടകവേദികളിലും മാമുക്കോയ നിറഞ്ഞാടി. നാടകത്തെ നെഞ്ചേറ്റിയ അദ്ദേഹം നാടകത്തില്‍ നിന്നാണ് സിനിമയിലേക്കെത്തുന്നത്. 1946 ജൂലൈ അഞ്ചിന് കോഴിക്കോട്ടെ പള്ളിക്കണ്ടിയില്‍ ജനിച്ച അദ്ദേഹം പത്താംക്ലാസുവരെ എം.എം ഹൈസ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്ന് ജീവിതഭാരം പേറി തൊഴിലിലേക്കിറങ്ങി. ഇക്കാലത്ത് നാടകാഭിനയം കൂട്ടിനുണ്ടായിരുന്നു. കെ.ടി പ്രദീപും വാസുപ്രദീപും എ.കെ പുതിയങ്ങാടിയും നല്‍കിയ പ്രോത്സാഹനം നാടകമേഖലയില്‍ തിളങ്ങാന്‍ ഈ കലാകാരനെ പ്രാപ്തനാക്കി.
1979ല്‍ നിലമ്പൂര്‍ ബാലന്റെ അന്യരുടെ ഭൂമി എന്ന സിനിമയിലൂടെയാണ് മാമുക്കോയ തിരശ്ശീലയിലെത്തുന്നത്. ജീവിതത്തിന്റെ നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. പിന്നീട് 500ഓളം സിനിമകളില്‍ അദ്ദേഹം വേഷം ചെയ്തു. എല്ലാം പ്രേക്ഷകലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്നതാണല്ലോ സിനിമകള്‍. നാടോടിക്കാറ്റിലെ ഗഫൂര്‍ കാ ദോസ്തിലൂടെ വിസ കച്ചവടത്തില്‍ പെട്ടിരുന്ന മലയാളികളുടെ നേര്‍ച്ചിത്രം വളരെ രസകരമായി എല്ലാകാലത്തും ഓര്‍ത്ത് ചിരിക്കാന്‍ ഈ മഹാനാടന്‍ ഭംഗിയായി അവതരിപ്പിച്ചു. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആ അഭിനയജീവിതം പ്രധാന വേഷങ്ങളും നായകവേഷവും കെട്ടിയാടി. ജീവിതത്തെ ഹാസ്യാത്മകമായി സമീപിക്കാന്‍ അദ്ദേഹം വഴിയൊരുക്കി.
കോഴിക്കോടന്‍ മാപ്പിള ഭാഷയ്ക്ക് മലയാള സിനിമയില്‍ ഒരിടം കണ്ടെത്തിയത് മാമുക്കോയയിലൂടെയായിരുന്നു. മന്ത്രമോതിരത്തിലെ മഹര്‍ഷിയും ഹിസ് ഹൈനസ് അബ്ദുള്ളയിലെ നമ്പൂതിരി വേഷം കെട്ടിയ മാപ്പിളയും മാമുക്കോയ നമ്മെ ഹാസ്യത്തിലാറാടിച്ചു. കണ്‍കെട്ടിലെ കീലേരി അച്ചു, റാംജിറാവുവിലെ ഹംസക്കോയ, മഴവില്‍ക്കാവടിയിലെ കുഞ്ഞികാദര്‍ എന്നീ കഥാപാത്രങ്ങളേയും മാമുക്കോയ തനത് ശൈലിയില്‍ അവതരിപ്പിച്ചു. അഭിനയ ജീവിതത്തോടൊപ്പം സാമൂഹിക പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെടാന്‍ സമയം കണ്ടെത്തിയിരുന്നു. നേരിനായി നിലകൊള്ളുകയും ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തെരുവിലിറങ്ങുകയും സിനിമാ മേഖലയിലെ കള്ളും കലയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തേയും അദ്ദേഹം വിമര്‍ശിച്ചു. കോഴിക്കോട് സംഭാവന ചെയ്ത് ഈ ഹാസ്യസാമ്രാട്ട് വിടപറഞ്ഞിരിക്കുകയാണ്. മലയാളി ഉള്ളിടങ്ങളില്‍ ചിരിയുടെ തിരിക്ക് തീ കൊളുത്താന്‍ കെല്‍പ്പുള്ള ഈ നടന്റെ അഭാവം നമുക്ക് നികത്താനാവാത്തതാണ്. മലയാള സിനിമയില്‍ സമശീര്‍ഷനായ ഇന്നസെന്റ് വിടവാങ്ങിയിട്ട് ചുരുക്കം ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനിടയിലാണ് മാമുക്കോയയുടെ വിയോഗവാര്‍ത്ത നമ്മെ ദുഃഖിപ്പിക്കുന്നത്. നാട്യങ്ങളില്ലാത്ത പച്ചയായ ഈ കലാകാരന്റെ വിയോഗത്തില്‍ പീപ്പിള്‍സ് റിവ്യൂ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.