മാഹി: അരനൂറ്റാണ്ടിനിപ്പുറം അപ്പൂപ്പന്‍മാരും, അമ്മൂമ്മമാരുമൊക്കെയായി മാറിയ മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളജിലെ ആദ്യകാല ബാച്ചുകാരായ സതീര്‍ത്ഥ്യര്‍ മാഹി തീര്‍ത്ഥ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് ജീവിതത്തിലെ അത്യപൂര്‍വമായ പുനഃസമാഗമമായി. ദശകങ്ങളായി തമ്മില്‍ കാണാതിരുന്ന, ദേശത്ത് നിന്നും വിദേശങ്ങളില്‍ നിന്നുമെത്തിയവര്‍ സൗഹൃദങ്ങള്‍ പങ്കുവച്ചും കളിതമാശകള്‍ പറഞ്ഞും ആടിയും പാടിയും ജീവിതത്തിന്റെ വസന്തകാലം തിരിച്ചുപിടിച്ചു. പ്രണയവും വിപ്ലവവും വികൃതികളുമെല്ലാം ഇന്നലെയെന്ന പോലെ അവര്‍ ഓര്‍ത്തെടുത്ത് പങ്കുവെച്ചു.
അടിയന്തിരാവസ്ഥാ കാലത്തെ തിളച്ചുമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍, കലാശാലയില്‍ നടന്ന തീഷ്ണമായ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മുറിവുകളുണങ്ങാത്ത ഓര്‍മ്മകളും ഒരുവട്ടം കൂടി അനുഭവവേദ്യമായി. മയ്യഴിയുടെ ചരിത്ര പുരുഷന്മാരായ മയ്യഴി വിമോചന പോരാട്ടത്തിലെ രക്തസാക്ഷി പി.കെ ഉസ്മാന്‍ മാസ്റ്ററുടെ മകന്‍ ഫൈസല്‍, മുന്‍ മാഹി മേയറും കാല്‍ നൂറ്റാണ്ടിലേറെക്കാലം എം.എല്‍.എ യും പുതുച്ചേരി മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എന്‍ പുരുഷോത്തമന്റെ മകന്‍ മിത്രന്‍, പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും മുന്‍ മന്ത്രിയുമായ സി.ഇ ഭരതന്റെ മകള്‍ സീനാ ഭരതന്‍, ഫ്രഞ്ച് ഭരണകാലത്ത് ദീര്‍ഘകാലം മയ്യഴി മേയറായിരുന്ന പുന്നരാമോട്ടിയുടെ ചെറുമകന്‍ പുന്ന സത്യന്‍, മയ്യഴിവിമോചന സമര നായകന്‍ മയ്യഴി ഗാന്ധി ഐ.കെ.കുമാരന്‍ മാസ്റ്ററുടെ സഹോദരപുത്രി ഹിരണ്‍മയി ടീച്ചര്‍ , പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരന്‍ മംഗലാട്ട് ഗോവിന്ദന്റെ മകന്‍ പ്രകാശ് മംഗലാട്ട്, എന്നിവരും അധ്യാപക അവാര്‍ഡ് ജേതാവ് സി.എച്ച് പ്രഭാകരന്‍, എ.ജയരാജ്, ഫൈസല്‍ ബിണ്ടി, ചിത്ര, വി.കെ സു ഷാന്ത്, പി.കെ രാഗേന്ദ്രനാഥ്, പി.ടി പ്രേമരാജ്, പി.സുരേഷ്, എസ്.കെ.വിജയന്‍, എം.സുധര്‍മ്മ ,സി.സി.അജിത, സുഗത, ചിത്രസൗരേന്ദ്രന്‍, ഗിരിജ , പി.വി.രതീഷ്, പ്രേമന്‍ കല്ലാട്ട്, എ.വിമല്‍ കുമാര്‍, സാഹിത്യകാരന്‍ രവീന്ദ്രന്‍ കളത്തില്‍, പ്രിന്‍സിപ്പാള്‍ ഡോ.വി.കെ വിജയന്‍, വിനോദ് വടകര, കെ.എം.ചന്ദ്രന്‍ മാസ്റ്റര്‍, കെ.ഇ ഹാഷിം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു തുടങ്ങിയവര്‍ കലാശാലാ അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.