തലശ്ശേരി: ഉത്തര കേരളത്തില്‍ ശ്രീനാരായണ ഗുരുസ്വാമികള്‍ പ്രതിഷ്ഠിച്ച ഒന്നാമത്തെ ക്ഷേത്രമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങള്‍ ഇന്ന് രാത്രിയോടു കൂടി ജഗന്നാഥ സന്നിധിയിലെത്തും. പരവൂര്‍ ബ്രഹ്‌മശ്രീ രാകേഷ് തന്ത്രികളാണ് കൊടിയേറ്റിന് കാര്‍മികത്വം വഹിക്കുക. ഉദ്ദിഷ്ട കാര്യസിദ്ധിക്കും ഉപകാരസ്മരണയ്ക്കുമായാണ് വിശ്വാസ സമൂഹം കൊടിയേറ്റ വേളയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി ഇവിടെയെത്തുന്നത്. മഹോത്സവം വന്‍ വിജയമാക്കാന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഇരുന്നൂറോളം ശ്രീ നാരായണമഠങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വൈവിധ്യമാര്‍ന്ന ചന്തകളും, അമ്യൂസ്‌മെന്റ് പാര്‍ക്കുകളും, പലതരം റൈഡുകളും, മരണക്കിണറുമെല്ലാം ഉത്സവ പറമ്പിന്‍െ ആകര്‍ഷണമാണ്. ഇന്ന് രാത്രി അത്താഴപൂജക്ക് ശേഷം വമ്പിച്ച കരിമരുന്ന് പ്രയോഗവുമുണ്ടാകും. 11.15ന് എഴുന്നള്ളത്ത് നടക്കും. നാളെ വൈകീട്ട് ഏഴ് മണിക്ക് ശിവഗിരി മഠത്തിലെ ഗുരുപ്രസാദ് സ്വാമികളുടെ അധ്യക്ഷതയില്‍ ശ്രീനാരായണ ഗുരു ഉയര്‍ത്തിയ മാനവികത എന്ന വിഷയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യഭാഷണം നടത്തും. 9.30ന് മെഗാഷോ ബംബര്‍ ആഘോഷരാവ് അരങ്ങേറും.
