മാഹി: പുതുച്ചേരിയില്‍ നിന്നെത്തിയ ജി.എസ്.ടി വിജിലന്‍സ് വിഭാഗം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാഹിയില്‍ വിവിധ കടകളില്‍ നടത്തിയ റെയ്ഡ് അവസാനിപ്പിച്ചു. പുതുച്ചേരി ട്രേഡേര്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ശിവശങ്കര്‍ എം.എല്‍.എ പുതുച്ചേരിയിലെ സെയില്‍ ടാക്‌സ് കമ്മീഷണര്‍ രാജശേഖരനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ പുതുച്ചേരിയിലേക്ക് തിരിച്ചുവിളിച്ചത്. ചര്‍ച്ചയില്‍ മാഹിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ അനില്‍കുമാറും ഓണ്‍ലൈന്‍ വഴി പങ്കെടുത്തിരുന്നു. കടകള്‍ തോറുമുള്ള റെയ്ഡുകളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഒന്നടങ്കം അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണയും നടത്തിയിരുന്നു. സമരം വിജയിപ്പിച്ച വ്യാപാരികളോടും പിന്തുണച്ച പൊതുജനങ്ങളോടും ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ അനില്‍കുമാര്‍ നന്ദി അറിയിച്ചു.