ബഫര്‍സോണ്‍; വനംവകുപ്പിന്റെ ഭൂപടം പ്രസിദ്ധീകരിച്ചു

ബഫര്‍സോണ്‍; വനംവകുപ്പിന്റെ ഭൂപടം പ്രസിദ്ധീകരിച്ചു

  • പരിശോധിച്ച് ജനങ്ങള്‍ക്ക് പരാതി നല്‍കാം

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിന്റെ ഭൂപടം പ്രസിദ്ധീകരിച്ചു. 2021ല്‍ കേരളം കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത് (https://www.kerala.gov.in/subdetail/MTAzNDg5MDcyLjI4/MjIwNjM2NjAuMDg=). സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയവ 12 ഇനമായി രേഖപ്പെടുത്തി. ജനവാസമേഖല ഉള്‍പ്പെടുന്നതിലെ പരാതി നല്‍കാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചു. എതിര്‍പ്പ് അറിയിക്കേണ്ടത് വനംവകുപ്പിന്റെ ഈ ഭൂപടം അനുസരിച്ചാണ്. സര്‍വേ നടത്തിയ പ്ലോട്ട്, വില്ലേജ്, പഞ്ചായത്ത് തുടങ്ങിയവ പ്രത്യേകം കാണാം.

22 സംരക്ഷിത പ്രദേശങ്ങള്‍ക്കുചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്

ഭൂപടത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് പിങ്ക് നിറമാണ്. പച്ച– വനം, കറുപ്പ്– പഞ്ചായത്ത്, ചുമപ്പ്– വാണിജ്യകെട്ടിടങ്ങള്‍, നീല -വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ബ്രൗണ്‍-ഓഫിസ്, മഞ്ഞ-ആരാധനാലയങ്ങള്‍, വയലറ്റ്– താമസസ്ഥലം.

ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങണം. വാര്‍ഡ് തലത്തില്‍ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാര്‍ഡ് അംഗം, വില്ലേജ് ഓഫിസര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നാകണം. നടപടികള്‍ വേഗത്തിലാക്കാനും പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫര്‍ മേഖലയില്‍ ആണ്. വയനാട് കോഴിക്കോട് ജില്ലകളിലെ ഏഴ് പഞ്ചായത്തുകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ കൂരാച്ചുണ്ട് ചക്കിട്ടപാറ മേഖലകള്‍ ബഫര്‍ സോണിലാണ്. ഓരോ വില്ലേജിലെയും പ്ലോട്ട് തിരിച്ചുള്ള വിവരം മാപ്പില്‍ ലഭ്യമാണ്. ബഫര്‍ സോണില്‍ ഇത്രയേറെ ജനവാസ കേന്ദ്രങ്ങള്‍ ഉണ്ടെന്ന് കോടതിയെ അറിയിക്കാന്‍ ആണ് ശ്രമം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാപ്പില്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടാലും ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇതിന്മേലുള്ള പരാതികള്‍ ഫീല്‍ഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഫീല്‍ഡ് സര്‍വേ നടപടിക്കുള്ള വിശദമായ സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് ഇന്ന് പുറത്തിറക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *