ഇരട്ട കൊലപാതകം: സി.പി.എം പുകമറ സൃഷ്ടിക്കുന്നു: ബി.ജെ.പി

ഇരട്ട കൊലപാതകം: സി.പി.എം പുകമറ സൃഷ്ടിക്കുന്നു: ബി.ജെ.പി

തലശേരി: ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരേ സി.പി.എം നടത്തിയ പ്രതിരോധത്തിന്റെ ഭാഗമായാണ് ഇരട്ടക്കൊലപാതകം നടന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ഹീന ശ്രമമാണ് സി.പി.എം നേതൃത്വം നടത്തുന്നതെന്നും,.ഇതിന് ചില മാധ്യമങ്ങളടക്കം ഒത്താശ ചെയ്യുകയാണന്നും ബി.ജെ.പി.ജില്ലാ അദ്ധ്യക്ഷന്‍ എന്‍.ഹരിദാസ് പ്രസ്താവനയില്‍ ആരോപിച്ചു.
വാഹന വില്‍പ്പന സംബന്ധിച്ച് നടന്ന തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കൊന്നവരും, കൊല്ലപ്പെട്ടവരും സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരാണ്. കൊന്നവരെ ഒളിവില്‍ താമസിപ്പിച്ചത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ്.പാര്‍ട്ടി യിലെ ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തെ, ലഹരിക്കെതിരെ പോരാട്ടമായി ചിത്രീകരിക്കുന്നത് അല്‍പ്പത്തരമാണ്. കൊലപാതകത്തെ വക്രീകരിച്ച് രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് നീക്കം. തലശേരി നഗരസഭയില്‍ ഒത്തുകൂടി ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ സര്‍വ്വകക്ഷി പ്രമേയം പാസാക്കേണ്ട ആവശ്യമൊന്നുമില്ല. സി.പി.എം ഒറ്റയ്ക്ക് പ്രമേയം പാസാക്കി നടപടിയെടുത്താല്‍ തന്നെ തലശേരിയിലെ ലഹരി വില്‍പ്പന സ്വിച്ച് ഓഫ് ചെയ്ത പോലെ നില്‍ക്കുമെന്നിരിക്കെയാണ് നഗരസഭയിലെ പൊറാട്ട് നാടകം.പലിശക്ക് പണം നല്‍കിയതും, അതിന് വാഹനം ഈട് നല്‍കിയതും തുടര്‍ന്ന് നിരവധി തവണ പാര്‍ട്ടി നേതാക്കള്‍ അനുരജ്ജനശ്രമം നടത്തിയതും യാഥാര്‍ത്ഥ്യമാണ്. അതിനു ശേഷമാണ് തര്‍ക്കവും ,കൊലപാതകവും നടക്കുന്നത്. വസ്തുത ഇതായിരിക്കെ, നുണ പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കാനാണ് സിപിഎം നീക്കം.
ഇത് പരിഹാസ്യമാണ്. മുന്‍പ് നടന്ന തലശേരി കലാപത്തിലും സിപിഎം ന്യൂനപക്ഷങ്ങള്‍ക്കൊപ്പമെന്ന പ്രതീതി വരുത്തി വേട്ടക്കാരായി മാറി കലാപത്തില്‍ പങ്കാളികളായതിന്റെ യഥാര്‍ത്ഥ ചിത്രം വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നതാണ്. സമാനമായ സാഹചര്യമാണ് നിലവില്‍ തലശേരി അഭിമുഖീകരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരാണ് ലഹരി വില്‍പ്പനയ്ക്ക് പിന്നില്‍. അവര്‍ വില്‍പ്പന അവസാനിപ്പിച്ചാല്‍ തലശേരി മേഖല ലഹരിയില്‍ നിന്നും ഏറെ കുറെ മോചിതമാകും.പാര്‍ട്ടി നേതൃത്വം പല സന്ദര്‍ഭങ്ങളിലും ഇത്തരം മാഫിയ രാഷ്ട്രീയ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് പിന്തുണ നല്‍കാറാണ് പതിവ്.ലഹരി മാഫിയ സംഘങ്ങള്‍ ലഹരി വില്‍പ്പന നടത്തുമ്പോള്‍ ഉള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്ലെന്ന ഗീബല്‍സീയന്‍ നുണ വിശ്വസിക്കാന്‍ തലശേരി മേഖലയിലെ പ്രബുദ്ധ ജനത വിഡ്ഡീകളല്ലെന്ന് സിപിഎം നേതൃത്വം മനസിലാക്കുന്നത് നല്ലതാണെന്നും, സിപിഎം നടത്തുന്ന നുണ പ്രചരണങ്ങളുടെ ചിലന്തിവലയില്‍ പൊതുസമൂഹം കുടുങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും എന്‍.ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *