തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വ്യാപകമായി ഉയരുന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കും.11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കേന്ദ്രാനുമതി ഉണ്ടെങ്കില്‍ മാത്രം മതിയെന്നാണ് തീരുമാനം.
കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ ആസൂത്രണം ചെയ്യപ്പെട്ട അര്‍ധ-അതിവേഗ റെയില്‍വേ പദ്ധതിയാണ് സില്‍വര്‍ലൈന്‍. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്നായിരുന്നു ഇതിന് വിശേഷണം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം.
11 ജില്ലകളിലൂടെയാണ് നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍’ (കെ-റെയില്‍) എന്ന കമ്പനിയാണ് പദ്ധതി നടത്തിപ്പുകാര്‍. വലിയ എതിര്‍പ്പുകള്‍ പദ്ധതിക്കെതിരേ തുടക്കം മുതലേ ഉണ്ടായിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാനും പദ്ധതിയിട്ടിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അയ്യായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. പദ്ധതി 2027ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്.
2020 ജൂണില്‍ ഡി.പി.ആര്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രാനുമതിയില്‍ ഇതുവരെ തീരുമാനം ഒന്നുമില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സില്‍വര്‍ലൈന്‍ സര്‍വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടല്‍ അവസാനിപ്പിച്ചത്. പദ്ധതിക്ക് കേന്ദ്രാനുമതി കൂടിയേ തീരൂ എന്ന് മുഖ്യമന്ത്രി അടക്കം ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രാനുമതി കിട്ടിയ ശേഷം മതി ഇനി തുടര്‍ പ്രവര്‍ത്തനങ്ങളെന്ന ധാരണയിലേക്ക് സര്‍ക്കാര്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്.