ദോഹ: സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ പരുക്കേറ്റതിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്ത്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനായി കളിക്കുമ്പോള്‍ പരുക്കേറ്റ മാനെയെ ഉള്‍പ്പെടുത്തിയാണ് സെനഗല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍, പരുക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ മാനെക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് സെനഗല്‍ ടീം ഡോക്ടര്‍ മാന്യുവല്‍ അഫോന്‍സോ പറഞ്ഞു. ലോകകപ്പില്‍ ആഫ്രിക്കയുടെ ഏറ്റവും വലിയ പ്രതീക്ഷയായ സെനഗലിന് കനത്ത തിരിച്ചടിയാണ് മാനെയുടെ പിന്‍മാറ്റം. മാനെയുടെ പകരക്കാരനെ പരിശീലകന്‍ അലിയു സിസെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ ഈജിപ്തിനെ കീഴടക്കി സെനഗല്‍ ചാംപ്യന്‍മാരായപ്പോള്‍ വിജയഗോള്‍ നേടിയത് 30കാരായ മാനെയായിരുന്നു. ലിവര്‍പൂള്‍ താരമായിരുന്ന മാനെ ഈ സീസണിലാണ് ബയേണ്‍ മ്യൂണിക്കിലെത്തിയത്. ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗല്‍, ഖത്തര്‍, നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍ ടീമുകള്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. 21ന് നെതര്‍ലന്‍ഡ്‌സിനെതിരേയാണ് സെനഗലിന്റെ ആദ്യ മത്സരം.
ലോകകപ്പ് നോക്കൗട്ട് ഘട്ടമാവുമ്പോഴേക്കെങ്കിലും പരുക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ പരുക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യാഴാഴ്ച നടത്തിയ എം.ആര്‍.ഐ സ്‌കാനിങ്ങില്‍ വ്യക്തമായതോടെ മാനെ ലോകകപ്പില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബ്രെമ്മനെതിരായ ബയേണ്‍ മ്യൂണിക്കിന്റെ മത്സരത്തിനിടെയാണ് മാനെയുടെ കാലിന് പരുക്കേറ്റത്. ആദ്യം പരുക്ക് സാരമുള്ളതല്ലെന്നായിരുന്നു വിലയിരുത്തലെങ്കിലും കടുത്ത വേദനയും നീര്‍ക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് പരുക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യക്തമായത്.