കോഴിക്കോട്: ജാമിഅ മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന 15ാമത് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരങ്ങള്‍ നാളെ സമാപിക്കും. ദേശീയ തലത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ 83 കോളേജുകളില്‍ നിന്നായി 219 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഒമ്പതിന് ആരംഭിച്ച മത്സരങ്ങളിലെ വിജയികളെ നാളെ വൈകുന്നേരം നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രഖ്യാപിക്കും. 14 വര്‍ഷമായി സംസ്ഥാന തലത്തില്‍ നടന്നിരുന്ന മത്സരം ഇതാദ്യമായാണ് ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ മത്സരമായ അല്‍ ഫഹീമില്‍ മൂന്നരലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സംഗമം സംസ്ഥാന വിവരാവകാശ കമ്മീഷന് അംഗം എ.എ ഹകീം നഹ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ സന്ദേശങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വെളിച്ചം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, അഡ്വ. തന്‍വീര്‍ ഉമര്‍, സി.പി ഉബൈദുല്ല സഖാഫി, അബൂഹനീഫ സഖാഫി, അബൂബക്കര്‍ സഖാഫി, ബശീര്‍ സഖാഫി, ഉനൈസ് മുഹമ്മദ്, കെ.കെ ശമീം, അക്ബര്‍ ബാദുഷ സഖാഫി സംബന്ധിച്ചു.
