പുതുജീവിതവുമായി യുവാവ് നാട്ടിലേക്ക്

ദുബൈ: പുതുജീവിതം ലഭിച്ച സന്തോഷത്തിൽ കോഴിക്കോട് കുന്ദമംഗലം സ്വദേശി ക്യഷാൽ നാട്ടിലേക്ക് മടങ്ങുന്നു. ഇൻകാസ് ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീമിന്റെ ഇടപെടലിനെത്തുടർന്നാണ് കൃഷാലിന് വേഗം നാട്ടിലേക്ക് മടങ്ങാൻ സാഹചര്യമൊരുങ്ങിയത്. പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനാൽ ബുധനാഴ്ച ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന്  ഔട്ട്പാസ് ലഭിച്ചിരുന്നു, വന്ദേഭാരത് മിഷന്റെ അടുത്ത വിമാനത്തിൽ കൃഷാൽ നാട്ടിലേക്ക് മടങ്ങുമെന്നും വൈ.എ. റഹീം അറിയിച്ചു. സന്ദർശക വിസയിൽ ഷാർജയിലെത്തിയ കൃഷാൽ ഒരു മാസം മുമ്പാണ് സജയിൽ വെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. സജയിലെ മരുഭൂമിയിൽ ദിവസങ്ങളോളം കൃത്യമായ ആഹാരമില്ലാതെ അലഞ്ഞു നടക്കുകയായിരുന്ന കൃഷാലിന്റെ ദയനീയാവസ്ഥ മാധ്യമ വാർത്തയായിരുന്നു. വാർത്തയറിഞ്ഞ് ഇൻകാസ് ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീമിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സജയിലെത്തി കൃഷാലിനെ ഏറ്റെടുത്തു. ക്ഷീണിച്ചവശനായനിലയിലായിരുന്നു കൃഷാൽ. രാത്രിയോടെ ഷാർജ ക്ലോക്ക് ടവറിനടുത്തുള്ള ഹോട്ടലിൽ താമസിപ്പിച്ചെങ്കിലും പുലർച്ചയോടെ അയാളെ കാണാതാവുകയായിരുന്നു. എന്നാൽ ഇൻകാസ് പ്രവർത്തകർ യുവാവിനെ രാത്രിയോടെ ഒരു കെട്ടിടത്തിന്റെ സമീപത്തു നിന്ന് കണ്ടെത്തി. പിറ്റേന്നു തന്നെ അവീറിലെ അൽ അമൽ മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 ദിവസത്തെ ചികിത്സ പൂർത്തിയാക്കിയ കൃഷാലിന്  അസുഖം ഭേദമാവുകയായിരുന്നു. പാസ്‌പോർട്ട്, പണം, മൊബൈൽ ഫോൺ എന്നിവയും സജയിൽവെച്ച് നഷ്ടമായിരുന്നു. തനിക്ക് പുതുജീവിതം നൽകിയ ഇൻകാസ് പ്രവർത്തകരായ അഡ്വ. വൈ.എ. റഹീം, സി.പി. ജലീൽ, എ.വി. മധു, ബിജു ഇസ്മായിൽ, അബ്ദുൽ സലാം, ഷാനവാസ്, സയിദ് സാഫി, സിജു എന്നിവർക്ക് കൃഷാൽ നന്ദി പറഞ്ഞു.  ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന ഇൻക്കാസ് ഷാർജ യൂണിറ്റ് കമ്മിറ്റിയെ ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അഭിനന്ദിച്ചു.

ഇൻകാസ് പ്രവർത്തകർ കൃഷാലിനെ നാട്ടിലേക്ക് യാത്രയാക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *