- പെന്ഷന് പദ്ധതിയില്‍ ചേരാന്‍ സമയപരിധിയില്‍ ഇളവ്
ന്യൂഡല്‍ഹി: പി.എഫ് പെന്ഷന് കേസില്‍ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. ഉയര്‍ന്ന വരുമാനത്തിന് അനുസരിച്ച് പെന്ഷന് എന്ന കാര്യത്തില്‍ തീരുമാനമില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണം എന്ന നിര്‍ദേശവും റദ്ദാക്കി. അവസാന വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കണം എന്ന ആവശ്യവും കോടതി തള്ളി. മാറിയ പെന്ഷന് പദ്ധതിയില്‍ ചേരാനുള്ള സമയപരിധിയില്‍ സുപ്രീംകോടതി ഇളവ് നല്കി. പദ്ധതിയില്‍ ചേരാന്‍ നാല് മാസം സമയം കൂടിയാണ് നല്‍കിയിരിക്കുകയാണ് കോടതി.
ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ് പെന്ഷന് നല്‍കണമെന്ന് വ്യക്തമാക്കി ഡല്‍ഹി, കേരള, രാജസ്ഥാന് ഹൈക്കോടതികള്‍ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഇ.പി.എഫ്.ഒ, തൊഴില്‍ മന്ത്രാലയം തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. ആറ് ദിവസമാണ് കേസില്‍ സുപ്രീംകോടതി വാദം കേട്ടത്. എംപ്ലോയ്മെന്റ് പെന്ഷന് സ്കീമീല്‍ 2014ലെ കേന്ദ്രഭേദഗതിയാണ് കേസിന് ആധാരം. പി.എഫില്‍ നിന്ന് പെന്ഷന് സ്കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാന ശമ്പളത്തിന് 15,000 രൂപയുടെ മേല്‍പ്പരിധി നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെ 15,000 രൂപയിലേറെ ശമ്പളമുള്ളവര്‍ക്ക് യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായ തുക പെന്ഷന് ഫണ്ടിലേക്ക് മാറ്റാന്‍ അവസരം കിട്ടി. പെന്ഷന് പദ്ധതിയില്‍ ചേരുന്നതിന് സമയ പരിധി ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെന്ഷന് കണക്കാക്കുന്ന കേന്ദ്ര നിയമഭേദഗതിയിലെ രീതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെന്ഷന് നല്കിയാല് പി.എഫ് ഫണ്ട് ഇല്ലാതെയാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. പെന്ഷന് ഫണ്ട് വ്യവസ്ഥകളിലെ ഭേദഗതി സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണെന്നും ഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. പെന്ഷന് കണക്കാക്കുന്നതിന് അവസാന 12 മാസത്തിനു പകരം അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയത് ശമ്പളക്കുറവ് പ്രതിഫലിക്കാതെയിരിക്കാനാണ്. പി.എഫ് ഫണ്ട് പദ്ധതിയിലും പെന്ഷന് പദ്ധതിയിലും നിക്ഷേപം രണ്ടായി കാണണം, പി.എഫ് ഫണ്ട് ബാങ്കുകളുടെ നിക്ഷേപ സ്വഭാവമുള്ള സംവിധാനമാണ്. എന്നാല്‍ പെന്ഷന് ഫണ്ട് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതിയാണ്. പി.എഫ് ഫണ്ടിന്റെ പ്രവര്‍ത്തനം മോശമായ സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നും പതിനാറ് ലക്ഷം കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നും കേന്ദ്രം വാദിക്കുന്നു.