ഡോ. ജോർജ് ഓണക്കൂറുമായി അഭിമുഖം

അദ്ധ്യാപകൻ, സാഹിത്യകാരൻ, നോവലിസ്റ്റ്, നിരൂപകൻ, പ്രഭാഷകൻ എന്നീ നിലകളിലൊക്കെ പ്രശസ്തനായ ജോർജ്ജ്. ഓണക്കൂറുമായി അദ്ദേഹത്തിന്റെ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള വസതിയിൽവെച്ച് ലേഖകൻ കെ. പ്രേമചന്ദ്രനായർ നടത്തിയ അഭിമുഖം (പ്രസക്തഭാഗങ്ങൾ)

 

ഒരു കർഷക കുടുംബത്തിലാണല്ലോ ജനിച്ചത്. കർഷക ജീവിതവുമായി ബന്ധപ്പെട്ട് രചനകൾ നടത്തിയിട്ടുണ്ടോ?

ആദ്യമായി അടയാളപ്പെടുത്തിയത് തന്നെ ‘ഭൂമിക’ എന്ന് പറയുന്ന ഗ്രാമത്തിലെ കർഷക ജനതയുടെ ജീവിത പരിണാമങ്ങളായിരുന്നു. അത് പി.ഗോവിന്ദപിള്ള നിരീക്ഷിച്ചിട്ടുണ്ട്. ജന്മി നിരോധന നിയമം ആവിഷ്‌ക്കരിച്ചത് 1957 ഏപ്രിൽ 5 ന് അധികാരത്തിൽ വന്ന ഇ.എം.എസ് മന്ത്രിസഭയാണ്. ഗൗരിയമ്മയാണ് ആദ്യത്തെ കാർഷികബന്ധ ബില്ല് അവതരിപ്പിച്ചത് അതോടെ ജന്മിത്തം നിരോധിച്ചു. അതിന് വേണ്ടിയുള്ള ആശയസമരങ്ങൾ നമ്മുടെ എഴുത്തുകളിലും, കഥകളിലും കവിതകളിലും ഒക്കെ അതിന് മുൻപെ ഇടം നേടിയിരുന്നു. ഉദാ: തകഴിയുടെ രണ്ടിടങ്ങഴി – അത് അവസാനിക്കുന്നത് കൃഷി ഭൂമി കർഷകന് എന്ന മുദ്രാവാക്യത്തോടെയായിരുന്നു. അത് പോലെ ഒൻവിയുടെ കവിത ”നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ’  പണിയെടുക്കുന്ന ഭൂമി സ്വന്തമാവുക എന്നത് കർഷകന്റെ സ്വപ്നമാണ്. ഇതടയാളപ്പെടുത്തി ഒട്ടേറെ കൃതികൾ മലയാളത്തിലുണ്ടായിരുന്നു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉൾക്കരുത്ത് എന്ന് പറയുന്നത് തന്നെ കാർഷിക വിപ്ലവങ്ങൾ സൃഷ്ടിച്ച അന്തരീക്ഷമായിരുന്നു. എന്നാൽ നമ്മുടെ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം രൂപം കൊണ്ട കൃതികളിലൊന്നും ഈ ചരിത്രസംഭവങ്ങൾ അടയാളപ്പെടുത്തിയിട്ടില്ല. അങ്ങനെ ചെയ്തത് ‘എന്റെ ഇല്ലം” എന്ന നോവലിൽ മാത്രമാണെന്ന് മാർക്‌സിസ്റ്റ് സൈദ്ധാന്തികനായ പി. ഗോവിന്ദപ്പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ സംഭവിക്കാനുള്ള പശ്ചാത്തലം എന്റെ ഗ്രാമീണതയുടെ പ്രത്യേകത തന്നെയായിരുന്നു. കാർഷിക ജീവിതവും ആ പശ്ചാത്തലത്തിൽ ശക്തിപ്പെട്ട രാഷ്ട്രീയ പ്രവർത്തനവും എന്റെ എഴുത്തിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ആദ്യത്തെ നോവലിലും നാടിന്റെ കാർഷിക വ്യവസ്ഥയാണ് മുഖ്യമായി ആവിഷ്‌ക്കരിക്കുന്നത്.

കാമ്പസ് പ്രണയകഥയെ ഉൾപ്പെടുത്തി എഴുതിയതാണല്ലോ ഉൾക്കടൽ അതേക്കുറിച്ച് ?

അതായത് രണ്ടാമത്തെ നോവലായ ഉൾക്കടൽ യഥാർത്ഥത്തിൽ കോളേജ് കാമ്പസുകളുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യനോവലാണ്. ആദ്യത്തെ കാമ്പസ് സിനിമയും ആണ്. പിന്നെ ഉൾക്കടലിന്റെ പ്രഥമഭാഗത്ത് ശുദ്ധമായ ഗ്രാമീണ പ്രകൃതിയുടെ ആവിഷ്‌ക്കാരം ദർശിക്കാം. കാർഷികമേഖലയിൽ നിന്ന് വരുന്ന കഥാകൃത്ത് എന്നുള്ള നിലക്ക് എല്ലാ നോവലുകളിലും പ്രമേയമായിത്തീരുന്നത് ”അകലെ ആകാശത്തിലും’ ഇല്ലത്തിലും ആണ്. അങ്ങനെ രണ്ട് നോവലുകൾ എഴുതാൻ കഴിഞ്ഞു എന്നത് സന്തോഷകരമാണ്.

സാഹിത്യഅക്കാദമി അവാർഡ് കിട്ടിയപുസ്തകം ഇല്ലം എന്ന നോവൽ ദൂരദർശൻ മുഖേന പരമ്പരയായി പ്രക്ഷേപണം ചെയ്ത് ജനപ്രീതി നേടിയതാണല്ലോ? അതേകുറിച്ച് അങ്ങയുടെ അഭിപ്രായം?

‘ഇല്ലം’ മുൻപ് പറഞ്ഞ പശ്ചാത്തലത്തിൽ എന്റെ എഴുത്തിന്റെ മുദ്ര പതിഞ്ഞുകിടക്കുന്ന നോവലാണ്. കേരളത്തിലെ കാർഷിക വ്യവസ്ഥിതിയിൽ സംഭവിച്ച വിപ്ലവകരമായ പരിണാമത്തിന്റെ പശ്ചാത്തലത്തിലാണ് അത് പിറവിയെടുത്തത്. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുക വഴി ജന്മിത്വം അവസാനിപ്പിക്കാൻ കഴിഞ്ഞു. കൃഷി ഭൂമി കർഷകർക്ക് അവകാശപ്പെട്ടതായി, എങ്കിലും സാമ്പത്തികമായ ഉറവകളുടെ അഭാവം നിമിത്തം കൃഷിക്കാർക്കു അവരുടെ ഭൂമി സ്വതന്ത്രമായി ഉപയോഗപ്പെടുത്താനായില്ല. തുണ്ടുകളായി വിഭജിക്കപ്പെട്ട ഭൂമി സ്വന്തമാക്കി ഒരു പുതിയ മുതലാളിത്തം (നവമുതലാളിത്തം ഉയർന്നു വന്നു). ആ സാമൂഹ്യ മാറ്റത്തെയാണ് ‘ഇല്ലം’ അടയാളപ്പെടുത്തുന്നത്. ജന്മിത്വം അവസാനിപ്പിച്ചു എന്നിട്ടും കർഷകർക്ക് പൂർണ്ണമായ നീതി അനുവദിക്കപ്പെട്ടില്ല. ഒരു പുതിയ മുതലാളിത്തത്തിന്റെ ആവിർഭാവത്തിൽ അവർക്ക് അശരണത്വം അനുഭവപ്പെട്ടു. ഈ ജീവചരിത്രം മലയാളത്തിൽ ശക്തമായി കോറിയിട്ട ഇല്ലം രചിക്കാൻ കഴിഞ്ഞത് കൂത്താട്ടുകുളത്തിന്റെ ഗ്രാമീണ വ്യവസ്ഥിതിയിൽ ബാല്യ കൗമാരങ്ങൾ കഴിച്ചു കൂട്ടാൻ ഭാഗ്യം ലഭിച്ചതു കൊണ്ടാണ്. അങ്ങനെ ഒരു പ്രത്യേക കാലഘട്ടത്തിന്റെ സാമൂഹ്യ മാറ്റങ്ങളെ മൗലികമായി അടയാളപ്പെടുത്തുന്ന നോവലായി തീരാൻ ഇല്ലത്തിന് ഇടവന്നു. അത് സാഹിത്യ അക്കാദമി അവാർഡ് നേടുക വഴി കൂടുതൽ ജനശ്രദ്ധ ആകർഷിച്ചു എന്ന് സന്തോഷത്തോടെ ഓർമ്മിക്കുന്നു.
1980-ൽ സാഹിത്യ അക്കാദമിയുടെ രജത ജൂബിലി വർഷത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ അവസരമുണ്ടായതും ഒരു ഭാഗ്യനിമിഷം. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ദൂരദർശനിൽ ‘ഇല്ലം’ സീരിയലായി അവതരിപ്പിക്കപ്പെട്ടപ്പോൾ കൂടുതൽ ജനകീയ സ്വകാര്യത സംഭവിച്ചു എന്നതും വിസ്മരിക്കുന്നില്ല. ശ്രീ.ജി.ആർ.കണ്ണൻ സംവിധാനം ചെയ്ത  ”ഇല്ല’ത്തിലൂടെയാണ് പിൽക്കാലത്ത് പ്രശസ്തിയിലേക്കുയർന്ന ചലച്ചിത്രതാരം പ്രവീണ ആദ്യമായി അഭിനയ രംഗത്ത് എത്തിയത്.

പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂറുമായി ലേഖകൻ പ്രേമചന്ദ്രൻ കടയ്ക്കാവൂർ നടത്തിയ അഭിമുഖം.

അദ്ധ്യാപകവൃത്തി – അദ്ധ്യാപകരുടെ അന്നത്തെ സേവനവേതനവ്യവസ്ഥകൾ – ദുരിത പശ്ചാത്തലമാക്കി എഴുതിയ നോവൽ – പേര് സമതലങ്ങൾക്കപ്പുറം. ഇതെഴുതാനുണ്ടായ അടിസ്ഥാന കാരണം – പ്രചോദനം ഇവ ഒന്ന് വ്യക്തമാക്കാമോ?

കേരളത്തിലെ സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ ജീവിതം യാതനാ പൂർണ്ണമായിരുന്ന കാലത്താണ് ഞാനും ഒരദ്ധ്യാപകനായത്. അദ്ധ്യാപകരുടെ സമര സംഘടനയായ (കെ.എ.പി.ഇ.ടി.എ) യുടെ ഒരു മുഖ്യഭാരവാഹിയായി പ്രവർത്തിക്കാനും സമരമുഖങ്ങളിൽ നേരിട്ട് പങ്കെടുക്കാനും അവസരമുണ്ടായി.
മഹാനായ എം.പി. പോളും, ജോസഫ് മുണ്ടശ്ശേരിയും ഒക്കെ നേരിടേണ്ടിവന്ന യാതനകളിൽ ഒട്ടും കുറവല്ല ഞാൻ അനുഭവിച്ചത് ഒന്നും. മുണ്ടശ്ശേരി, കോളേജിൽ നിന്നും പിരിഞ്ഞശേഷം പ്രൊഫസർ എന്ന പേരിൽ കോളേജ് അദ്ധ്യാപകനായ ലോപ്പസിന്റെ ദുരന്തകഥ എഴുതിയിട്ടുണ്ട്. അത് പ്രൊഫസർ എം.പി. പോളിന്റെ കഥ തന്നെ, കോളേജ് അദ്ധ്യാപകനായിരിക്കെ ആദ്യമായി നോവലെഴുതാൻ ഇട വന്നത് എനിക്കാണ് എന്ന് വിനയപൂർവ്വം ഓർമ്മിക്കുന്നു. പിരിച്ചുവിടലും, ശമ്പളം നിഷേധിക്കലും കോളേജ് സർക്കാരദ്ധ്യാപകരുമായി തുല്യത അനുവദിക്കപ്പെടാതിരുന്നതും ഒക്കെ പ്രൈവറ്റ് കോളേജ് അദ്ധ്യാപകരുടെ ദുരിതമുഖങ്ങളായിരുന്നു. , സേവനസ്ഥിരത, തുല്യത, ഡയറക്ട്‌പേയ്‌മെന്റ് ശമ്പളസ്‌കെയിലിനുവേണ്ടിയുള്ള ഏറ്റവും ഒടുവിലത്തെ സമരരംഗം വരെ നേരിട്ട് ഉൾപ്പെട്ട് അതിന്റെ ഭാഗമായി നിലകൊള്ളാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അങ്ങനെ കേരളത്തിലെ പ്രൈവറ്റ് കോളേജ് അദ്ധ്യാപകരുടെ സമരകഥ സ്വാനുഭവ പ്രതീതിയോടെ പുനസൃഷ്ടിച്ചതാണ് ‘സമതലങ്ങൾക്കപ്പുറം’ എന്ന നോവൽ. കേരളത്തിലെ പ്രൈവറ്റ് കോളേജ് അദ്ധ്യാപകർക്ക് ചരിത്രബോധമുണ്ടാകാൻ ഈ നോവൽ ഉപകരിച്ചു എന്ന് തോന്നുന്നു.

‘ The sword in the soul ‘ ഹൃദയത്തിൽ ഒരുവാൾ എന്ന നോവൽ ധാരാളം വായനക്കാരെ ആകർഷിച്ചു അതേകുറിച്ച് ?

‘ The sword in the soul ‘  യേശുവിന്റെ ക്രുശാരോഹണത്തിന്റെ രാത്രിയിൽ അമ്മ മറിയത്തിന്റെ മനസ്സിലൂടെ കടന്നുപോകുന്ന വികാരതരംഗങ്ങളാണ് ഹൃദയത്തിൽ ഒരു വാൾ എന്ന നോവലിന്റെ കേന്ദ്രപ്രമേയം.
യറുശ്ശൂലേം സന്ദർശിച്ച അവസരത്തിൽ ക്രിസ്തുവിന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായ കാൽവെറിയിൽ കുറേ ദിവസങ്ങൾ കഴിച്ചുകൂട്ടാൻ അവസരം ലഭിച്ചു. ക്രൂശാരോഹണത്തിന്റെ രാത്രി ഒറ്റപ്പെട്ടു പോയ അമ്മയുടെ മനസ്സിൽ കടന്നുകയറുന്ന വേദനയുടെ വാൾ ബൈബിൾ പശ്ചാത്തലത്തിൽ വരഞ്ഞ് ഇടുന്നതാണ് ഹൃദയത്തിന്റെ വാൾ ഇംഗ്ലീഷിൽ The sword in the soul എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്. അന്താരാഷ്ട്രതലത്തിൽ പുരസ്‌കാരധന്യമായ ഒരു പുസ്തകം എന്ന നിലക്ക് അത് എന്റെ സർഗ്ഗാത്മക ജീവിതത്തെ കുറേയൊക്കെ ധന്യമാക്കിയിട്ടുണ്ട് എന്ന് ഓർമ്മിക്കുന്നു.

മറ്റൊരു നോവലായ ജോർദ്ദാൻ ഒഴുകുന്നത് എവിടേക്ക് അതേകുറിച്ച് അറിയാനാഗ്രഹിക്കുന്നു?

ബൈബിൾ പശ്ചാത്തലമാക്കി കവിയും, കാമുകനും, രാജാവും ആയ ദാവീദീനെ കേന്ദ്രമാക്കി രചിച്ച നോവലാണ് ‘ജോർദ്ദാൻ ഒഴുകുന്നത് എവിടേക്ക് ‘ ആത്യന്തിക വിശകലനത്തിൽ ഭഗവാൻ ക്യഷ്ണനും ദാവീദും തമ്മിലുള്ള സാന്ദ്രപ്യങ്ങൾ തേടുന്ന നോവൽ. എഴുത്തുവഴികളിൽ ധനൃത പകർന്ന ഇതിഹാസകഥയുടെ ആവിഷ്‌ക്കാരം എന്ന നിലയ്ക്ക് ഈ നോവലും ധന്യമായ അനുഭവമായി.

ഇന്ത്യയിലെ പ്രഥമവനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയെ പ്രമേയമാക്കിക്കൊണ്ട് എഴുതിയ നോവലാണ് ‘പർവ്വതങ്ങളിലെ കാറ്റ്.’ ഈ നോവൽ രചനയെക്കുറിച്ച് കൂടുതലായി അറിയാന്രഗഹിക്കുന്നു?

ചരിത്രത്തിലൂടെയുള്ള യാത്രയാണ് ആധുനിക ഇന്ത്യയുടെ ഏറ്റവും ശക്തമായ സ്ത്രീ ശ്രീമതി. ഇന്ദിരാപ്രിയദർശിനിയെ കേന്ദ്ര കഥപാത്രമായി പർവ്വതങ്ങളിലെ (The wind in the mountains) എന്ന രാഷ്ട്രീയ ചരിത്രനോവൽ രചനയ്ക്ക് ഇടയാക്കിയത്. അന്ന് കേരളത്തിലെ സാക്ഷരതാ പ്രവർത്തനങ്ങളുടെ നിയന്ത്രണം വഹിക്കുന്ന സന്ദർഭമായിരുന്നു. സ്ത്രീ ജന്മം ഒരു ബാദ്ധൃതയായി കണക്കാക്കിയിരുന്നു. ദുർഗ കാലഘട്ടം സ്ത്രീക്കെതിരായ പ്രവർത്തനങ്ങൾ എങ്ങും ശക്തിപ്രാപിച്ചിരുന്നു. സ്ത്രീവിരുദ്ധ നിലപാടുകൾ പുലർത്തുന്ന സമുഹത്തിന്റെ ധാർമ്മിക പതനത്തെ വെളിപ്പെടുത്തുന്ന ഒരു കൃതി ഏറ്റവും ശക്തയായ ഇന്ത്യൻ സ്ത്രീയുടെ കഥ എനിക്ക് ആകർഷകമായി തീർന്നത്. സ്ത്രീ ശാക്തീകരണം സ്ഥാപിച്ചെടുക്കാൻ എഴുതപ്പെട്ട കൃതി എന്ന നിലക്ക് പർവ്വതങ്ങളിലെ കാറ്റിനെ സമുഹം മൂല്യം കല്പിച്ചു എന്ന് അഭിമാനത്തോടെ ഓർത്തുപോകുന്നു.

യാത്ര അങ്ങേയ്ക്ക് വലിയ ഇഷ്ടമാണെന്നറിയാം, പോയിട്ടുള്ള സ്ഥലങ്ങളെക്കുറിച്ചെല്ലാം യാത്രാ വിവരണഗ്രന്ഥങ്ങൾ തയ്യാറാക്കിയിട്ടുണ്ടല്ലോ? അതേകുറിച്ച് വിശദമായി അറിയാൻ ആഗ്രഹിക്കുന്നു?

യാത്ര എന്നും എന്നെ ലഹരിപിടിപ്പിച്ചിട്ടുണ്ട്. സാക്ഷരതാ ഡയറക്ടറും സ്‌റ്റേറ്റ് റിസോൾസ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ ആയിരിക്കുമ്പോൾ കേരളത്തിന്റെ ഗ്രാമ ഗ്രാമന്ത്രരങ്ങളിൽ പലവട്ടം യാത്ര
ചെയ്തു. ഇന്ത്യയിലൊട്ടാകെ സാംസ്‌കാരിക പരിപാടികളിൽ പങ്കെടുത്തു. ഈ യാത്രകൾ എന്റെ കഥകളുടെ പ്രമേയമായിട്ടുണ്ട്. 400ലധികം കഥകളിൽ കാൽഭാഗമെങ്കിലും ഈ യാത്രകളിൽ നിന്ന് പ്രചോദനം
ഉൾകൊണ്ട് രചിച്ചവയാണ്. ‘ഉഴവുചാലുകൾ’ എന്ന നോവലും, ഒരർത്ഥത്തിൽ യാത്രയുടെ ഉല്പന്നം ആണ്. ഹിമാലയത്തിലേക്ക് ഹിമയൂൺ കുന്നുകളിലേ, നൈനിദേവിയുടെ തടാക തീരത്തിലൂടെ ഒക്കെയുള്ള യാത്രകളിൽ നിന്ന് രൂപം കൊണ്ട കൃതി. മലയാറ്റൂർ രാമകൃഷ്ണനാണ് ജനയുഗം ആഴ്ചപ്പതിപ്പിൽ ഉഴവുചാലുകൾ രേഖാചിത്രം വരച്ച് പ്രസിദ്ധപ്പെടുത്തിയ പത്രാധിപർ. എന്റെ സാഹിത്യ ജീവിതത്തിൽ മലയാറ്റൂർ രാമകൃഷ്ണനും, പി.ഗോവിന്ദൻപ്പിള്ളയും, പി.സി കുട്ടിക്യഷ്ണനും, എൻ.വി ക്യഷ്ണവാര്യരും ഒക്കെ നൽകിയ പിന്തുണ നന്ദിയോടെ ഓർമ്മിക്കുന്നു. ഉറുബാണ് ഉൾക്കടൽ കേരള ദേശത്തിൽ ഖണ്ഡ ്പ്രസിദ്ധീകരിച്ച് എന്നെ അനുഗ്രഹിച്ചത്. എന്റെ മറ്റൊരു നോവൽ ‘കൽത്താരമ’ പ്രസിദ്ധപ്പെടുത്തിയത് പത്രാധിപർ എൻ.വി. കൃഷ്ണവാര്യരുടെ താല്പര്യാനുസരണം മലയാള മനോരമ, ദീപിക, കേരളകൗമുദി, കുങ്കുമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും സാഹിത്യ പ്രവർത്തനസഹകരണസംഘവും, ഡി.സി. ബുക്ക്‌സും പ്രഭാത്ബുക്ക്‌സും, ചിന്തയും, മാതൃഭൂമിയും, കലാകൗമുദിയും ഒക്കെ നൽകിയ പിന്തുണക്ക് ഞാൻ കടപ്പെട്ടവനാണ്.
എന്റെ ആദ്യവിദേശയാത്ര 1982 – ൽ അന്ന് ഇന്ത്യക്ക് പുറത്ത് ആദ്യം ഞാൻ സന്ദർശിച്ച രാജ്യം ഇസ്രയേൽ ആണ്. ബൈബിൾ കേന്ദ്രമാക്കി മൂന്ന് നോവലുകൾ (നോവൽത്രയം) രചിക്കുക എന്നതായിരുന്നു ലക്ഷ്യം. ബൈബിളിലെ കഥാപാത്രങ്ങളായ എബ്രഹാം, ദാവീദ്, യേശുക്രിസ്തു ഈ മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രസ്ഥാനത്തു നിർത്തിക്കൊണ്ടുള്ള രചനകൾ. അതിൽ രണ്ടെണ്ണം പ്രസിദ്ധപ്പെടുത്തി. പൂർവ്വപിതാവായ എബ്രഹാമിനെക്കുറിച്ചുള്ള നോവൽ ഇനി ബാക്കിയാണ്. യാത്രയുടെ പശ്ചാത്തലത്തിൽ അടുത്തകാലത്ത് പ്രകാശനം ചെയ്ത ‘പ്രണയ താഴ്‌വരയിലെ ”ദേവദാരു” എന്ന നോവൽ ഭാഷാ വിദ്യാർത്ഥികൾക്ക് പഠന ഗ്രന്ഥമാണ്. ഇന്ത്യയിൽ നിന്ന് റോമാ നഗരത്തിലെത്തുന്ന ഹർഷവർദ്ധനൻ എന്ന എയ്‌റോസ്‌പേസ് എഞ്ചിനീയറുടെ ഇറ്റലിയിലെ കലാക്ഷേത്രങ്ങളിലൂടെയുള്ള സഞ്ചാരപഥങ്ങൾ അവിടെ അയാളുടെ സഹയാത്രിക സൈറ, ഇന്ത്യയിൽ ശിവനിയായി മടങ്ങിയെത്തുന്ന കഥാനായിക ശരിക്കും പ്രണയത്തിന്റെ പുസ്തകം എന്നതുപോല തന്നെ ‘പ്രണയ താഴ്‌വരയിലെ ‘ദേവദാരു’ യാത്രയുടെ പുസ്തകമാണ്. സംസ്‌കാരങ്ങളുടെ സമാനതകളും നിഗുഢ്തകളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഈ പുസ്തകത്തിൽ പ്രത്യേകം അടയാളപ്പെടുത്തുന്നു.
പാശ്ചാത്യ പൗരസ്ത്യ സംസ്‌കാരങ്ങളുടെ അന്തർധാരകൾ തേടിപ്പോകുന്ന പ്രണയ താഴ്‌വരയിലെ ദേവദാരു ഒരു സാംസ്‌കാരിക പര്യടനത്തിന്റെ അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. യാത്രയെ (The Journey) കഥാ വസ്തുവാക്കി രചിക്കപ്പെട്ട നോവൽ എന്ന പ്രത്യേകതയും പ്രണയ താഴ്‌വരയിലെ ദേവദാരുവിനുണ്ട്.

വേറിട്ട ലോകങ്ങൾ തേടുന്ന മറ്റു പുസ്തകങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

എന്റെ മൂന്നാമത്തെ നോവൽ ”കൽത്താമര” മാതൃപുത്ര സമ്പത്തിന്റെ മഹനീയത അടയാളപ്പെടുത്താൻ ശ്രമിക്കുന്ന കൃതിയാണ്. പ്രസവിക്കാതെ ഒരു സ്ത്രീ അമ്മയാകുന്ന പ്രതിഭാസം. മാതൃത്വം ശാരീരികമായ ഒരനുഭവമല്ലെന്ന് അത് നിർവ്വചിക്കാനാകാത്ത അനുഭൂതിയാണെന്ന് ഈ നോവലിലൂടെ പറയാൻ ശ്രമിക്കുന്നു. അമേരിക്കയിലെ ക്ലർക്ക് അറ്റ്ലാന്റൊ യൂണിവേഴ്സിറ്റിയിൽ ‘കൽത്താമര’യുടെ ഇംഗ്ലീഷ് പരിഭാഷ (The Orchid) താരതമ്യ സാഹിത്യത്തിൽ പഠനഗ്രന്ഥമാണ്. കാമന ഭിന്നശേഷിയുള്ള ഒരു യുവതിയുടെ ജീവിത വേദനകളിലൂടെ കടന്നു പോകുന്ന നോവലാണ്. അത് ‘യമനം” എന്ന പേരിൽ ഭരത് ഗോപി ചലച്ചിത്രമാക്കി. ദേശീയ പുരസ്‌കാരത്തിന് അർഹമായ ആ ചലച്ചിത്രത്തിന്റെ തിരക്കഥ, രചയിതാവ് എന്ന നിലയ്ക്ക് ചില പുരസ്‌കാരങ്ങളും എന്നെത്തേടിയെത്തിയിട്ടുണ്ടായിരുന്നു എന്ന് ഓർക്കുന്നു. മലയാളത്തിൽ ആദ്യമായാണ് ഭിന്നശേഷിക്കാരിയായ ഒരു നായികയെ നോവലിലും സിനിമയിലും അവതരിപ്പിക്കാൻ കഴിഞ്ഞത് എന്നതും മറക്കാവുന്നതല്ല. ഏറ്റവും ഒടുവിൽ പ്രസിദ്ധപ്പെടുത്തിയ ‘ആകാശ ഈഞ്ഞാൽ’ ധാരാളമായി വായിക്കപ്പെടുന്ന ഒരു നോവലാണ്. ഒരു വർഷത്തിനുള്ളിൽ 5 പതിപ്പുകൾ പിന്നിട്ട നോവൽ വർത്തമാനകാല രാഷ്രീയ സംഭവ വികാസങ്ങൾ സഹൃദയർ അതിൽ വായിച്ചിട്ടുണ്ട്.
യാത്രകളെ കേന്ദ്രമാക്കി ഏതാനും പുസ്തകങ്ങൾ രചിക്കാനും ഇടവന്നിട്ടുണ്ട്. ഇന്നും വിശുദ്ധ നാടുകൾ സന്ദർശിക്കാൻ ഇടവരുന്നവർക്ക് ആശ്രയിക്കുന്ന സഹായക ഗ്രന്ഥമാണ് ‘ഒലിവു മരങ്ങളുടെ നാട്ടിൽ’ അമേരിക്കൻ യാത്രാനുഭവങ്ങൾ കോറിയിട്ട ‘അടരുന്ന ആകാശം’ ഏറ്റവും മികച്ച യാത്രാവിവരണ ശ്രന്ഥത്തിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം രണ്ടാം തവണയും എനിക്കു സമ്മാനിച്ചു എന്നത് സന്തോഷകരമാണ്.

മറ്റ് കൃതികളെക്കുറിച്ച് ?

മഹാന്മാരായ ധിക്ഷണാശാലികൾ എം.പി.പോളും, സി.ജെ.തോമസും എന്നെ ആകർഷിച്ച രണ്ട് ധിക്കാര വ്യക്തിത്വങ്ങൾ. എം.പി,.പോൾ കലാപത്തിന്റെ തിരുശേഷിപ്പുകൾ എന്നും സി,ജെയെക്കുറിച്ച് മണൽക്കറ്റിന്റെ ശബ്ദം എന്നും ഓരോ ജീവചരിത്രം എഴുതാൻ ഭാഗ്യമുണ്ടായി. ഇവരെക്കുറിച്ചും മലയാളത്തിൽ ആദ്യം എഴുതപ്പെട്ട ജീവചരിത്രങ്ങൾ ഇവയാണ് എന്നും ചരിത്രം….

അദ്ധ്യാപകവ്യത്തിക്കു ശേഷം സംസ്ഥാന സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലും ഡയറക്ടറായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞുവല്ലോ സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിന് അങ്ങയുടെ മികച്ച സംഭാവന ഉണ്ടെന്ന് കരുതുന്നു.അതേക്കുറിച്ച്?

മൂന്ന് പതിറ്റാണ്ടിലേറെക്കാലം കോളേജ് അദ്ധ്യാപകനായി പ്രവർത്തിക്കുക വഴി ഒട്ടേറെ പ്രഗത്ഭരായ ശിഷ്യരുടെ വലിയ സമ്പത്ത് എനിക്കുണ്ട്. 15 വിദ്യാർത്ഥികൾക്ക് പി.എച്ച്.ഡി ബിരുദത്തിന് മാർഗ്ഗദർശകനാകാനും
എനിക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായി സേവനം അനൂഷ്ഠിക്കവേ ബാലകൈരളി വിജ്ഞാനകോശം എന്ന ബൃഹദ് ഗ്രന്ഥ പരമ്പരയ്ക്ക് രൂപം നൽകി. അതിന്റെ പേരിൽ ജവഹർലാൽ നെഹറു അവാർഡും തേടിയെത്തി. സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ എന്ന നിലയ്ക്കും പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി.

സാറിന്റെ കുടുംബത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു?

കേരളത്തിന്റെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് 200 കി.മീറ്റർ ദുരെ തിരുവനന്തപുരത്ത് വന്നടിഞ്ഞ് ഇവിടെ ഒരു വീടും വച്ച് എല്ലാ മനുഷ്യരുടെയും സ്‌നേഹത്തിന്റെ പുഴ ഒഴുകിയെത്തുമ്പോൾ സന്തോഷിച്ച് അഹംബോധമില്ലാതെ സന്തോഷവാനായി സ്വതന്ത്രനായി തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ ഞാൻ വച്ച വീട്ടിൽ എളിയ ജീവിതം നയിക്കുന്നു. ഭാര്യ – വത്സ ജോർജ്ജ് – കേരള സർവ്വകലാശാലയിൽ ഉദ്യോഗസ്ഥയായിരുന്നു. ഡെപ്യൂട്ടി രജിട്രാർ ആയിരിക്കെ വിരമിച്ചു. മുന്ന് മക്കൾ ഞങ്ങളുടെ സമ്പാദ്യം. ദർശന, ആദർശ, അനശ്വര എന്നിവർ. മൂവരും നന്നായി പഠിച്ച് ദുബായിൽ നല്ല ജോലി നോക്കുന്നു. അവരിലൂടെ 6 കൊച്ചുമക്കളും ഞങ്ങൾക്ക് സ്വന്തം. അവിനാഷ്, അമൃത്സ്, അലോഘ്, അംഗിത്, അലീൻ, ആദിത് എന്നിങ്ങനെ അവരെ പേരിട്ടു വിളിക്കുന്നു. ആകെ കൂടെ നോക്കുമ്പോൾ തരക്കേടില്ലാ, ആർക്കും ദ്രോഹം ചെയ്യാൻ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിച്ചു കാലം കഴിക്കുന്നു. നാടുനീളെ ഓടിനടന്ന് പ്രസംഗിക്കുന്നു. ധാരാളം പൂതിയ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് അവതാരിക എഴുതി. ഒട്ടേറെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ആർക്കെങ്കിലും എന്തെങ്കിലും ഗുണമായിട്ടുണ്ടോ എന്തോ!

ജന്മദേശത്തിനുള്ള മേന്മ ജനിച്ചതിലുപരി ആ സ്ഥലത്തിന്റെ പ്രത്യേകത? ചരിത്ര പാരമ്പര്യം, രാഷ്ട്രീയ പാരമ്പര്യം ഇവ ഒന്ന് വ്യക്തമാക്കാമോ?

കർഷക ഗ്രാമമായ കൂത്താട്ടുകുളത്തെ രക്തസാക്ഷികളുടെ നാട് എന്നാണ് ചരിത്രത്തിൽ നാം വായിക്കുന്നത്. മഹാനായ എ.കെ.ജി ആണ് ഈ വിശേഷണം നൽകിയത് എന്നും ഓർക്കുന്നു. കൂത്താട്ടുകുളം വിപ്ലവ ഭൂമിയാണ് എങ്കിൽ എന്റെ വീടിന്റെ പടിഞ്ഞാറു ഭാഗം പിറവം എന്ന വേദാന്ത കേന്ദ്രമാണ്. അതിനടുത്താണ് മഹാനായ ശങ്കരാചാര്യരുടെ അമ്മാത്ത് മേൽപ്പത്തൂർ ഇല്ലം. വടക്കു മാറി രാമമംഗലം ഗ്രാമം. അവിടെയാണ് ആറു കാലത്തിൽ രാഗമാലപിച്ച സംഗീതജ്ഞനായ ഷഡ്കാല ഗോവിന്ദമാരാരുടെ ഇല്ലം. രാമമംഗലത്തു നിന്ന് എന്റെ ജന്മനാട് ചുറ്റി ഒഴുകുന്ന പുഴ ശ്രീശങ്കരന്റെ പാദങ്ങളെ സ്പർശിച്ച് കായലിൽ ലയിക്കുന്നു.
കൂത്താട്ടുകുളം മേരി ജോൺ, സിസ്റ്റർ മേരി ബെനീഞ്ഞ തുടങ്ങിയ കവയത്രികളും മലയാളത്തിന്റെ എക്കാലത്തെയും കഥാകാരനായ വൈക്കം മുഹമ്മദ്ബഷീറും ഞങ്ങളുടെ ഗ്രാമ ചരിത്രത്തെ പ്രകാശപൂർണ്ണമാക്കുന്ന പ്രഭാ നക്ഷത്രങ്ങളാണ്.

ജോർജജ് ഓണക്കൂർ (1941)

മലയാള സാഹിത്യകാരൻ

മൂവാറ്റുപുഴക്കടുത്ത് ഓണക്കൂർ ഗ്രാമത്തിൽ നടുവിലേടത്ത് പി.വി. കുര്യാക്കോസിന്റെയും, മറിയാമ്മയുടെയും പുത്രനായി 1941 നവംബർ 16-ന് ജോർജ്ജ് ജനിച്ചു. മൂവാറ്റു പുഴ നിർമ്മലാ കോളേജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദവും ചങ്ങനാശ്ശേരി എസ്,ബി.കോളേജിൽ നിന്നു ബിരുദാനന്തര ബിരുദവും (മലയാളം) നേടി. കേരള സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ, പി.എച്ച്.ഡി ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അദ്ധ്യാപകൻ, ദീപിക (കോട്ടയം) ദിനപ്രതത്തിൽ സബ് എഡിറ്റർ, തൃക്കാക്കര ഭാരത്മാതാ കോളേജ് അദ്ധ്യാപകൻ എന്നീനിലകളിൽ പ്രവർത്തിച്ച ശേഷം ജോർജജ് ഓണക്കൂർ, മാർ ഇവാനിയോസ് കോളേജിൽ ”മലയാള വിഭാഗം മേധാവിയായി ചുമതലയേറ്റു (1958). 1987 വരെ അവിടെ തുടർന്നു. പിന്നീട് സംസ്ഥാന ബാലസാഹിത്യ, ഇൻസ്റ്റിറ്റിറ്യൂട്ട് കേരള സാക്ഷരതാ സമിതി, എൻസൈക്ലോപീഡിയ ഇൻസ്‌റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കഥ, നോവൽ, യാത്രാവിവരണം, ജീവചരിത്രം, നിരൂപണം എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഓണക്കൂർ നോവലിസ്റ്റ് എന്ന നിലയിലാണ് ഏറെ ശ്രദ്ധേയൻ. നാല് പൂച്ചക്കുട്ടികൾ, ഞാനൊരു കൈയ്യൊപ്പു മാത്രം, നാടുനീങ്ങുന്ന നേരം എന്നിവ കഥാസമാഹാരങ്ങളും ഉൾക്കടൽ, അകലെ ആകാശം, കൽത്താമര, ഇല്ലം, എഴുതാപ്പുറങ്ങൾ, കാമന ,സമതലങ്ങൾക്കപ്പുറം എന്നിവ നോവലുകളുമാണ്. ഗ്രാമങ്ങളിൽ ജീവിക്കുന്ന ശുദ്ധാത്മാക്കളായ മനുഷ്യരുടെ കൊച്ചു കൊച്ചു ദുഃഖങ്ങളും, സന്തോഷങ്ങളുമാണ് ഇദ്ദേഹത്തിന്റെ മിക്ക നോവലുകളുടെയും പ്രതിപാദ്യ വിഷയം, ഒലിവു മരങ്ങളുടെ നാട്ടിൽ, മരുഭൂമിയുടെ ഹൃദയം തേടി (യാത്രാ വിവരണം) എം,പി,പോൾ കലാപത്തിന്റെ തിരുശേഷിപ്പുകൾ, നായക സങ്കല്പം മലയാള നോവലിൽ, ഇതിഹാസ പുഷ്പങ്ങൾ മുതലായവ ഓണക്കുറിന്റെ ശ്രദ്ധേയമായ കൃതികളാണ്.” ഇല്ലം ‘ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഉൾക്കടൽ, എന്റെ നീലാകാശം, കൈതപ്പൂ, യമനം എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥ രചിച്ചിട്ടുണ്ട്. സി.എച്ച്.മുഹമ്മദ് കോയയുടെ നിയമസഭാ പ്രസംഗങ്ങൾ, ജോസഫ്മുണ്ടശ്ശേരിയുടെ നിയമസഭാ പ്രസംഗങ്ങൾ എന്നീ ഗ്രന്ഥങ്ങളുടെ സമ്പാദകനും എഡിറ്ററും ഓണക്കൂറാണ്. കേരള സാഹിത്യ അക്കാദമി, കേന്ദ്ര ഫിലിം സെൻസർ ബോർഡ് എന്നിവയിൽ അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഈജിപ്ത്, ഇസ്രയേൽ, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, ബഹറിൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ജോർജ്ജ് ഓണക്കൂർ ഒരു പ്രഭാഷകൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *