മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോര; മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോര; മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട്: മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോരെന്നും റോഡ് നന്നാക്കേണ്ടത് ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്. അട്ടപ്പാടി ചുരം റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നല്‍കിയത്. ചുരം റോഡ് പരിശോധിക്കുന്നതിനായി മന്ത്രി വരുന്നതിന് മുന്നോടിയായി റോഡിലെ കുഴി താല്‍ക്കാലികമായി അടച്ചിരുന്നു.

ആഴ്ചകളായി അട്ടപ്പാടി ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ്. വലിയ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്നത്. കിഫ്ബിയും പി.ഡബ്ല്യു.ഡിയും തമ്മില്‍ ആരുടെ റോഡാണിതെന്നതിനെ ചൊല്ലി അവകാശത്തര്‍ക്കമുണ്ടായി. അതിന് ശേഷമാണ് ഈ റോഡിലെ കുണ്ടും കുഴിയും അതിവേഗം അറ്റകുറ്റപ്പണി നടത്തിയത്.

കോണ്‍ക്രീറ്റ് കൊണ്ടായിരുന്നു അറ്റകുറ്റപ്പണി. എന്നാല്‍ മഴ ശക്തിയായി പെയ്തതിനെ തുടര്‍ന്ന് ഇവ ഒലിച്ചുപോയി. ഇതോടെ വീണ്ടും ജനരോഷം ഉയര്‍ന്നു. ഇന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇവിടെ എത്തിയത്. അദ്ദേഹം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ റോഡ് വീണ്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പണി നടത്തിയിരിക്കുന്നത്. കുഴി കാണാത്ത രീതിയില്‍ കോണ്‍ക്രീറ്റ് ഒഴിച്ചു കൊടുക്കുകയായിരുന്നു. ഇത് മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടു. അതിന് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കി.

‘റോഡിലെ കുഴികള്‍ അടക്കേണ്ടത് മന്ത്രിക്ക് സഞ്ചരിക്കാന്‍ വേണ്ടിയിട്ടല്ല. ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടിയിട്ടാണ്. എല്ലാ ദിവസവും ഈ റോഡുകളിലൂടെ മന്ത്രി വന്ന് നോക്കി പോകുകയല്ലല്ലോ? ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കി റോഡുകള്‍ മാറ്റുക എന്നുള്ളതാണ് പ്രധാനം.’ ജനങ്ങള്‍ക്കാണ് നല്ല റോഡ് വേണ്ടതെന്ന കര്‍ശന നിര്‍ദ്ദേശമാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *