മതസൗഹാര്‍ദ വേദിയായി നബിദിന റാലി; മധുരം നല്‍കി ക്ഷേത്ര കമ്മിറ്റി

മതസൗഹാര്‍ദ വേദിയായി നബിദിന റാലി; മധുരം നല്‍കി ക്ഷേത്ര കമ്മിറ്റി

അത്തോളി: നബിദിന റാലിക്ക് മധുരം നല്‍കി സ്വീകരിച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. അത്തോളി കൊങ്ങന്നൂര്‍ ബദര്‍ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിന റാലിക്കാണ് ശ്രീ എടത്ത് പറമ്പത്ത് കോട്ടയില്‍ ഭഗവതി ക്ഷേത്ര ഭാരവാഹികള്‍ പായസം വിതരണം ചെയ്ത് നബിദിന റാലിയെ സ്വീകരിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.കെ ദയാനന്ദന്‍ , ബദര്‍ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ബാക്കവിയ്ക്ക് മധുരം നല്‍കി സ്വീകരണ ഉദ്ഘാടനം നിര്‍വഹിച്ചു. നാടിന്റെ മതസൗഹാര്‍ദം പുതിയ തലമുറയിലേക്ക് പകരാന്‍ ഇത്തരം സന്ദര്‍ഭം വിനിയോഗിക്കാന്‍ ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്ന് കെ.കെ ദയാദനന്ദന്‍ അഭ്യര്‍ഥിച്ചു. മത ചിന്തകള്‍ക്കപ്പുറം എല്ലാവരും ഒന്നാണെന്ന ചിന്ത ഉണര്‍ത്താന്‍ നബിദിനത്തില്‍ നല്‍കിയ സ്‌നേഹ സ്വീകരണത്തിലൂടെ സാധ്യമായെന്ന് ഖത്തീബ് മുഹമ്മദലി ബാഖവി അഭിപ്രായപ്പെട്ടു. പള്ളി കമ്മിറ്റി പ്രസിഡന്റ് മൊയ്തീന്‍ ഹാജി പാണക്കാട്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഇ.സജീവന്‍, പള്ളി കമ്മിറ്റി സെക്രട്ടറി സലീം കോറോത്ത് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ.പി ഷിബു , കെ.പ്രഭാകരന്‍, എ.ടി മുരളി, കെ.സുര്‍ജിത്ത്, മാതൃസമിതി പ്രസിഡന്റ് കെ.ടി നളിനി, സെക്രട്ടറി എം.എ ഷീല , വി.ജാനു എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *