കോഴിക്കോട്: മലബാര്‍ ക്രാഫ്റ്റ് മേളയില്‍ വര്‍ണ്ണപ്പകിട്ടുമായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യത്യസ്തതയാര്‍ന്ന വസ്ത്രങ്ങള്‍. സാരികള്‍, ചുരിദാറുകള്‍, ടോപ്പുകള്‍, ഗൗണുകള്‍ തുടങ്ങി വസ്ത്ര വൈവിധ്യങ്ങളുടെ ശേഖരം തന്നെയാണ് മേളയിലെത്തുന്നവരെ കാത്തിരിക്കുന്നത്. കേരളത്തിന്റെ തനത് വസ്ത്രങ്ങള്‍ക്ക് പുറമേ കര്‍ണാടക, രാജസ്ഥാന്‍, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വസ്ത്ര ശേഖരം മേളയിലുണ്ട്. പ്രായഭേദമന്യേ എല്ലാവര്‍ക്കും അനുയോജ്യമായ വസ്ത്രങ്ങളും ഇഷ്ടപ്പെട്ട നിറങ്ങളിലുള്ള വസ്ത്രങ്ങളും ലഭ്യമാണ്. പരമ്പരാഗത വസ്ത്രങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് രാജസ്ഥാനില്‍ നിന്നെത്തിയവരുടെ സ്റ്റാളുകള്‍. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളാണ് കൂടുതലും. ഏറ്റവും കൂടുതല്‍ സ്റ്റാളുകളുള്ളത് ഉത്തര്‍പ്രദേശിനാണ്. മധ്യപ്രദേശില്‍ നിന്നുള്ള റുഖിയ വസ്ത്രം ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ക്രാഫ്റ്റ് വര്‍ക്കുകള്‍ കൂടുതലുള്ള വസ്ത്രമെന്നതാണ് ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
തങ്ങളുടെ നാടിന്റെ സംസ്‌കാരം മറു നാട്ടുകാരെ പ്രത്യേകിച്ച് മലയാളികളെ അറിയിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മേളയിലേക്ക് വന്നതെന്ന് പഞ്ചാബില്‍ നിന്നുള്ള ഹര്‍ഷ് പ്രീത് സിങ് പറഞ്ഞു. പുല്‍ക്കാരി സ്യൂട്ട്, അനാര്‍ക്കലി ഗൗണ്‍, പൂര്‍ണമായും കൈകാണ്ട് നിര്‍മിച്ച ദുപ്പട്ട എന്നിവയാണ് പഞ്ചാബില്‍ നിന്നുള്ള പ്രധാനപ്പെട്ട വസ്ത്രങ്ങള്‍. വസ്ത്ര നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന തുണിയും അതിലെ ക്രാഫ്റ്റ് വര്‍ക്കുകളുമനുസരിച്ചാണ് ഓരോ വസ്ത്രത്തിന്റേയും വില. ഇരുപതിന് മുകളില്‍ സ്റ്റാളുകളാണ് വസ്ത്രത്തിന്റേത് മാത്രമായി മേളയിലുള്ളത്. കേരളത്തില്‍ നിന്നുള്ള കൈത്തറി വസ്ത്രങ്ങളുടെ സ്റ്റാളുകളുമുണ്ട് മേളയില്‍. കൈത്തറി, കോട്ടണ്‍ സാരികള്‍, ഷര്‍ട്ടുകള്‍, ബെഡ്ഷീറ്റ് എന്നിവയും ഇവിടെ ലഭ്യമാണ്. കോഴിക്കോട് സ്വപ്‌നനഗരിയില്‍ വ്യവസായ-വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലബാര്‍ ക്രാഫ്റ്റ് മേള ഒക്ടോബര്‍ 16 വരെ തുടരും.
