നടുവണ്ണൂര്‍: നൂതനവും വേറിട്ടതുമായ വിദ്യാഭ്യാസ പദ്ധതിയുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്. ‘മുന്നേറ്റം 22’ എന്ന പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നല്‍കിയിരിക്കുന്നത്. കുട്ടികള്‍ നാലാം ക്ലാസ് പൂര്‍ത്തിയാവുന്നതോടെ മലയാളം അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍, വാചകങ്ങള്‍ എന്നിവ നിര്cിക്കാനും വാചകത്തിലൂടെ ആശയം എഴുതിയും പറഞ്ഞും പ്രകാശിപ്പിക്കാന്‍ കഴിയുന്ന രീതിയിലേക്ക് പഠന മികവ് ഉയര്‍ത്തുകയുമാണ് ലക്ഷ്യം. ഗണിതത്തിലെ ചതുഷ്ക്രിയകള്‍ സ്വായത്തമാക്കാനും പദ്ധതി സഹായകരമാവും.
കരുവണ്ണൂര്‍ ജി.യു.പി സ്കൂളില്‍ അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഒന്‍പത് എല്‍.പി സ്കൂളുകളിലും സമയബന്ധിതമായി ശിശു സൗഹൃദവും പ്രവര്‍ത്തനാധിഷ്ഠിതവുമായ ഈ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഗുണഫലം രണ്ടാം പാദ പരീക്ഷയില്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
