പാലക്കാട്: കര്‍ഷകരുടെ പ്രശ്‌നങ്ങളെ നേരില്‍ കണ്ടു മനസിലാക്കി പരിഹാരം കാണുന്ന കൃഷിദര്‍ശന്‍ എന്ന പരിപാടിക്ക് കൃഷി വകുപ്പ് ഈ മാസം ജില്ലയില്‍ തുടക്കം കുറിക്കുമെന്നു മന്ത്രി പി.പ്രസാദ്. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന മാതൃഭൂമിയുടെ നൂറാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചുള്ള കാര്‍ഷിക മേളയിലെ ‘മാതൃഭൂമി കാര്‍ഷിക വികസനരേഖ സെമിനാര്‍’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഓരോ ബ്ലോക്കുകളിലും പല ഘട്ടങ്ങളായി നടപ്പിലാക്കുന്ന കൃഷിദര്‍ശന്‍ പരിപാടിയില്‍ കൃഷിവകുപ്പ് മന്ത്രിയോടൊപ്പം കൃഷിവകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥരും ജില്ലാ മേധാവികളും മറ്റു കൃഷി ഉദ്യോഗസ്ഥരും പങ്കെടുക്കും.
കര്‍ഷകരുടെ കൃഷിസ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുക, പ്രാദേശിക അടിസ്ഥാനത്തില്‍
പ്രശ്‌നപരിഹാരങ്ങള്‍ സമയോചിതമായി നടപ്പാക്കുക, പ്രാദേശിക വിളകളെ പ്രോത്സാഹിപ്പിക്കുക, ഉല്‍പാദനം, സംസ്‌കരണം സംഭരണം വിപണനം എന്നിവ പരിപോഷിപ്പിക്കുക തുടങ്ങിയവ ഉള്‍കൊള്ളുന്ന ബൃഹത്തായ
ഒരു പരിപാടിയാണ് കൃഷിദര്‍ശന്‍. സെമിനാറില്‍ കര്‍ഷകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.
നാളികേര ഉല്‍പാദനത്തില്‍ വര്‍ധനവ് കൊണ്ടുവരുന്നതാണ് കേരഗ്രാമം പദ്ധതി. ഉല്‍പാദനം കൂടുന്നതിനനുസരിച്ച് പച്ചത്തേങ്ങയുടെ സംഭരണം കൂട്ടുന്നതിലും സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. കേരഫെഡിന്റെ സംഭരണം പ്രാദേശിക അടിസ്ഥാനത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തും. എഫ്.പി.ഒ , എസ്.എഫ്.എ.സി എന്നിവയുടെ നേതൃത്വത്തിലും നാളികേര സംഭരണം നടത്താനുള്ള നടപടികള്‍ ആരംഭക്കും. സംസ്ഥാനത്ത് 335 കേരഗ്രാമങ്ങള്‍ ഉണ്ടാകും. ഓരോ കേരഗ്രാമവും കുറഞ്ഞത് ഒരു മൂല്യവര്‍ദ്ധിതഉല്‍പന്നമെങ്കിലും ഉണ്ടാക്കും. വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ വഴി ഇതിനു വിപണി കണ്ടെത്തും.
നെല്ല് സംഭരണത്തിന് ക്രിയാത്മകമായ നടപടികള്‍ ഉടന്‍ ഉണ്ടാകും. കൂടുതല്‍ മില്ലുകള്‍ നെല്ല് സംഭരണവുമായി മുന്നോട്ടുപോകാന്‍ തയ്യാറായിട്ടുണ്ട്. കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. കര്‍ഷകര്‍ക്ക് പുതുതായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിയിട്ടുണ്ട്. പഴം-പച്ചക്കറി എന്നിവയ്ക്ക് അടിസ്ഥാന വില പുതുക്കി നിശ്ചയിക്കും.
വിപണികളുടെ എണ്ണം കൂട്ടുന്നതിനോടൊപ്പം തന്നെ കൂടുതല്‍ വിളകളെയും ഉള്‍പ്പെടുത്തും. ഇതിനായി 14.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് കൃഷിഭവന്‍ എന്ന ആശയം ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാകും. സംസ്ഥാനവിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ മാറ്റം ഉണ്ടാകും. സ്മാര്‍ട്ട് ക്രോപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വരും. കാര്‍ഷിക മേഖലയില്‍ ഡ്രോണിന്റെ ഉപയോഗം വ്യാപിപ്പിക്കും.
എയിംസ് പോര്‍ട്ടല്‍ കര്‍ഷക സൗഹൃദമാകും. ചെറു ധാന്യങ്ങളുടെ കൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരും, സ്റ്റാര്‍ട്ടപ്പുകളും പ്രോത്സാഹിപ്പിക്കും.
സുഗന്ധവിളകളില്‍ അമിതമായ കീടനാശിനി പ്രയോഗം കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്, അതിന് ഉടന്‍ പരിഹാരം കാണും. റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കും. റബ്ബര്‍ കൃഷിക്കാവശ്യമായ സബ്‌സിഡികള്‍
സമയബന്ധിതമായി നല്‍കും. കാപ്പി അധിക വില നല്‍കി സംഭരിക്കുന്നുണ്ട്.
ഇത് കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി കാര്‍ഷിക വികസന സെമിനാറില്‍ സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ.സി തമ്പാന്‍, ഫിഷറീസ് ജോയിന്റ് ഡയരക്ടര്‍ എസ്.മഹേഷ്, റബ്ബര്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡി.പ്രസാദ്, സ്‌പൈസസ് ബോര്‍ഡ് ഡെപ്യൂട്ടി ഡയരക്ടര്‍ ജോജി മാത്യു, പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയരക്ടര്‍ ഡോ. രാജി.പി എന്നിവര്‍ ക്ലാസ് എടുത്തു. പാലക്കാട് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ എ.കെ സരസ്വതി, മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലയിലെ
വിവിധ സ്ഥലങ്ങളില്‍ നിന്നായി ആയിരത്തോളം കര്‍ഷകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.