കോഴിക്കോട്: ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റ് ജനറല്‍, ചെന്നൈ ആസ്ഥാനമായുള്ള എന്‍.ജി.ഒ യുണൈറ്റഡ് വേ ഓഫ് ചെന്നൈയും കോഴിക്കോട് ആസ്ഥാനമായുള്ള ജെല്ലിഫിഷ് വാട്ടര്‍സ്പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ച് കോഴിക്കോട്ടെ തീരപ്രദേശങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത 25 പെണ്‍കുട്ടികള്‍ക്കായി Riding the Waves’ എന്ന പേരില്‍ ഒരു ത്രിദിന നീന്തല്‍, ജീവിത നൈപുണ്യ, സമുദ്ര സംരക്ഷണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് നടത്തുന്ന ”സ്പോര്‍ട്സ് ഓണ്‍വോയ്” (Sports Envoy) എന്ന പരിപാടിയിലെ അംഗങ്ങളായ അമേരിക്കന്‍ നീന്തല്‍ പരിശീലകര്‍ ജൂലിയ ഹാബോവ്, നോറ ഡെലെസ്‌കി എന്നിവര്‍ കുട്ടികള്‍ക്ക് തുറന്ന കടലില്‍ നീന്താനുള്ള പരിശീലനം നല്‍കുകയും തീരദേശ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ക്കുള്ള അഭിനിവേശം പങ്കുവയ്ക്കുകയും ചെയ്തു.
കാഴ്ചക്കുറവുള്ളവരെ നീന്തല്‍ പഠിപ്പിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ലോകത്തിലെ ചുരുക്കം ചില പരിശീലകരില്‍ ഒരാളാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നെത്തിയ ജൂലിയ ഹാബോവ്. മുഖ്യധാരാ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന വൈകല്യമുള്ള കായികതാരങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്നയാളാണ് ജൂലിയ. അരിസോണ സ്വദേശിയായ നോറ ഡെലെസ്‌കി അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (ASU) നീന്തല്‍, ഡൈവിങ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു. കായികരംഗത്തിലൂടെ വനിതകളുടെ നേതൃത്വ പാടവം വളര്‍ത്താനായി പ്രവര്‍ത്തിക്കുന്ന നോറ 2016, 2021 യു.എസ്. ഒളിമ്പിക് ട്രയല്‍സില്‍ മത്സരിച്ചിട്ടുണ്ട്.
ഈ ”സ്പോര്‍ട്സ് ഓണ്‍വോയ് പ്രോഗ്രാം” നീന്തല്‍, സര്‍ഫിംഗ് തുടങ്ങിയ ജല കായിക വിനോദങ്ങള്‍ വഴി പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും സുരക്ഷിതമായി നീന്തല്‍ ആസ്വദിക്കുന്നതിനും സമുദ്ര പരിസ്ഥിതിയുടെ ദുര്‍ബല സ്ഥിതിയെക്കുറിച്ചുള്ള ധാരണ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടിനടത്തിയത്.
”കഴിവുള്ള പെണ്‍കുട്ടികളുമായി പ്രവര്‍ത്തിക്കാനും കമ്മ്യൂണിറ്റി ചാമ്പ്യന്മാരാകാന്‍ അവരെ സഹായിക്കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.” യു.എസ് കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കോറി ബിക്കല്‍ പറഞ്ഞു.
ഈ പെണ്‍കുട്ടികള്‍ക്കായുള്ള ഈ സംരംഭത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. വര്‍ഷങ്ങളായി ഞങ്ങള്‍ കുട്ടികളോടൊപ്പം പ്രവര്‍ത്തിക്കുന്നുവെങ്കിലും, നീന്തല്‍ പോലുള്ള ഒരു ജീവിത നൈപുണ്യത്തിലൂടെ യുവതികളെ ശാക്തീകരിക്കുന്നത് ഒരു പുതിയ ആശയമാണ്. ഇത് പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനവും അവരുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടാക്കുന്ന മാറ്റങ്ങളും അതുല്യമായിരിക്കും,” യുണൈറ്റഡ് വേ ഓഫ് ചെന്നൈ എക്സിക്യൂട്ടീവ് ഡയരക്ടര്‍ മീനാക്ഷി രമേഷ് വ്യക്തമാക്കി.
ഗോതീശ്വരം കടപ്പുറത്ത് നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥികളായി പങ്കെടുത്ത ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ കെ. അശ്വിനി പ്രതാപും ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി കമാണ്ടന്റ് എ. സുജിതും സര്‍ട്ടിഫികറ്റുകള്‍ വിതരണം ചെയ്തു. ജെല്ലിഫിഷ് വാട്ടര്‍സ്പോര്‍ട്‌സ് ക്ലബിലെ റിന്‍സി ഇഖ്ബാല്‍, അഡ്വ. ശ്രീജിത്ത് കുമാര്‍, യു.എസ് കോണ്‍സുലേറ്റിലെ പബ്ലിക് എന്‍ഗേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ഗോകുലകൃഷ്ണന്‍, യുണൈറ്റഡ് വേ ഓഫ് ചെന്നൈ സീനിയര്‍ പ്രോഗ്രാം മാനേജര്‍ ജഗന്നാഥന്‍ ആര്‍. എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.