കോഴിക്കോട്: എയര്‍പോര്‍ട്ട് വികസനം, വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി, റെയില്‍വേസ്റ്റേഷന്‍ വികസനം, ഹില്‍ ഹൈവേ എന്നിവ നടപ്പാക്കുമ്പോള്‍ കോഴിക്കോടിനും മലബാറിനും നല്ല വികസനം കൈവകരിക്കാനാവുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് ഐ.എ.എസ് പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം രാജ്യവികസനത്തിന്റെ നാഴിക കല്ലായി മാറുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ സംരഭകത്വം വളര്‍ത്തിയെടുക്കണം. വികസന പ്രക്രിയയില്‍ അടിസ്ഥാന സൗകര്യ വികസനം അത്യന്താപേക്ഷിതമാണ്. ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വികസനത്തില്‍ മത്സരം നടക്കുന്നുണ്ട്. കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ ശേഷി, തൊഴില്‍ നൈപുണ്യം എന്നിവ കൈമുതലായ തലമുറയും അനുഭവ സമ്പത്തുള്ള പ്രവാസി സമൂഹവുമുണ്ട്. ഇതെല്ലാം കൂട്ടിയൊരുമിപ്പിച്ച് മുന്നേറണം. റോഡ് കണക്ടിവിറ്റി, ട്രെയിന്‍, ഫ്‌ളൈറ്റ് ലോജിസ്റ്റിക്‌സിന്റെ ഈസി മൂവ്‌മെന്റ്, ഇന്റര്‍മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് കണക്ടിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തണം. ഫയലുകള്‍ ഇലക്ട്രോണിക്‌സിലേക്ക് മാറുമ്പോള്‍ പദ്ധതികളുടെ കാലതാമസം ഉണ്ടാകില്ല.
സര്‍ക്കാരിന്റെ സേവനങ്ങള്‍ ഈപോര്‍ട്ടലില്‍ ലഭ്യമാണ്. ഡിജിറ്റല്‍ ബാങ്കിങ്ങിലും നാം വളരെ മുന്നിലാണ്. ഡിജിറ്റലി ഗവേണിങ് സ്‌റ്റേറ്റായി കേരളം മാറും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ 6000 കോടി ടെക്‌സ്‌റ്റൈല്‍സ്, 3000 കോടി ഫാബ്രിക്‌സ് , 3000 കോടി സ്‌പൈസസ്, 700 കോടി ചായ ഇറക്കുമതിയാണ് ചെയ്യുന്നത്. ഈ രംഗത്ത് സ്വയംപര്യാപ്തത നേടണം.
ചെറുകിട സംരംഭങ്ങള്‍ വര്‍ധിക്കുന്നതിലൂടെ തൊഴിലില്ലായ്മക്ക് പരിഹാരമുണ്ടാക്കുകയും അതുവഴി
സ്വാശ്രയത്വം നേടാന്‍ സാധിക്കണം. വര്‍ക്ക്ഫ്രം ഹോം വന്നതോടുകൂടി നമ്മുടെ നാട്ടിലിരുന്ന് തന്നെ വിദേശജോലി ചെയ്യാന്‍ സാധിക്കുന്നുണ്ട്. എമര്‍ജിങ് ടെക്‌നോളജി കൊണ്ടുവരാന്‍ സാധിച്ചാല്‍ വലിയ അവസരങ്ങള്‍ ഉണ്ടാകും. ടൂറിസം വലിയ വ്യവസായമാണ്. വെസ്റ്റ്‌കോസ്റ്റ് കനാല്‍ വന്നാല്‍ ഗതാഗത ചിലവുകള്‍ ഗണ്യമായി കുറയും. സംസ്ഥാനത്ത് ഹൈവേ വികസനം കാര്യമായി നടക്കുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായി നടക്കണം. ലിക്വിഡ്, സോളിഡായ മാലിന്യം കൂടുകയാണ്. രാജ്യത്തെ ശുചിത്വ നഗരങ്ങളില്‍ ആദ്യ റാങ്കിങ്ങില്‍ കേരളമില്ല. ഇതിന് ജനങ്ങളുടെ മനോഭാവം മാറണം. മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ വരുമ്പോള്‍ ജനങ്ങള്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്.
സ്വീവേജ് പ്ലാന്റുകള്‍ വളരെ അഡ്വാന്‍സ്ഡാണ്. കക്കൂസ് മാലിന്യമടക്കം നമ്മുടെ ജലാശയങ്ങളിലും കിണറുകളിലും കലരുന്നുണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിയണം. ആധുനിക പ്ലാന്റുകളില്‍ ഇതെല്ലാം ശുദ്ധീകരിക്കുമ്പോള്‍ മാലിന്യം ഇല്ലാതാക്കപ്പെടുകയാണ്. ഇത്തരം പ്രോജക്ടുകള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കില്ല. അത്രക്കും ഹൈടെക്കായാണ് അവ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ എതിര്‍പ്പ് കാരണം അനുവദിക്കപ്പെടുന്ന പണം ലാപ്‌സാവുകയാണ്. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സ്ഥലത്ത് മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ അനിവാര്യമാണ്.
വര്‍ഷത്തില്‍ ഒരുലക്ഷം മൈക്രോ ഇന്‍ഡസ്ട്രീസുകള്‍ ആരംഭിക്കാന്‍ സാധിക്കണം. ഇത്തരം ചെറുകിട സംരംഭങ്ങളാണ് പിന്നീട് വലിയ പ്രോജക്ടുകളായി മാറുന്നത്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സാധിച്ചാല്‍ അതും വലിയ അവസരമാണ്. സംസ്ഥാനത്തെ മറ്റൊരു പ്രശ്‌നം നഗരങ്ങളിലെ വെള്ളകെട്ടാണ്. തിരുവനന്തപുരത്ത് ഇത് പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. കോഴിക്കോട്ടും ഡ്രെയിനേജ് സിസ്റ്റം കാര്യക്ഷമമാക്കണം. മാലിന്യങ്ങള്‍ കനാലില്‍ തള്ളുന്നത് കനാലിന്റെ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തും.
നിലവില്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലായാല്‍ കോഴിക്കോട് നല്ല സുന്ദര നഗരമായി മാറും. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നാം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മുന്നേറണം. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി ഗുജറാത്തിനും കേരളത്തിനും രണ്ട് മില്ല്യണ്‍ പ്രോജക്ടാണ് അനുവദിച്ചത്. നമ്മള്‍ സമരം ചെയ്ത് 10 വര്‍ഷം കളഞ്ഞു. ഗുജറാത്ത് 12 മില്ല്യണിലേക്ക് വളര്‍ന്നു. എല്‍.പി.ജിയുടെ വില കുറയും. ജനങ്ങള്‍ക്ക് ലഭിക്കേണ്ടതാണ് നഷ്ടപ്പെട്ടത്. നല്ല പ്രോജക്ടുകളെ ചിലര്‍ എതിര്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കും. എന്തും തടസ്സപ്പെടുത്തുന്ന മനോഭാവം മാറണം. വ്യക്തിഗത പ്രോജക്ടുകള്‍ പോലും തടസ്സപ്പെടുത്തുന്നു. മുന്‍പ് ഒരു ഫയല്‍ നീങ്ങണമെങ്കില്‍ മൂന്ന് ദിവസം വേണമെങ്കില്‍ ഇന്ന് ഒരു സെക്കന്റ് കൊണ്ട് നീങ്ങുന്ന അവസ്ഥയുണ്ട്. സര്‍ക്കാരിന്റെ പണം സ്വന്തം പണമാണെന്ന ബോധം ഉണ്ടാവണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേംബര്‍ നല്‍കിയ നിവേദനത്തിലുന്നയിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുമെന്നദ്ദേഹം ഉറപ്പുനല്‍കി.