ചാലക്കര പുരുഷു
തലശ്ശേരി: ഒരു മരം മുറിക്കുന്നത് കാണുമ്പോള്‍, മുറ്റത്തെ ചെടിയില്‍ ഒരു കുഞ്ഞു കിളി കുടുവയ്ക്കുമ്പോള് ഒരു ജീവി വാഹനമിടിച്ച് പിടയുന്നത് കാണുമ്പോള്‍, തൊടിയില്‍ ഒരു ചിത്രശലഭം പാറിപ്പറക്കുന്നത് കാണുമ്പോള്‍ ഈ പ്രകൃതി സ്നേഹിയുടെ ഉള്ളില്‍ ഒരു ചെറു തിര ഇളകിയാടും. മയ്യഴിയിലെ ഉദ്യാന നടുവിലെ ആശ്രമ സമാനമായ വീട്ടില്‍ ഭാര്യ ജാനകിക്കൊപ്പം താമസിക്കുന്ന അസീസ് മാഹിക്ക്, ഹൃദയത്തില്‍ ഒരു തുടിതാളമുയര്ന്നാല് മതി, തന്നെ മാടി വിളിക്കുന്ന കാട്ടിലേക്ക് പുറപ്പെടാന്‍. നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഊളിയിട്ട്, കണ്ണഞ്ചിപ്പിക്കുന്ന നവ മാധ്യമ വൃന്ദങ്ങളുടെ കണ്ണ് വെട്ടിച്ച് കാട്ടിലേക്കുള്ള യാത്ര തുടങ്ങാന്‍…
കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ നീണ്ട ഫോട്ടോഗ്രഫി ജീവിതത്തില്‍ എത്ര തവണ ഏതൊക്കെ വനങ്ങളില്‍ എത്ര നാളുകള്‍ കഴിഞ്ഞുവെന്ന് ഈ മനുഷ്യന് തിട്ടമില്ല. കുളിരിന്റെ നേര്‍ത്ത അലകള്‍, ശരീരത്തെ മാത്രമല്ല, ആത്മാവിനെപ്പോലും തണുപ്പിക്കുകയായി. പിന്നെ ക്യാമറയില്‍ അത്യപൂര്‍വ വന്യ നിമിഷങ്ങള്‍ നിറഞ്ഞ് തുടങ്ങും. തടാകങ്ങളും, മലനിരകളും, പക്ഷികളും പൂമരങ്ങളും, ആനക്കൂട്ടങ്ങളും, കടുവകളും കൂട്ടിന് മഞ്ഞും മഴയും കൂടിയെത്തുന്നതോടെ ദിവസങ്ങളും മാസങ്ങളും കടന്നു പോകുന്നതറിയില്ല.
തപസ്സിലെ അച്ചടക്കവും കലയിലെ കൈയടക്കവും കാത്തുസൂക്ഷിക്കുന്ന, കണ്ണും കാതും മൂക്കും മനസ്സും, ഒരുപക്ഷെ ശരീരം പൂര്‍ണമായും കാടിനും ഫോട്ടോഗ്രഫിക്കുമായി സമര്‍പ്പിക്കുന്ന ഒരാള്‍ക്കേ മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ ആകാനാവൂ, അതിനുള്ള ശ്രമത്തിലാണ് ഇപ്പോഴും താനെന്ന് നാലുപതിറ്റാണ്ട് കാലമായി വന്യജീവി ഫോട്ടോഗ്രഫിയെ നെഞ്ചേറ്റുന്ന അസീസ് മാഹി പറയുന്നു.
ഫോട്ടോഗ്രാഫറുടെ ഒരു മുന്നൊരുക്കത്തിനും വഴങ്ങാത്ത കാട് ആക്സ്മികമായിതുറന്നുതരുന്ന മുഹൂര്‍ത്തങ്ങള്‍ തികഞ്ഞ ഗതിവേഗത്തോടെ, കാടിന്റെ ഗരിമ നഷ്ടപ്പെടാതെ പകര്‍ത്താന്‍ ഈ സാഹസിക ഫോട്ടോഗ്രാഫര്‍ക്ക് കഴിയുന്നു. ഇന്ത്യയിലെ 53 കടവാസങ്കേതങ്ങളില് ഏറിയപങ്കും, ജൈവവൈവിധ്യത്തിന്റെ കലവറയായ ആഫ്രിക്കന്‍ സാവന്നകളും, അപൂര്‍വ ഉരഗങ്ങളുടെ ആവാസമായ അറേബ്യന്‍ മണലാരണ്യവും താണ്ടിയ ഈ ഫോട്ടോഗ്രാഫര്‍, കടുവയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് ഏറ്റവും ആഹ്ലാദകരമായ അനുഭവം എന്നു സാക്ഷ്യപ്പെടുത്തുന്നു. ഒരു കടുവ കാടിറങ്ങിവരുന്നത് കാണുമ്പോള്‍, തലച്ചോറിലെ കോശങ്ങള്‍ നൃത്തം ചെയ്തുതുടങ്ങും.
ആഫ്രിക്കയിലെ മസായ് മാര സാവന്നകളുടെ ചരിത്രത്തില്‍ ആദ്യമായി രൂപംകൊണ്ട അഞ്ച് ആണ് ചീറ്റകളുടെ അപൂര്‍വ കൂട്ടായ്മയായ പ്രതാപികളായ ഐവര്‍ സംഘം ( Tano Bora ) ഒരുമിച്ച് വേട്ടയാടുന്ന അപൂര്‍വ ദൃശ്യം പകര്‍ത്താനായതും റാസ് അല്‍ഖോറിലെ മണല്പരപ്പിലെ ചെറുവെള്ള ക്കെട്ടില്‍ ദേശാടകരായ നൂറുകണക്കിന് വലിയ അരയന്ന കൊക്കുകള്‍ പറന്നിറങ്ങി മണലാരണ്യത്തിലെ നീര്‍ത്തടം പൂപ്പാടം പോല്‍ ചേലണിയിക്കുന്നതും വനായാത്രകളിലെ മറക്കാനാവാത്ത അനുഭവസാക്ഷ്യങ്ങളില്‍ ചിലതാണ്.
പക്ഷെ, ഈ ഫോട്ടോഗ്രാഫര്‍ക്ക് പ്രിയപ്പെട്ട ചിത്രം കാടിന്റെ ‘സല്ലയനതാളം(Symphony) പ്രകടമാക്കുന്ന ഒരു കൊമ്പനും ചുറ്റും നില്ക്കുന്ന ഇരുപതിയഞ്ചോളം പുള്ളിമാന്‍ കൂട്ടവും പ്രഭാതത്തിലെ നേര്‍ത്ത മഞ്ഞിന്റെ തിരശീല മാറ്റി, തങ്ങളെ ചിത്രപെടുത്തുന്ന ഫോട്ടോഗ്രാഫറെ, ഇമചിമ്മാതെ സാകൂതം നോക്കിനില്ക്കുന്ന ദൃശ്യമാണ്. ‘കാടകം’എന്ന ആവാസത്തിന്റെ ശാന്തിയും ഐക്യവും സഹവര്‍ത്തിത്വവും നിറയുന്ന ഈ ചിത്രം യാത്ര മാസികയുടെ മുഖചിത്രമായപ്പോള്‍ മികച്ച കവര്‍ ചിത്രത്തിനുള്ള ഇന്ത്യന്‍ പരസ്യരംഗത്തെ ഓസ്കര് എന്നു വിശേഷിപ്പിക്കപ്പെടുന്ന ആബിസ് പുരസ്കാരവും ലഭിക്കുകയുണ്ടായി. അടുത്ത മാസം പുറത്തിറങ്ങുന്ന ‘കാടിന്റെ നിറങ്ങള്‍’ എന്ന തന്റെ പുസ്തത്തിന് എം. മുകുന്ദന് എഴുതിയ അവതാരികയിലെ ചിലനിരീക്ഷണങ്ങള്‍ തന്റെ തന്നെ വീക്ഷണമാണെന്ന് അസീസ് മാഹി കരുതുന്നു.
മനുഷ്യര്‍ താമസിക്കുന്ന നഗരങ്ങളെക്കാള്‍ എത്രയോ ശാന്തി നിര്ഭരമാണ് വനങ്ങള്‍. മനുഷ്യര്‍ ഭരണഘടന ഉണ്ടാക്കിയത് അത് ലംഘിക്കാന്‍ വേണ്ടിയാണ്. കാടിന്റെ നിയമങ്ങള്‍ മൃഗങ്ങളും പക്ഷികളും ഒരിക്കലും ലംഘിക്കാറില്ല. ഒരു മൃഗവും മറ്റൊരു മൃഗത്തെ അനാവശ്യമായി കൊല്ലാറില്ല, വിശപ്പടങ്ങിയ ഒരു സിംഹത്തിന്റെ അടുക്കല്‍ ഒരു മാന്‍പേടയ്ക്കു നിര്‍ഭയം ചെന്നുനില്ക്കാം’.അതുകൊണ്ടുതന്നെ കാട് തനിക്കു മാതാവിന്റെ മാര്ത്തടമായും മടിത്തടമായും, തൊട്ടിലായും, കട്ടിലായും, കൊട്ടിലായും, മനുഷ്യന്റെ ആദിമഗൃഹമായും എത്ര പകര്‍ത്തിയാലും മതിവരാതെ, തന്നിലെ ഫോട്ടോഗ്രാഫറെ ആകര്‍ഷിക്കുന്ന കാന്തക്കല്ലാണെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.
” നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമ്പലവയല്‍ സ്കൂളില്‍ ജോലി ചെയ്യുന്ന കാലത്ത്, കന്നടക്കാരനായ ഒരു ഗൈഡിനോടൊപ്പം ഞങ്ങള്‍ മൂന്ന് പേര് മുത്തങ്ങ കാട്ടിലേക്ക് ജീപ്പില്‍ പോയിരുന്നു. ഗൈഡിനെ അനുസരിക്കാതെ, ആവേശത്തിന് പുറത്ത് ഞങ്ങള്‍ സഞ്ചരിച്ച ജീപ്പ് അരുവി മുറിച്ച് കടക്കുമ്പോള്‍, വെള്ളക്കെട്ടില്‍ അമര്‍ന്നു പോയി. കാട് ഇരുളാന്‍ തുടങ്ങി. ഞങ്ങളില്‍ രണ്ടു പേര് ഇറങ്ങി റേഞ്ച് ഓഫീസ് ലക്ഷ്യമാക്കി നടന്നു. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ തൊട്ട് മുന്നിലുള്ള മുളങ്കാട് ഇളകുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആനക്കൂട്ടം അല്‍പ്പനേരം ഞങ്ങളെ നോക്കി നിന്നു. എന്നാല്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ അവ അരുവിയിലിറങ്ങി വെള്ളം കുടിച്ച് കാട്ടിലേക്ക് തിരികെ പോയപ്പോഴാണ് ശ്വാസം നേരെ വീണത്.
ആബിസ് പുരസ്കാരം നേടിയ ചിത്രം ‘കാടകം’
വന്യജീവികള്‍ പരസ്പരം കാണിക്കുന്ന സ്നേഹവായ്പ് കണ്ട് അമ്പരന്ന് പോയ അവസരങ്ങളുമുണ്ടായിട്ടുണ്ട്. ബന്ദിപ്പൂര്‍ കാട്ടിലൂടെ സഞ്ചരിക്കവെ, മദപ്പാടെന്ന പോലെ, ഒരു പെണ്ണാന പൊടിപടലങ്ങള്‍ പരത്തി ചെറുമരങ്ങള്‍ പിഴുതെറിഞ്ഞ്, മുന്നോട്ടേക്കോടുകയും, തിരിച്ച് വന്ന് ഒരേ സ്ഥലത്ത് തന്നെ നില്‍ക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു. തള്ള ആനയുടെ കാലുകള്‍ക്കിടയില്‍ മരിച്ചു കിടക്കുന്ന ഒരു ആനക്കുട്ടിയുണ്ടായിരുന്നു. വീണ്ടും ആന ഭ്രാന്തിളകിയ മട്ടില്‍ മുന്നോട്ടേക്കോടുകയും ‘ കുറ്റിക്കാട്ടിനടുത്തെത്തി പരാക്രമങ്ങള്‍ കാട്ടി തിരിച്ചു വരികയും ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. തിരിച്ച് വന്ന് മരിച്ച കുഞ്ഞിന്റെയടുത്ത് വീണ്ടും വീണ്ടും നില്‍ക്കുകയും ചെയ്തപ്പോള്‍, കുറ്റിക്കാടുള്ള ഭാഗത്തേക്ക് ക്യാമറക്കണ്ണുകള്‍ ഓടിച്ചപ്പോഴാണ് ഒളിച്ചിരിക്കുന്ന ഒരു കടുവയെ കാണാനിടയായത്. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ മരിച്ചു കിടക്കുന്ന കുട്ടിക്കടുത്ത് മറ്റ് ആനകള്‍ കൂട്ടം കൂടി നില്‍പ്പുണ്ടായിരുന്നു. അപ്പോഴേക്കും കടുവ സ്ഥലം വിട്ടിരുന്നു.
മഞ്ഞലകള്‍ മേയുന്ന ഹിമാലയത്തിന്റെ പാര്‍ശ്വത്തിലൂടെ, മഞ്ഞില്‍ വളരുന്ന കാടുകള്‍ക്കും, വിശാലമായ പുല്ത്തകിടുകള്ക്കുമിടയിലൂടെ ഒഴുകുന്ന ഗംഗാനദിയുടെ കൈവഴിയായ രംഗയുടെ തീരത്തിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവം തന്നെയാണ്. വനത്തിലെ ആറോളം മേഖലകളില്‍ വെള്ളാരം കല്ലുകള്‍ പുഴയോരങ്ങളിലുടനീളം കാണാം. വലിയ പുല്മേടുകളിലൂടെ ആനകള്‍ കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തുന്ന കാഴ്ച അവര്‍ണ്ണനീയമാണ്”.
ഫോട്ടോഗ്രാഫി മത്സരങ്ങളിലൊന്നും പങ്കെടുക്കാത്ത അസീസ് മാഹിയെ ശ്രീബുദ്ധ യാത്രാ സാംസ്ക്കാരിക സമിതി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ – 2020 അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്.ഒരു സെക്കന്റില്‍ ഒരു ചലനം പോലും പാഴായിപ്പോകാതെ, പതിനാറ് ഫ്രെയിമുകളെങ്കിലുമെടുക്കും. ഒരു കാട്കയറ്റത്തില് മാത്രം മൂവായിരത്തോളം പടമെടുക്കും.ഇതില്‍ സെലക്ട് ചെയ്ത മുപ്പതെണ്ണം മാത്രമേ സൂക്ഷിക്കാറുള്ളൂ. ഇത്തരത്തില്‍ സൂക്ഷിക്കപ്പെട്ട പതിനായിരത്തിലേറെ പടങ്ങള്‍ അസീസ് മാഹിയുടെ ശേഖരത്തിലുണ്ട്. പൂക്കളേയും പറവകളേയും ഏറെ സ്നേഹിക്കുന്ന ജാനകിയാണ് സഹധര്‍മ്മിണി.വില്ല്യാപ്പള്ളി എം.ജെ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ഷെറിന് മകളും, ദുബായിലുള്ള ഡോ: ഷബീന്‍ മകനുമാണ്.